ഡൽഹി എയിംസിലെ ഡോക്ടർമാർ നാല് കാലുകളുള്ള കൗമാരക്കാരനിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി.സാധാരണ കാലുകൾക്ക് പുറമെ വയറിൽ നിന്ന് വളർന്ന രണ്ട് കാലുകളാണ് ഈ 17 കാരനുണ്ടായിരുന്നത്. എയിംസിൽ ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമായാണ് നടക്കുന്നത്.
ഉത്തർപ്രദേശിലെ ബാലിയയിൽ നിന്നുള്ള ആൺകുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വയറിൽ നിന്ന് വളർന്നുവന്ന രണ്ട് കാലുകളുമായി 17 വർഷക്കാലമാണ് ദുരിതമനുഭവിച്ച് ജീവിച്ചത്. അധിക കാലുകളുള്ളതിനാൽ ശരീരത്തിന് ശരിയായ രീതിയിൽ വളരാനാകാത്ത സ്ഥിതിവരെയുണ്ടായി. സഹപാഠികളും മറ്റും കളിയാക്കുന്നതിനാലും ആരോഗ്യ പ്രശ്നങ്ങളാലും എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജനുവരി 28 നാണ് കുട്ടി എയിംസിൽ ചികിത്സയ്ക്കായി എത്തുന്നത്.
'ഇൻകംപ്ലീറ്റ് പരാസൈറ്റിക് ട്വിൻസ്' എന്ന അവസ്ഥയാണ് കൗമാരക്കാരനുണ്ടായിരുന്നതെന്ന് എയിംസിലെ ശസ്ത്രക്രിയ വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. അസുരി കൃഷ്ണ പറഞ്ഞു. ഒരു കോടിയാളുകളിൽ ഒരാൾ എന്നനിലയിൽ അത്യപൂർവമായി മാത്രമെ ഇത്തരം ശാരീരികാവസ്ഥകൾ ഉണ്ടാകാറുള്ളൂ. ഇരട്ടക്കുട്ടികളായാണ് ഗർഭംധരിക്കപ്പെടുന്നതെങ്കിലും ഒരാളുടെ ശരീരത്തിന് വളർച്ചയില്ലാതാവുകയും എന്നാൽ അയാളുടെ അവയവങ്ങൾ രണ്ടാമത്തെ ആളുടെ ശരീരവുമായി ചേർന്ന് വളരുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരത്തിൽ നാല് കാലുകളും ആയുള്ള ജനനം ലോകത്തിൽ 42 തവണ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.