പതിറ്റാണ്ടിനു മുൻപ് സിപിഎമ്മും അതിൻറെ യുവജന സംഘടനകളും എതിർക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത സ്വകാര്യ സര്‍വകലാശാല ബിൽ, രണ്ടാം പിണറായി സർക്കാരിൻറെ കാലത്ത് കേരള നിയമസഭ പാസാക്കി. ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പാണ് ബില്‍ എന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. നമ്മുടെ സര്‍വകലാശാലകളെ കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയതിനു ശേഷമാണ് സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യത തേടിയതെന്നും മന്ത്രി പറഞ്ഞു. വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ബില്‍ തയാറാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യാതൊരു തരത്തിലുള്ള നിയമവും സഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ലേലം വിളിക്കുന്ന നിലയില്‍ വിവിധ വിദ്യാഭ്യാസ ഏജന്‍സികളെ വിളിച്ചിരുത്തി നടത്തിയ പരിപാടിയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞതോടെ എതിര്‍പ്പുമായി പി.സി.വിഷ്ണുനാഥ് എംഎൽഎ രംഗത്തെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഉന്നതവിദ്യാഭ്യാസ സെമിനാറിനെയാണ് മന്ത്രി ലേലം വിളി എന്നു പറഞ്ഞതെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഇതോടെ മന്ത്രിയുടെ പരാമര്‍ശം രേഖയില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് ശബ്ദവോട്ടോടെ ബില്‍ പാസാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് ഇടയാക്കുമെന്ന് ആരോപിച്ചെങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. സ്വകാര്യ സർവകലാശാല ബില്ലിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകൾ പൊതുമേഖലയിലെ സർവകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കും എന്ന് പഠിക്കണം.
പൊതു മേഖലയിലെ സർവകലാശാലകൾക്ക് മുൻഗണന നൽകണം. ഏതു കോർപ്പറേറ്റുകൾക്കും സർവകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസികൾക്ക് ഇത്തരം സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ അവസരം നൽകണം. ഇത്തരം ഏജൻസികൾ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണം. പ്രതിപക്ഷത്തിന്റെ വിമർശനമായി കാണരുതെന്നും നിർദേശമായി എടുക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് സ്റ്റുഡൻ്റ് മൈഗ്രേഷൻ വ്യാപകമാണ്. ഈ നിയമം സ്റ്റുഡൻ്റ് മൈഗ്രേഷൻ തടയാൻ ഉതകുന്നതാണോ? വിശദമായ പഠനം നടത്തിക്കൊണ്ടു മാത്രമേ ഈ ബില്ല് നടപ്പിലാക്കാനാകൂ. ഇപ്പോഴത്തെ സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയായി മാറിയിട്ട് കാര്യമില്ല. ലോകത്ത് പ്രശസ്തരായ യൂണിവേഴ്സിറ്റികളുടെ ക്യാംപസ് സംസ്ഥാനത്ത് കൊണ്ടുവരാൻ കഴിയുമോ എന്ന് പരിശോധിക്കണം. പത്തേക്കർ സ്ഥലവും 25 കോടി എന്നതും ഉയർന്ന മാനദണ്ഡമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് യുഡിഎഫിന്റെ ഘടകകക്ഷി ആയ ആര്‍എംപി എംഎല്‍എ കെ കെ രമ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ കച്ചവടമാണ് നടക്കാന്‍ പോകുന്നതെന്നും കെ കെ രമ പറഞ്ഞു. പ്രതിപക്ഷത്ത് നിന്നുള്ള വ്യത്യസ്ത അഭിപ്രായമാണ് രമയുടേത്. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയും എന്ന അവസ്ഥ ഉണ്ടാക്കുന്നുവെന്നും നേരത്തെ സ്വാശ്രയ വിദ്യാഭ്യാസത്തെ അടക്കം എതിര്‍ത്തവരാണ് ഇപ്പൊള്‍ ബില്ല് കൊണ്ടുവരുന്നതെന്നും കെ കെ രമ പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കെ കെ രമ പറഞ്ഞു.
#privateuniversitybill #cpm #keralalegislativeassembly