പാതി വില സ്കൂട്ടർ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകൾ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ ഭൂമി വാങ്ങാൻ അനന്തു ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി.
തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിൽ ഇ.ഡി. പ്രാഥമിക വിവര ശേഖരണം നടത്തി. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ റജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്.
മുഖ്യ പ്രതി അനന്തു കൃഷ്ണൻ സഹോദരിയുടെയും അമ്മയുടെയും പേരിൽ വാങ്ങിയത് കോടികളുടെ ഭൂമിയെന്ന് കണ്ടെത്തൽ. വീടിനടുത്തുള്ള പ്രദേശത്ത് കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയത്. സഹോദരിയുടെ വീടിനു മുന്നിൽ 13 സെൻ്റ്, അതിൻ്റെ സമീപത്ത് ഒരേക്കർ റബർതോട്ടം, 50 സെൻ്റ് വസ്തു എന്നിവ വാങ്ങിയെന്നതിനുള്ള തെളിവായി പൊലീസ് ശേഖരിച്ച ലിസ്റ്റിൽ പറയുന്നു.
സെൻ്റിന് നാല് ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമിയാണ് വാങ്ങിയത്. പാലാ നഗരത്തിൽ 40 സെൻറ് ഭൂമിയും, കർണാടകത്തിൽ മുന്തിരിത്തോട്ടവും പ്രതി വാങ്ങിയിട്ടുണ്ട്. അമ്മയുടെ പേരിൽ പാലക്കാട് തെങ്ങിൻതോപ്പ് വാങ്ങിയതായുള്ള തെളിവ് അന്വേഷണ സംഘം ശേഖരിച്ചു. പരാതിക്കാരുടെ പേര് വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളില്‍ നിന്ന് ഈടാക്കിയത്. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകിയത്. കരാർ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.അനന്തു കൃഷ്ണനെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.സത്യം പുറത്ത് വരും. കേസ് അന്വേഷണം നടക്കട്ടെയെന്നാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സന്നദ്ധ സംഘടനകള്‍ വഴിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അനന്തു കൂട്ടിച്ചേര്‍ത്തു.