മഴ പെയ്യുന്നതിന് ഒപ്പം പത മഴയും കണ്ട് ആശ്ചര്യത്തില്‍ ജനങ്ങള്‍. തൃശൂര്‍ ജില്ലയിലാണ് ഫോം റെയിന്‍ എന്ന പതമഴ പെയ്തത്. തൃശൂരിലെ അമ്മാടം, കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ചെറിയ ചാറ്റല്‍ മഴക്കൊപ്പം പാറിപ്പറന്ന് പത എത്തിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും മനസ്സിലായില്ല. കുട്ടികള്‍ പത കയ്യിലെടുത്ത് കളിച്ചു. മുതിര്‍ന്നവര്‍ കാര്യം തിരക്കി. സംഭവം പതമഴ അഥവാ ഫോം റെയിന്‍ (foam rain) തന്നെയാണ് എന്ന് പിന്നീട് സ്ഥിരീകരിച്ചു. വൈകുന്നേരം തൃശ്ശൂരിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഇതിനിടയിലാണ് അമ്മാടം, കോടന്നൂര്‍ മേഖലകളില്‍ പതമഴ രൂപപ്പെട്ടത്.
വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത സൃഷ്ടിക്കുമെന്നും പറയുന്നു.തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട് കൂടാതെ പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ഉണ്ടാക്കും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതേസമയം തൃശ്ശൂരിൽ പതമഴ പെയ്ത ഭാഗങ്ങളിൽ ഒന്നും തന്നെ ഫാക്ടറുകൾ ഇല്ല എന്നതാണ് മറ്റൊരു കാര്യം.