1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്ത് ചടങ്ങുകൾ നടന്നത്
യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. വലതു കൈ മുകളിലേക്കുയർത്തി പതിവ് ശൈലിയിൽ തന്നെ ട്രംപും സത്യവാചകങ്ങൾ ചൊല്ലി മുഴുമിപ്പിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
1861-ല് എബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല് തന്റെ അമ്മ നല്കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡന്റായി അധികാരമേൽക്കുന്നത് എന്നതും പ്രത്യേകതയാണ്.
നേരത്തെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വൈറ്റ് ഹൗസിലെത്തിയ ട്രംപ്, ഭാര്യ മെലാനിയ, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഭാര്യ ഉഷ വാൻസ് എന്നിവർ ഉൾപ്പെടെയുള്ള പുതിയ നേതൃത്വത്തെ, അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചു. വൈസ് പ്രസിഡൻ്റ് കമല ഹാരിസും വൈറ്റ് ഹൗസിലെത്തി.ഇന്ത്യൻ സമയം രാത്രി 10 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും ചടങ്ങിനെത്തിയത്.
അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കിയാണ് ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയത്. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ടായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ്, റൂപർട്ട് മർഡോക്ക് എന്നിവരും ചടങ്ങിനെത്തി. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ തുടങ്ങിയവർ എത്തിയില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു. വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്.
2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സ്വിങ് സ്റ്റേറ്റുകളിൽ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി.രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016-ന് ശേഷം 2024-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടർച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 1885 മുതൽ 1889 വരേയും 1893 മുതൽ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവൻ ക്ലീവ്ലാൻഡായിരുന്നു മുൻപ് ഈ റെക്കോർഡിന് ഉടമ. 2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡന്റാകുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ, അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് അദ്ദേഹം.
2020-ൽ തുടർഭരണ സാധ്യത തേടി മത്സരിച്ചെങ്കിലും 232-നെതിരേ 306 ഇലക്ടറൽ കോളേജ് വോട്ടിന് ജോ ബൈഡന് മുൻപിൽ അടിയറ പറയേണ്ടിവന്നു. 2016-ൽ ട്രംപ് ഇലക്ടറൽ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായതെങ്കിൽ ഇത്തവണ ഇലക്ടറൽ കോളേജിന് പുറമേ, പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. സ്ഥാനമൊഴിഞ്ഞ വൈസ്. പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെയാണ് മൃഗീയ ഭൂരിപക്ഷത്തിൽ ട്രംപ് പരാജയപ്പെടുത്തിയത്.
