തരികിട പരിപാടി നടത്തുന്നത് ഇന്ത്യക്കാർ
![]() |
| Courtesy |
കാഴ്ചക്കാരെ കിട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും ഉപയോഗിക്കുന്നവർക്ക് പണി കൊടുക്കാനൊരുങ്ങുകയാണ് യൂട്യൂബ്. അങ്ങേയറ്റം മോശമായ ക്ലിക്ക് ബെയ്റ്റ് ശീർഷകങ്ങളും തമ്പ് നെയിലും ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് നീക്കം.വീഡിയോകളുടെ വ്യൂസ് കൂട്ടുന്നതിനായി പല ക്രിയേറ്റര്‍മാരും ഉള്ളടക്കവുമായി ബന്ധമില്ലാത്ത തലക്കെട്ടും തംബ്നൈലും ഉള്‍പ്പെടുത്താറുണ്ട്. ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്ഫോമില്‍ അടിമുടി മാറ്റം വരുത്തി യൂട്യൂബ് വീഡിയോകളുടെ സുതാര്യത ഉറപ്പുവരുത്താനാണ് ഗൂഗിള്‍ ലക്ഷ്യം വയ്ക്കുന്നത്. യൂട്യൂബ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഗൂഗിള്‍ സ്വീകരിക്കാന്‍ പോകുന്നത്.
വീഡിയോയിൽ ഉൾപ്പെടുത്താത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും ശീർഷകത്തിലും തമ്പ് നെയിലിലും കാണിക്കാൻ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാർത്തകളുമായും സമകാലീന വിഷയങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളിൽ.
കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ശീർഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്ന രീതി ചില കണ്ടന്റ് ക്രിയേറ്റർമാർ പ്രയോഗിക്കാറുണ്ട്. ക്ലിക്ക് ബെയ്റ്റുകൾ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ അങ്ങേയറ്റം മോശമായ ക്ലിക്ക് ബെയ്റ്റുകൾ കാഴ്ചക്കാരെ കബളിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് യൂട്യൂബ് പറയുന്നു. ചില പ്രധാനപ്പെട്ട വിവരങ്ങൾ യൂട്യൂബിൽ തിരയുമ്പോഴാവും അതുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകൾ പ്രത്യക്ഷപ്പെടുക.
യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ കാണാനാഗ്രഹിക്കുന്നവര്‍ക്ക് അതേ ഉള്ളടക്കം തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് യൂട്യൂബ് പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന തംബ്നൈല്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശന നടപടിയെടുക്കും. ഇത്തരത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്നാണ് യൂട്യൂബിന്റെ മുന്നറിയിപ്പ്. ആദ്യ ഘട്ടമെന്ന നിലയില്‍ മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നാണ് ചാനലിനെതിരെ സ്ട്രൈക്ക് ഉണ്ടാകുക. പുതിയ മാറ്റവുമായി പൊരുത്തപ്പെടാനുള്ള സമയം ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് അനുവദിച്ചിട്ടുണ്ട്.
തത്സമയ വാർത്തകൾ സമകാലീന വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ യൂട്യൂബ് പരിശോധിക്കും.അതായത് ഏതെങ്കിലും പ്രാദേശിക സംഘടനയുടെ പ്രസിഡന്റ് രാജി വെച്ചാൽ 'പ്രസിഡന്റ് രാജിവെച്ചു' എന്ന് വലിയ തലക്കെട്ടിലും തമ്പ് നെയിലിലും നൽകിയാൽ പ്രസിഡന്റ് ഭരിക്കുന്ന നാടുകളിലെ ആളുകൾ ഒന്ന് ഞെട്ടും. അത് പക്ഷെ ഒരു തരം തെറ്റിദ്ധരിപ്പിക്കലാണ്, സമാനമായ വാചകങ്ങൾ തമ്പ്നെയിലിലും ശീർഷകത്തിലും ഉപയോഗിക്കുന്നത് വിലക്കും. തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും ഉള്ള ഉള്ളടക്കങ്ങളുടെ പ്രചാരം യൂട്യൂബ് നിയന്ത്രിക്കും. സമയ ബന്ധിതമായി വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയാൽ ചാനലിനെതിരെ നടപടിയുണ്ടാവില്ല.
ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോക്താക്കള്‍ ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. പലപ്പോഴും മോശം വീഡിയോകളും തെറ്റിധാരണ പരത്തുന്ന ഉള്ളടക്കവും യൂട്യൂബിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ആളെക്കൂട്ടാനുള്ള എളുപ്പത്തിന് ഇഷ്ടമുള്ളതെല്ലാം തലക്കെട്ടിലും തംബ്നൈലിലും എഴുതിയിടാന്‍ ഇനി പറ്റില്ലെന്ന നിലപാട് യൂട്യൂബ് സ്വീകരിച്ചത്. എന്നാല്‍ നിലവില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അപ്പീല്‍ നല്കുന്നതിനുമൊക്കെയായി എന്ത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നതില്‍ ഗൂഗിള്‍ വ്യക്തമായി വിശദീകരണം നല്‍കിയിട്ടില്ല.
