ഹിജാബ് ധരിച്ചുള്ള ഫോട്ടോ ആധാറിൽ വേണ്ടെന്നു നിർദേശം. ചെവിയും നെറ്റിയും വ്യക്തമാവാത്ത ഫോട്ടോകൾ ആധാറിൽ നിരസിക്കപ്പെടും. ആധാർ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് അധികൃതർ നിർദേശം നൽകി. ചെവി കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഹിജാബ് ധരിച്ചുള്ള ഫോട്ടോ പാടില്ലെന്നുമാണ് നിർദേശം. വാട്സ്ആപ്പ് വഴിയാണ് അക്ഷയ സംരംഭകർക്കുള്ള നിർദേശം. ആധാര്‍ അതോറിറ്റി (യുഐഡിഎഐ) സംസ്ഥാന അധികൃതരുടേതാണ് നിർദേശം.
നിർദേശം ലംഘിക്കുന്ന അക്ഷയ സംരംഭകർക്ക് സസ്പെൻഷനും പിഴയും ശിക്ഷയായി ലഭിക്കും. ആധാര്‍ അതോറിറ്റി (യുഐഡിഎഐ) സംസ്ഥാന അധികൃതർ നൽകിയ നിർദേശം അക്ഷയ പ്രൊജക്ട് അധികൃതർ സംരംഭകർക്ക് വാട്സ്ആപ്പ് വഴി കൈമാറുകയായിരുന്നു.
ശിരോവസ്ത്രം പൂർണമായി ഒഴിവാക്കണമെന്ന് മുൻപ് ആധാറിന്റെ വ്യവസ്ഥകളിൽ ഇല്ലായിരുന്നു. മുഖം മറയ്ക്കുന്ന രീതിയിൽ ശിരോവസ്ത്രം ധരിക്കരുതെന്നായിരുന്നു വ്യവസ്ഥ. മത-പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട് ധരിക്കുന്ന തലപ്പാവ്, തൊപ്പി എന്നിവ ഫോട്ടോ എടുക്കുമ്പോൾ ഉപയോഗിക്കാമായിരുന്നു. എന്നാൽ ഈ രീതിയിൽ ഫോട്ടോയെടുക്കുന്ന നിരവധി അപേക്ഷകൾ നിരസിക്കപ്പെട്ടിരുന്നു.