ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ആളുകളെത്തുന്ന പ്രയാഗ്രാജിലെ കുംഭമേളയിലാണ് മൊണാലിസ ഭോസ്ലെ സാധാരണയെന്നപോലെ മാലവില്ക്കാനെത്തിയത്. രണ്ടു ഭാണ്ഡങ്ങള്‍ നിറയെ രുദ്രാക്ഷവും മാലകളും മുത്തുകളുമായി ആള്‍ക്കൂട്ടത്തിനിടയില്‍ റോന്തുചുറ്റി അവള് മാല വിറ്റു. 16-കാരിയായ അവളുടെ വ്യക്തിത്വവും തിളങ്ങുന്ന കണ്ണുകളും വളരെയേറെ ആളുകളെ ആകര്‍ഷിച്ചിരുന്നു. ആരൊക്കെയോ അവളുടെ സൗന്ദര്യം പകര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു, വൈറലായതോടെ മൊണാലിസയെ പൊതിഞ്ഞ് ആള്‍ക്കൂട്ടമായി. ചെല്ലുനിന്നിടത്തെല്ലാം ക്യാമറയുമായി ആളുകള്‍ പുറകെ. അവിടെയൊരു സെലിബ്രിറ്റി പിറക്കുകയായിരുന്നു. വിദേശികളും സ്വദേശികളും വേര്‍തിരിവില്ലാതെ അവരെ പിന്തുടര്ന്നു.
മൊണാലിസയുടെ ആകര്‍ഷകമായ ആംബര്‍ കണ്ണുകളും ഇരുണ്ട നിറവും പെരുമാറ്റവും സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി. ആഗോളതലത്തില്‍ പ്രശസ്തമായ പെയിന്റിങ്ങിനെ അനുസ്മരിപ്പിക്കുന്ന പേര് പ്രശസ്തിക്ക് മാറ്റുകൂട്ടുകയും ചെയ്തു. 'മഹാകുഭമേളയുടെ മൊണാലിസ'യായവള്‍.
സെല്‍ഫിയെടുക്കാനും ഒപ്പം വീഡിയോ പകര്‍ത്താനും ആളുകള്‍ തള്ളിക്കയറിയതോടെയാണ് മൊണാലിസ നാട്ടിലേക്ക് പോയത്. സുരക്ഷയെക്കരുതി അച്ഛന് തീരുമാനമായിരുന്നു അത്. മൊണാലിസയുടെ വീഡിയോകളും ചിത്രങ്ങളും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയിട്ടവര്ക്ക് ലക്ഷക്കണക്കിന് വ്യൂവും ഫോളോവര്മാരുമൊക്കെ വന്നു. ഇന്‍സ്റ്റഗ്രാമില്‍ പൊതുവെ തുടര്‍ന്നുവരുന്ന ഉപയോക്താക്കളുടെ ഒരു തന്ത്രമുണ്ട്. ഏതെങ്കിലും വ്യക്തികളോ സംഭവങ്ങളോ വൈറലാവാന്‍ തുടങ്ങിയാല്‍ തങ്ങളുടെ പേജുകളുടെ പേര് ആ വ്യക്തിയുടേതിലേക്ക് മാറ്റും. ആ വ്യക്തിക്കു കിട്ടുന്ന പ്രശസ്തിയും വ്യൂവുമെല്ലാം തങ്ങളുടെ അക്കൗണ്ടുകളിലാക്കും. ശേഷം അടുത്ത വൈറല്‍ സംഭവങ്ങള്‍ക്കായി കാത്തിരിക്കും, പേരുമാറ്റുകയും ചെയ്യും. വൈറലായവരെ സോഷ്യല്‍ മീഡിയയില്‍ തിരയുന്നവര്‍ ഇത്തരം അക്കൗണ്ടുകള്‍ യഥാര്‍ഥ അക്കൗണ്ടുകളാണെന്ന് തെറ്റിദ്ധരിക്കാറുണ്ട് പലപ്പോഴും.അല്ലെങ്കിലും എന്ത് കണ്ടാലും തിരയാൻ നടക്കുന്നവന്റെ മുന്നിൽ സത്യമായാലും പക്കാ ഡ്യൂപ്ലിക്കറ്റ് ആണെങ്കിലും ഒരു കുഴപ്പവുമില്ല, തിരഞ്ഞവന് റിസൾട്ട് കിട്ടിയാൽ മതി ശേഷം അതുവെച്ച് തൃപ്തിപെട്ടോളും.
മൊണാലിസ ഭോസ്ലെ ട്രന്‍ഡിങ് ആയതോടെ അനേകം അക്കൗണ്ടുകളാണ് അവരുടെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും വന്നിരിക്കുന്നത്. ഫാന്‍ പേജുകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ചക്കാരുണ്ട്.
ഇന്ദോറിലെ മഹേശ്വര് എന്ന ചെറുനഗരത്തില്‍ നിന്നാണ് മൊണാലിസ വരുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള വലിയ സംഘത്തോടൊപ്പം മൊണാലിസയും കുടുംബവും കച്ചവടത്തിനായി പുറപ്പെടുകയായിരുന്നു. വളരെ സാധാരണജീവിതം നയിക്കുന്ന ഒരു വ്യക്തിയെ ലോകപ്രശസ്തയാക്കാന് പോന്ന ഇന്റര്‍നെറ്റ് യുഗത്തിന്റെ നേര്‍സാക്ഷ്യമാണ് മൊണാലിസ. ഇന്ദോറിലെ സാധാരണജീവിതം നയിക്കുന്ന പലര്‍ക്കും അവളുടെ യാത്ര പ്രചോദനം തന്നെയാണ്.
അനന്തരം വീട്ടില്‍ തിരികെയെത്തിയ ഉടനെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയ മൊണാലിസ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവര്‍മാരുടെ എണ്ണം ലക്ഷം കടന്നു. എക്സില്‍ ആയിരക്കണക്കിന് ഫോളോവര്‍മാര്‍ വന്നു. ഈ ചൂട് എല്ലാം അങ്ങ് മാറും അനന്തരം എന്തു സംഭവിക്കും?
