സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് മുന്നിൽ.വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. 28 വാർഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.
രണ്ട് ഇടത് സ്വതന്ത്രർ അടക്കം 17 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടങ്ങളിൽ യുഡിഎഫും ജയിച്ചു. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചപ്പോൾ ബിജെപിക്ക് ഒരിടത്ത്പോലും ജയിക്കാനായില്ല.കാസർകോട് ജില്ലയിൽ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു കൂടി ചേർത്താൽ 17 സീറ്റാണ് എൽഡിഎഫിന്റെ പേരിലുള്ളത്.
∙ തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാര്‍ഡുകളില്‍ സിപിഐ, സിപിഎം, കോണ്‍ഗ്രസ്, എസ്ഡിപിഐ എന്നിവ ഓരോ സീറ്റ് നേടി. ശ്രീവരാഹം വാര്‍ഡില്‍ സിപിഐയുടെ ഹരികുമാര്‍ വിജയിച്ചു. ബിജെപിയാണ് രണ്ടാമത്. ഹരികുമാറിന് 1358 ്വോട്ടും ബിജെപിയിലെ ആര്.മിനിക്ക് 1346 വോട്ടും ലഭിച്ചു. കോണ്‍ഗ്രസിലെ സുരേഷ് കുമാറിന് 277 വോട്ടാണ് കിട്ടിയത്.
കൊച്ചുപള്ളി വാര്‍ഡില്‍ കോണ്‍ഗ്രസിലെ സേവ്യര്‍ ജറോണ്‍ വിജയിച്ചു. സേവ്യറിന് 546 വോട്ടും സിപിഎമ്മിലെ ജെ.സ്റ്റീഫീസന് 377 വോട്ടും ബിജെപിയിലെ ജയിംസ് റോക്കിക്ക് 34 വോട്ടും ലഭിച്ചു.
പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ഥി അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്.
പുളിന്കോടു വാര്‍ഡില്‍ സിപിഎമ്മിലെ സെയ്ദ് സബര്‍മതി 573 വോട്ട് നേടി വിജയിച്ചു. കോണ്‍ഗ്രസിലെ സുനി സോമന് 516 വോട്ടും ബിജെപിയിലെ രജിമോന് 219 വോട്ടുമാണ് ലഭിച്ചത്.
∙ കൊല്ലം: ക്ലാപ്പന പഞ്ചായത്ത് പ്രയാർ തെക്ക് രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാ ദേവി 277 വോട്ടിന്റെ ദൂരിപക്ഷത്തിൽ വിജയിച്ചു.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കൊച്ചു മാമൂട് പതിനെട്ടാം വാർഡിൽ എൽഡിഎഫിലെ സൂരജ് ശിശുപാലൻ 595 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെപ്പോൾ ചെയ്ത പോർട്ട് 1106. എൽഡിഎഫിന് 779, ബിജെപിക്ക് 184, യുഡിഎഫിന് 143.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കല്ലുവാതുക്കൽ ഡിവിഷനിൽ സിപിഐയിലെ മഞ്ജു സാം 193 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് അംഗമായിരുന്ന, സിപിഐയുടെ തന്നെ ഗ്രേസി സാമുവൽ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചു.
∙ ആലപ്പുഴ: ജില്ലയിൽ മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റിൽ യുഡിഎഫ് സ്ഥാനാര്‍ഥി ബിൻസി ഷാബു 15 വോട്ടിനു വിജയിച്ചു.
യുഡിഎഫിന്റെ സീറ്റിങ് സീറ്റ് ആയിരുന്ന ഇവിടെ യുഡിഎഫ് വാർഡ് അംഗം ലിനി ജോളി കൂറുമാറി എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇതിനെതിരെ യുഡിഎഫ് നൽകിയ പരാതിയിൽ ലിനിക്ക് അയോഗ്യത കൽപിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂറുമാറിയ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസിനെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയെങ്കിലും ബോബൻ അപ്പീൽ നൽകിയിരിക്കുകയാണ്.
കാവാലം പഞ്ചായത്തിൽ പാലോടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഡി.മംഗളാനന്ദൻ 171 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിക്ക് 199 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ലൈല രാജുവിനു 174 വോട്ടും ബിജെപി സ്ഥാനാർഥി സ്വപ്ന സുദർശന് 71 വോട്ടും ലഭിച്ചു.
മുണ്ടൂർ 12-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഎഡിഎഫ് സ്ഥാനാർഥി പ്രശോഭ് 346 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
∙ പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടന്ന അയിരൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന തടിയൂർ യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ പ്രീത നായർ 116 വോട്ടിനാണു ജയിച്ചത്.
പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്സി നഗറിൽ സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടിനു വിജയിച്ചു.
പത്തനംതിട്ട നഗരസഭയിൽ കഴിഞ്ഞ തവണ യുഡിഎഫ് വിമത ജയിച്ച കുമ്പഴ നോർത്തിൽ ഇത്തവണ എൽഡിഎഫ് 3 വോട്ടിനു വിജയിച്ചു.
∙ കോട്ടയം: രാമപുരം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി കെ.ആർ.അശ്വതി രണ്ടാമതെത്തി. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഷൈനി സന്തോഷ് എതിർപക്ഷത്തേക്കു കൂറുമാറിയിരുന്നു. ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
∙ ഇടുക്കി: വാത്തിക്കുടി ഗ്രാമപ്പഞ്ചായത്തിലെ ദൈവംമേട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബിനു (കേരള കോൺഗ്രസ് എം) ഏഴു വോട്ടിന് വിജയിച്ചു.
∙ പാലക്കാട്: മുണ്ടൂർ പഞ്ചായത്തിലെ 12-ാം വാർഡായ കീഴ്പാടത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പി ബി പ്രശോഭ് വിജയിച്ചു.
∙ കോഴിക്കോട്: പുറമേരി പഞ്ചായത്ത് 14 ാം വാർഡ് കുഞ്ഞല്ലൂർ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി പുതിയോട്ടിൽ അജയനാണ് വിജയിച്ചത്. ഇടതുശക്തികേന്ദ്രമായ ഇവിടെ 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
∙ മലപ്പുറം: കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാർഡിൽ യുഡിഎഫിനു വൻ വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാർഡിൽ ഇത്തവണ ലീഗ് സ്ഥാനാർഥി വിപിൻ ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്താണു കരുളായി.
തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോൺഗ്രസിലെ അബ്ദുൽ ജബ്ബാർ പിടിച്ചെടുത്തത്.
∙ കണ്ണൂർ: പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് താഴെ ചമ്പാടിൽ സിപിഎമ്മിന്റെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
വാർഡ് അംഗവും പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎമ്മിലെ അശോകൻ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.