അമേരിക്കയിൽ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിന് വീണ്ടും തിരിച്ചടി. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതിയും വിധിച്ചു. ഗർഭിണികളായ അഞ്ചുപേർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
ഭരണഘടനയിലെ പതിനാലാം ഭേദഗതി യുഎസിൽ ജനിച്ച എല്ലാ വ്യക്തികൾക്കും പൗരത്വം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇത് അസാധുവാക്കിക്കൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാഖ്യാനത്തെ രാജ്യത്തെ ഒരു കോടതിയും പിന്തുണച്ചിട്ടില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ വിധിച്ചു.
ഇത് രണ്ടാം തവണയാണ് ഈ തീരുമാനത്തിനെതിരെ കോടതി വിധിയുണ്ടാകുന്നത്. ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള നടപടി സ്റ്റേ ചെയ്തുകൊണ്ട് സിയാറ്റിലിലെ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജ് ജോൺ കോഗ്നോറിന്റെ വിധി.
ട്രാൻസ്ജെൻഡർ അത്ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ‘‘വനിതാ അത്ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ – ട്രംപ് പറഞ്ഞു.
ട്രാൻസ്ജെൻഡർ അത്ലീറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.
2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്ജെൻഡർ അത്ലീറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ വനിതാ അത്ലീറ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തി വഞ്ചനാപരമായി യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ നിർദേശിച്ചതായും ട്രംപ് പറഞ്ഞു.