കഴിഞ്ഞ വർഷം മാർച്ചിലാണ് വില്ല്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് കാൻസർ സ്ഥിരീകരിച്ചത്. ചാൾസ് രാജാവ് അർബുദ ചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റെ വാർത്തയും പുറത്തുവന്നത്.
അന്നത്തെ സാഹചര്യം വളരെ മോശമായിരുന്നുവെന്നും ചാൾസ് രാജകുമാരനെ അത്രയും നിരാശ നിറഞ്ഞ അവസ്ഥയിൽ താൻ മുമ്പ് കണ്ടിട്ടില്ലെന്നും കൊട്ടാരത്തിലെ മുൻ ജീവനക്കാരനായ ജേസൺ ക്നൗഫ് പറയുന്നു. 60 മിനിറ്റ്സ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജേസൺ അന്നത്തെ സാഹചര്യം വിശദീകരിച്ചത്.
'രണ്ടാഴ്ച്ചയ്ക്കുള്ളിൽ ജീവിതമാകെ മാറിമറയുന്ന അവസ്ഥയായിരുന്നു അത്. നിങ്ങളുടെ ഭാര്യയ്ക്കും പിതാവിനും അർബുദം ആണെന്ന് തിരിച്ചറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ആ അവസ്ഥയിലൂടെയാണ് വില്ല്യം രാജകുമാരൻ കടന്നുപോയത്. അത് വിശ്വസിക്കാൻപോലും കഴിഞ്ഞിരുന്നില്ല.'-ജേസൺ ക്നൗഫ് പറയുന്നു.
കേറ്റിന്റെ രോഗവുമായി ബന്ധപ്പെട്ട നിഗൂഢതകൾക്കും വിവാദങ്ങൾക്കും ജേസൺ മറുപടി നൽകി. 'ഓൺലൈനിൽ സോഷ്യൽ മീഡിയ വഴിയാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങളുണ്ടായത്. അവർക്ക് ശരിക്കും അസുഖമായിരുന്നോ എന്നു വരെ ചോദ്യങ്ങളുണ്ടായി. അവർ അന്ന് അക്കാര്യം തുറന്നുപറയാത്തതിന് കാരണം അവരുടെ കുഞ്ഞുങ്ങളാണ്. അവരോട് എങ്ങനെയാണ് ഇത് പറയേണ്ടതെന്ന് അവർക്ക് അപ്പോൾ അറിയില്ലായിരുന്നു.' ജേസൺ കൂട്ടിച്ചേർക്കുന്നു
നിലവിൽ കേറ്റ് സുഖം പ്രാപിച്ചുവരികയാണ്. അതേസമയം ചാൾസ് രാജാവ് ഇപ്പോഴും ചികിത്സയിലാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് കേറ്റ് അർബുദസ്ഥിരീകരണ വാർത്ത പുറത്തുവിട്ടത്. അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമാണ് 43-കാരിയായ കേറ്റ് പങ്കുവെച്ചത്. കഴിഞ്ഞവർഷം ജനുവരിയിലാണ് അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറയുകയുണ്ടായി.
2015 മുതൽ 2021 വരെയാണ് ജേസൺ ക്നൗഫ് കൊട്ടാരത്തിൽ ജോലി ചെയ്തത്. 2021 അവസാനം രാജകുടുംബത്തിൽ നിന്ന് പടിയിറങ്ങി.