നിലവിൽ കേരളത്തിൽ ഉണ്ടായിരുന്ന തലമുറകൾക്ക് ഒന്നും പരിചിതമല്ലാത്ത മഹാമാരിയും അതിനേക്കാൾ ഏറെ 'ലോക് ഡൗൺ' എന്ന അനുഭവവും അന്ന് ആദ്യം.
![]() |
Courtesy |
ചൈനയിൽ ഒരു മഹാമാരി വ്യാപിക്കുന്നുണ്ടെന്നും അതുമൂലം അവിടെ ലോക്ക് ഡൗൺ ആണെന്നും പത്രങ്ങളിൽ വായിച്ചും ടിവിൽ കണ്ടും അതിലേറെ പൊടിപ്പും തൊങ്ങലും വെച്ച് മറ്റ് പല സംഭവങ്ങളും ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ വഴി വായിച്ചും കണ്ടും ഇരുന്ന മലയാളികൾക്കിടയിലേക്ക് , ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് വ്യാഴാഴ്ച അഞ്ചാണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത് 2020 ജനുവരി 30ന്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് ആദ്യമായി രോഗം ബാധിച്ചത്.
മാസ്ക്കിട്ടാൽ പേടിച്ചോടുന്ന, സോപ്പിട്ടാൽ മാഞ്ഞുപോവുന്ന ഒരു കുഞ്ഞുവൈറസ് ലോകത്തെയൊന്നാകെ തലകീഴായ് മറിച്ചിട്ട ഒരു രോഗകാലം. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗൺ ദിനങ്ങൾ. മലയാളി യുട്യൂബ് ചാനലുകളേക്കുറിച്ചും 'ബക്കറ്റ് ചിക്കനെ'ക്കുറിച്ചും ആഴത്തിൽ പഠിച്ച സമയം. ഒറ്റദിവസംകൊണ്ട് എല്ലാവരും വീടിനുള്ളിൽ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ.
കോവിഡിനൊപ്പം നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി കടന്നുപോയ ആ നാളുകൾ കേരളം മറക്കില്ല. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ അഞ്ചുവർഷത്തിൽ സംസ്ഥാനം നേരിട്ടു. എന്നാൽ ചികിത്സ കിട്ടാതെയൊ ഓക്സിജൻ കിട്ടാതെയോ ഒരു രോഗിക്കുപോലും സംസ്ഥാനത്തെവിടെയും ആശുപത്രി വരാന്തയിൽ കിടക്കേണ്ടിവന്നില്ല. കൃത്യമായ നടപടികളിലൂടെ കോവിഡിനെ പ്രതിരോധിക്കാനായി.
2020 ഫെബ്രുവരി രണ്ടിനാണ് രണ്ടാം കേസ് സ്ഥിരീകരിച്ചത്. പിന്നീട് ഏകദേശം രണ്ട് മാസങ്ങൾക്കുശേഷം മാർച്ച് 30ന് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നിന് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചാണ് കേരളം പ്രതിരോധം ശക്തമാക്കിയത്. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച് റാന്നി സ്വദേശികൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക് പോയി.
![]() |
അക്കാലത്തെ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നിന്നുള്ള ദൃശ്യം. Courtesy |
മാർച്ച് 24ന് സംസ്ഥാനത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യം അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സംസ്ഥാനവും കേരളമാണ്. അഞ്ചുവർഷത്തിൽ 68.49 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 72,137 മരണവും സ്ഥിരീകരിച്ചു. 2023ൽ രോഗസ്ഥിരീകരണത്തിൽ കുറവുണ്ടായി. വാക്സിൻ എത്തിയതോടെ കോവിഡ് ഭീതിയകന്നു.
ചൈനയിലെ വുഹാനിൽനിന്ന് സഞ്ചരിച്ച് ഇങ്ങ് കേരളത്തിലെത്തിയ വൈറസിനെ തൃശ്ശൂരിൽ ആദ്യമായി സ്ഥിരീകരിച്ച ദിവസമായിരുന്നു 2020 ജനുവരി 30. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയതായിരുന്നു കുട്ടി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വുഹാനിൽനിന്ന് തിരിച്ചെത്തിയ 20 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഒരാൾക്കായിരുന്നു സ്ഥിരീകരണം. ചൈനയിൽ നിന്ന് വന്നവരുടെ കൂട്ടത്തിൽ തൃശ്ശൂർ ജില്ലക്കാർക്കൊപ്പം ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള വരും ഉണ്ടായിരുന്നു. അപ്പോഴേക്കും കൊറോണ വൈറസ് ഇന്ത്യയടക്കം 19 രാജ്യങ്ങളിലേക്ക് പടർന്നിരുന്നു.
കോവിഡ് ഭേദമായ ശേഷവും ആരോഗ്യപ്രശ്നങ്ങൾ വിടാതെ പിന്തുടർന്നവരുടെ എണ്ണവും കൂടുതലാണ്. ആകെ രോഗം ബാധിച്ചവരിൽ 10 ശതമാനം പേരിലെങ്കിലും "ലോങ് കോവിഡ്' പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്വാസംമുട്ടൽ, ചുമ, പനി പോലെയുള്ള ലക്ഷണങ്ങൾ ആഴ്ചകളും മാസങ്ങളും തുടർന്ന കേസുകളുമുണ്ടായി.