ബിജെപി കേരള അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്.
അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ആദ്യമായാണ് ഒരു വ്യവസായ പ്രമുഖനായ വ്യക്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ആകുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണിയാണ് സംസ്ഥാന സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ട ശേഷം രാജീവ് ചന്ദ്രശേഖർ ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക", എന്ന ശ്രീനാരായണ വാക്യമാണ് രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്.
1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരളത്തിലെ തറവാട് വീട്. മണിപ്പാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗില്‍ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. ബിപിഎല്‍ ഗ്രൂപ്പ് ചെയര്മാന് ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ.
2006ലാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരുന്നത്. 2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ വ്യവസായ പ്രമുഖന് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായി. 2020 മുതല്‍ ബിജെപിയുടെ ദേശീയ വക്താവാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.
ഇന്ത്യയിലെ ബിരുദ പഠനത്തിനുശേഷം അമേരിക്കയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം ചെയ്തതതോടെ ബിസിനസ് രംഗത്തേക്കും ചുവടറിപ്പിച്ചു. 1994ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചു. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളില്‍ ഒന്നായിരുന്ന ആ സമയം. പിന്നീട് 2005ല്‍ ഭൂരിപക്ഷം ഓഹരികളും വിറ്റു. ഇതേവര്‍ഷം ജുപീറ്റര്‍ ക്യാപിറ്റലിനും തുടക്കമിട്ടു. തുടര്‍ന്ന് ഈ സ്ഥാപനംവഴി ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഉടമസ്ഥ അവകാശം സ്വന്തമാക്കുകയും ചെയ്തു.
എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യമാണ് തന്നെ എൽപ്പിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത് പൂർത്തീകരിച്ച് മാത്രമേ താൻ മടങ്ങിപ്പോകൂവെന്നും തന്റെ എല്ലാ സമയവും അതിനായി സമർപ്പിക്കുന്നതായും പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റതിനുശേഷം അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിലൂടെയാണ് തന്നെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പെട്ടെന്നായിരുന്നു. സ്ഥാനാർത്ഥിത്വം നൽകിയതിലും അധ്യക്ഷ പദവിയിലും അഭിമാനമുണ്ട്. ബിജെപി രാഷ്ട്രീയ വിജയം നേടണമെന്നും രാജീവ് അറിയിച്ചു. അതിനായി കഴിഞ്ഞ ബിജെപി അധ്യക്ഷന്മാർ കഠിനാധ്വാനം നടത്തി. ബലിദാനികളുടെ ത്യാഗം മനസ്സിലാക്കിയാണ് താൻ മുന്നോട്ടുപോകുന്നത്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്നും മുന്നോട്ടും അങ്ങനെയായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അത് ഉറപ്പ് നൽകുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഒരുപാട് സാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് കേരളം പിന്നോട്ട് പോകുന്നു? കടമെടുക്കേണ്ട സ്ഥിതിയിലേക്ക് എന്തുകൊണ്ട് സംസ്ഥാനം എത്തി? രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ പോട്ടെ, തെക്കൻ സംസ്ഥാനങ്ങളിൽ നോക്കൂയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ വിശ്വാസമില്ല. എൽഡിഎഫും യുഡിഎഫും വാഗ്ദാനങ്ങൾ നൽകി പറ്റിച്ചതുകൊണ്ടാണ്. മോദിയുടെ നയങ്ങളാണ് ഇന്നത്തെ ഇന്ത്യയാക്കി മാറ്റിയത്. 11 വർഷത്തിൽ പറഞ്ഞത് ചെയ്യുമെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകി. അതാണ് കേരളത്തിൽ കൊണ്ടുവരാൻ പോകുന്ന മാറ്റമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
നോക്കുകൂലി ഉള്ള കേരളമല്ല വേണ്ടതെന്നും നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അവസരമുള്ള കേരളമാണ് വേണ്ടത്. വികസനത്തിന്റെ സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ മതത്തിലെയും വിഭാഗത്തിലെയും ആളുകൾക്ക് അവസരം ലഭിക്കണം. മാറ്റമുണ്ടാകണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
#BJPKeralaPresident #RajeevChandrasekhar