ചില നിറങ്ങൾ കാണുമ്പോൾ നിങ്ങളിൽ പലർക്കും ഒരു ഉന്മേഷം കുറെ നേരത്തേക്ക് എങ്കിലും കിട്ടിയെന്ന് വരാം, ചിലപ്പോൾ അത് വെറും തോന്നൽ എന്നാവും ചിന്തിക്കുക, അതേസമയം മറ്റു ചിലർക്ക് അത്രനേരം അവർക്ക് ഉണ്ടായിരുന്ന മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു ശാന്തത കിട്ടുകയും ചെയ്യാം, എന്തുകൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. പുതിയ പഠനങ്ങൾ പറയുന്നത് നിറങ്ങൾക്ക് നമ്മുടെ മാനസികാവസ്ഥയേയും വികാരങ്ങളേയും മാനസികാരോഗ്യത്തേയും സ്വാധീനിക്കാൻ ആകുമെന്നാണ് അതുകൊണ്ടാണ് മേൽപ്പറഞ്ഞവ പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവാൻ കാരണം.
നിറങ്ങൾ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പറയുന്നത് മാനസികാരോഗ്യത്തെ കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെരിവെല് മൈന്‍ഡ് എന്ന അമേരിക്കൻ വെബ്സൈറ്റിലാണ് ഇത്തരം വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
നമ്മുടെ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം, മെറ്റബോളിസം, കണ്ണുകളുടെ ആയാസം എന്നിവയെല്ലാം ചില നിറങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൂടാതെ,ധരിക്കുന്ന വസ്ത്രത്തിന്റെ നിറം പോലും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിച്ചേക്കാം എന്നും പറയുന്നു. കൂടാതെ ചില നിറങ്ങൾ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പറയുന്നു.
ക്രോമോതെറാപ്പി എന്നത് തന്നെയാണ് കളർ തെറാപ്പി എന്നും അറിയപ്പെടുന്നത്. നിറങ്ങളും അവയോടൊപ്പം പ്രകാശവും ഉൾപ്പെടുത്തി ശാരീരികവും, മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്ന ചികിത്സാരീതിയാണ് ക്രോമോതെറാപ്പി. ഇന്നത്തെ കാലത്ത് ഈ ചികിത്സാരീതിക്ക് പ്രചാരം നേടുന്നുണ്ട് എന്നത് മറ്റൊരു കാര്യം. പല വർണ്ണങ്ങളും പലതരത്തിലുള്ള മാറ്റങ്ങളാണ് ശരീരത്തിന് മനസ്സിന് നൽകുന്നതെന്ന് ക്രോമോ തെറാപ്പി പറയുന്നു.
ചുവന്ന നിറം ഊർജ്ജവും ചൈതന്യവുമായി ബന്ധപ്പെട്ടാണ് കണക്കാക്കുന്നത്. ഊർജ്ജസ്വലത നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് അത് തിരികെ ലഭിക്കാൻ ചുവന്ന നിറം സഹായിക്കും പക്ഷേ, സമ്മർദ്ദമാണ് ആ സമയത്ത് ആ വ്യക്തിയുടെ മാനസിക അവസ്ഥ എങ്കിൽ അത് വർദ്ധിപ്പിക്കാനും ഇതേ ചുവന്ന നിറം കാരണമാകും എന്നത് മറ്റൊരു കാര്യം.
പ്രകൃതിയുടെ പൊതുവേയുള്ള ഹരിതാഭമായ നിറം,പച്ച മാനസികാരോഗ്യത്തെ സഹായിക്കുന്ന നിറങ്ങളിൽ ഒന്നാണ്. ശാന്തതയെ പ്രതീകപ്പെടുത്തുന്ന ഈ നിറം സമ്മര്‍ദം കുറയ്ക്കാനും മാനസിക സമാധാനത്തിനും ഉപകരിക്കുമെന്നും ഈ ചികിത്സാരീതി പറയുന്നു എന്നുവച്ചാൽ കുറെ നേരത്തേക്ക് വല്ല പുല്ല് നിറഞ്ഞ സ്ഥലത്ത് അല്ലെങ്കിൽ പാഠവരമ്പിലോ ഒക്കെ പോയി നിന്നാൽ ഒരു സുഖം മനസ്സിനെ കിട്ടുമല്ലോ അത് തന്നെ കാര്യം.
കടും നീല നിറത്തിന് ഉത്കണ്ഠ കുറയ്ക്കാനും സമാധാനം നല്‍കാനും കഴിയും അതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും ഉറക്കമില്ലായ്മയ്ക്കും ഈ നിറം സഹായിക്കും എന്നും ഈ ചികിത്സാരീതി പറയുന്നു മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ നീലാകാശത്തിലേക്ക് നോക്കി നിൽക്കുമ്പോൾ നമ്മൾക്കൊക്കെ ഒരു നിഗൂഢമായ സന്തോഷം തോന്നാറില്ല ആകാശത്ത് നോക്കി നിൽക്കുന്നവർക്ക് അറിയാം ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല, അതുപോലെ കടലിൻ നീലിമയ്ക്കും ഇതേപോലുള്ള അനുഭവം പ്രധാനം ചെയ്യാൻ സാധിക്കും.
ഓറഞ്ച് എന്ന പഴവർഗം പലർക്കും ഇഷ്ടമാണ് അത് കഴിക്കുന്നതിനുമമ്പ് അതിൻറെ തൊലിയുടെ നിറം ആസ്വദിക്കുന്ന സ്വഭാവം ചിലർക്കെങ്കിലും ഉണ്ടാവും. ഓറഞ്ചിന്റെ നിറം സന്തോഷവും മാനസിക ഉത്തേജനവും നല്കുന്ന കൂട്ടത്തിൽ പെടുന്നതാണ്, വിശപ്പ് അധികരിക്കാൻ ഈ നിറം സഹായിക്കും അതാവാം ഓറഞ്ചിനോടുള്ള ഇഷ്ടം പുളി ആണെങ്കിലും രുചി നോക്കാൻ നമ്മെ പ്രേരിപ്പിക്കാൻ കാരണമെന്നും പഠനം പറയുന്നു.
