ദമ്പതികൾക്ക് സംരക്ഷണവുമായി DYFI
'ലവ് ജിഹാദ്' ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ഝാർഖണ്ഡ് സ്വദേശികളായ നവദമ്പതികൾക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. ലവ് ജിഹാദ് ആരോപണവും ഝാർഖണ്ഡിൽ പൊലീസ് കേസും വന്നതോടെ കേരളത്തിലെത്തിയ മുഹമ്മദ് ഗാലിബും ആശ വർമയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും കായംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശം നൽകിയത്. സംഭവത്തിൽ പൊലീസിന്റെ വിശദീകരണം തേടിയ കോടതി, സംരക്ഷണ കാലയളവിൽ ഇരുവരെയും സ്വദേശത്തേക്ക് മടക്കി അയക്കരുതെന്നും നിർദേശിച്ചു.
കേരളത്തിലെത്തിയ ഇരുവരും കായംകുളത്തുവെച്ച് ഇസ്ലാമികാചാര പ്രകാരം വിവാഹിതരായിരുന്നു. കായംകുളത്തെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇപ്പോൾ നവദമ്പതികളുള്ളത്. നാട്ടിൽ പ്രശ്നങ്ങളുള്ളതിനാലാണ് സംരക്ഷണം തേടി ഇരുവരും കോടതിയെ സമീപിച്ചത്. അടുത്തയാഴ്ച കോടതി ഹർജി പരിഗണിക്കും വരെ പൊലീസ് പ്രൊട്ടക്ഷൻ കൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ആശാവർമ്മയ്ക്കും മുഹമ്മദ് ഗാലിബിനും പൂർണ്ണ സംരക്ഷണം നൽകുമെന്ന് DYFI ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ വ്യക്തമാക്കി.