ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് ബൈഡൻ മാപ്പ് നൽകിയത് ശ്രദ്ധേമായി. കൊവിഡ് റെസ്പോൺസ് ടീമിന്റെ തലവൻ ആന്റണി ഫൗച്ചി, റിട്ട.ജനറൽ മാർക്ക് മില്ലി, ക്യാപിറ്റോൾ കലാപം അന്വേഷിച്ച സംഘാംഗങ്ങൾ എന്നിവർക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സർക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം. ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപാണ് നിർണായക നീക്കം നടത്തിയത്.ഏതെങ്കിലും കുറ്റം ചുമത്തപ്പെടുകയോ, കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിനു മുന്‍പായി ഒരാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണ് ബൈഡന് വിനിയോഗിച്ചത്.
രാഷ്ട്രീയമായി തന്നെ മറികടന്നവരും, 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിലും, ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിലും തന്നെ ഉത്തരവാദിയാക്കാന്‍ ശ്രമിച്ചവരുമൊക്കെ ശത്രുക്കളുടെ ഗണത്തിലാണെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബൈഡന്റെ തിരക്കിട്ട നടപടി. പരാജയം നേരിട്ട തെരഞ്ഞെടുപ്പിനെക്കുറിച്ച് പടച്ചുവിട്ട വ്യാജപ്രചരണങ്ങള്‍ ഏറ്റുപിടിച്ചവര്‍ക്ക് ട്രംപ് കാബിനറ്റ് പദവി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, കേസുകളില്‍ തനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തടയിടുന്ന വിധമാണ് ബൈഡന്റെ നീക്കം. ഇതൊരു അസാധാരണ സാഹചര്യമാണ്. അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ അന്വേഷണങ്ങള്‍ വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിലും, സുരക്ഷയിലും, സാമ്പത്തിക സുരക്ഷയിലും നാശം വിതയ്ക്കും. ഏതെങ്കിലും വ്യക്തി തെറ്റായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിക്കുകയോ, ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമായോ ഈ മാപ്പ് നല്‍കലിനെ കണക്കാക്കരുത്. ഇവര്‍ കാണിച്ച അശ്രാന്തമായ പ്രതിബദ്ധതയ്ക്ക് രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു -ബൈഡന് വ്യക്തമാക്കി.
40 വർഷത്തോളം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലെര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറായിരുന്നു ഫൗച്ചി. 2022ൽ വിരമിക്കുന്നതുവരെ ബൈഡന്റെ ചീഫ് മെഡിക്കൽ അഡ്വൈസറുമായിരുന്നു. കോവിഡ് പകർച്ചവ്യാധിക്കെതിരായ രാജ്യത്തിൻ്റെ പ്രതിരോധം ഏകോപിപ്പിക്കാൻ നേതൃത്വം നല്‍കിയത് ഫൗച്ചിയായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ട്രംപിന്റെ കോവിഡ് സംബന്ധിച്ച അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെയും, ആരോപങ്ങളെയുമൊക്കെ അംഗീകരിക്കാന്‍ ഫൗച്ചി വിസമ്മതിച്ചിരുന്നു. പതിനായിരക്കണക്കിനാളുകള്‍ മരിക്കുമ്പോൾ പോലും, മാസ്ക് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം അവകാശങ്ങളുടെ ലംഘനമാണെന്ന് കരുതിയവരില്‍നിന്ന് കടുത്ത കുറ്റപ്പെടുത്തലും ആക്ഷേപങ്ങളുമൊക്കെ ഫൗച്ചി കേട്ടിരുന്നു.
മുന്‍ സൈനിക തലവനായ ജന. മാര്‍ക്ക് മില്ലി ട്രംപ് വിമര്‍ശകനായിരുന്നു. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടുള്ള ജനറല്‍ മില്ലി, 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ കലാപത്തില്‍ മുന്‍ പ്രസിഡന്റിന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് ഹൗസ് കമ്മിറ്റിക്കു മുന്‍പാകെ മൊഴി നല്കിയ റിപ്പബ്ലിക്കൻ മുൻ ജനപ്രതിനിധികളായ ലിസ് ചെനി, ആദം കിൻസിംഗർ, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് ഓഫീസർമാർ ഉള്‍പ്പെടെയുള്ളവരും ബൈഡന് മുന്‍കൂര്‍ മാപ്പ് നല്കിയവരില് ഉള്‍പ്പെടുന്നു.
