വേർപിരയാനാകില്ല ഒന്നിച്ച് ജീവിക്കണം എന്നാൽ പ്രണയിതാക്കൾക്ക് അവരുടെ ജന്മനാട്ടിൽ ഒന്നിക്കാനാകില്ല. മതവും വർഗവും നോക്കി വിഭജന രാഷ്ട്രീയത്തിന്റെ വിഷ വേരുകൾ സമൂഹത്തിൽ പടർത്തിയിരിക്കുന്ന വർഗം അവരെ ലൗ ജിഹാദ് എന്ന് മുദ്രകുത്തു. പക്ഷെ അവർക്കറിയാമായിരുന്നു വർഗീയതയുടെ വിഷ വായു പടരാത്ത ഒരു നാട് ഇന്ത്യയുടെ തെക്കേ അറ്റത്ത് ഉണ്ടെന്ന്.
പ്രണയത്തിന്റെ പേരിൽ വധഭീഷണിമൂലം നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. സ്കൂൾ കാലം മുതൽ പ്രണയത്തിലായ ഇരുവരും വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ആശ ഗാലിബിനൊപ്പം വീട് വിട്ടിറങ്ങിയതെന്ന് ഇവർ പറയുന്നു.
ഫെബ്രുവരി ഒമ്പതിനാണ് ആശയും ഗാലിബും കേരളത്തിലെത്തിയത്. പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ മതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് കടുത്ത എതിർപ്പും ഭീഷണിയും നേരിട്ടു. എന്നാൽ ഇരുവർക്കും പിരിയാൻ സാധിക്കില്ലായിരുന്നു. ഇതിനിടെ 45 വയസുകാരനുമായി ആശാ വർമ്മയുടെ വിവാഹം നടത്താനും കുടുംബം തീരുമാനിച്ചു.
ഇരുവരും കേരളത്തിൽ ഉണ്ടെന്നറിഞ്ഞ് ആശയുടെ കുടുംബം പിന്തുടർന്ന് കേരളത്തിലെത്തി. തിരികെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല. ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റർ ചെയ്തതിനാൽ ജാർഖണ്ഡിൽ നിന്നുള്ള പോലീസും കായംകുളത്ത് എത്തി. ഇരുവർക്കും പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാർഖണ്ഡ് പോലീസ് മടങ്ങി.
ഗൾഫിൽ ആയിരുന്ന മുഹമ്മദ് ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവിടെയെത്തി വിവാഹം കഴിച്ചത്. രുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ദമ്പതികൾക്ക് സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.
