2024 ഡിസംബറിൽ ആണ് കായംകുളത്ത് നിന്നുള്ള നിയമസഭാംഗം യു. പ്രതിഭ യുടെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നത്. പ്രചരിച്ചത് തെറ്റായ വാർത്തയാണെന്നും നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭ എം.എൽ.എ അന്നു തന്നെ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് എ.എൽ.എ. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിൽ ആയിരുന്നു അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇല്ലാത്ത ഒരു കാര്യമാണ് മാധ്യമങ്ങൾ പറഞ്ഞത്, അവർ എന്തിനാണ് ഇത്രയും ആഘോഷിച്ചത് എന്നിട്ടും അവർക്ക് തൃപ്തി വന്നില്ല യു.പ്രതിഭ പറയുന്നു. മകൻ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കിയത് അമ്മ രാഷ്ട്രീയത്തിൽ നിൽക്കുന്നത് കൊണ്ടായിരിക്കും തന്നെ മാധ്യമങ്ങൾ ഉപദ്രവിച്ചത് എന്നാണ്.90 ഗ്രാം കഞ്ചാവുമായി മകൻ പിടിയിലായി എന്ന് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത് ശരിയാണോ എന്ന് പ്രതിഭ ചോദിക്കുന്നു. അതിനെതിരെ പ്രതികരിച്ച തന്നെ വീണ്ടും മോശക്കാരിയാക്കിയെന്നും അവർ പറഞ്ഞു.
ഒരവസരത്തിൽ രാഷ്ട്രീയം വീട്ടാലോ എന്നുവരെ ആലോചിച്ചിട്ടുണ്ടെന്നും പ്രതിഭ പറയുന്നു. താൻ എന്തു പറഞ്ഞാലും സോഷ്യൽ മീഡിയയിൽ അതിന്റെ താഴെ വന്ന് അസഭ്യം പറഞ്ഞിട്ടു പോകുന്നു. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം തെരുവ് നായ ആക്രമണമാണ്. അതുപോലത്തെ തെരുവ് നായ്ക്കൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്ന് പ്രതിഭ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാൻ പ്രോപ്പർ ബില്ല് കൊണ്ടുവരണമെന്നും എം.എൽ.എ പറയുന്നു.
സ്മോക്ക് ചെയ്തു എന്ന കുറ്റമാണ് അവനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ നടപടികൾ തുടരുകയാണ്. പക്ഷേ മകനെ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എക്സൈസുകാരോട് സംസാരിച്ചപ്പോൾ മോൻ അതിൽ പെട്ടുപോയതാണ് എന്നുതന്നെയാണ് അവർ പറഞ്ഞത്.എന്റെ മകൻ ഈ കാലഘട്ടത്തിന്റെ ആളാണ്. ബംഗളൂരുവിൽ ഡിപ്ളോമയ്ക്ക് പഠിക്കുകയാണ്. മുടി വളർത്തി, ബാഗി ജീൻസ് ഇടുന്നതൊക്കെ അവന്റെ സ്വാതന്ത്ര്യമാണ്. അമ്മയെ കണ്ടാണ് അവൻ വളർന്നത്. ഒരുപാട് പേർ അവനെ തെറ്റിദ്ധരിച്ചു പ്രതിഭ പറയുന്നു.