കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന മഞ്ഞപ്പിടലി മരംകൊത്തിയെ (Small Yellow Naped Woodpecker) ചേർത്തല താലൂക്കിലെ തണ്ണീർമുക്കത്ത് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ ബേർഡേഴ്സ് എഴുപുന്നയിലെ അംഗങ്ങളായ കെ.ആർ. ഹരികൃഷ്ണൻ, ഗണേഷ് മോഹൻ, അമർജ്യോതി എന്നിവർ അടങ്ങുന്ന സംഘമാണ് പക്ഷിയുടെ ശബ്ദം റിക്കാർഡ് ചെയ്യുന്നതിനൊപ്പം, ചിത്രവും പകർത്തിയത്. കഴിഞ്ഞവർഷം മാറിച്ചിലും ഈ പക്ഷിയെ കണ്ടെത്തിയെങ്കിലും ശബ്ദം റിക്കാർഡ് ചെയ്യാൻ സാധിച്ചു പക്ഷേ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിരുന്നില്ല. പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഈ പക്ഷി ഉഷ്ണകാലത്ത് തീരപ്രദേശത്തേക്ക് ദേശാടനം നടത്താറുണ്ടെങ്കിലും വനം ഇല്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് വന്നതിലാണ് കൗതുകം.
സാധാരണമായ നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്. മഞ്ഞപ്പിടലിയുടെ ശരീരത്തിന്റെ മുകൾഭാഗം ഇരുണ്ട പച്ചനിറത്തിലും അടിവശം ഇളംതവിട്ട് നിറത്തിലും. ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളിൽ ചുവപ്പുനിറവും വെള്ളപൊട്ടുകളും. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാൽ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആൺപക്ഷിക്ക് നെറ്റി മുതൽ ഉച്ചിപ്പൂ അടക്കം പിൻകഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളിൽ ചുവന്ന വര കാണാം. പെൺപക്ഷിക്ക് ഈ വരയില്ല. ഉറുമ്പുകളും ചെറുപ്രാണികളുമാണ് ഇഷ്ടഭക്ഷണം. മഞ്ഞപ്പിടലിയുടെ വരവോടെ ജില്ലയിൽ കാണുന്ന മരംകൊത്തി വർഗങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു.
![]() |
മീൻകൂമൻ |
ദിവസങ്ങൾക്ക് മുൻപാണ് അപൂർവമായ മീൻകൂമനെ (ബ്രൗൺ ഫിഷ് ഔൾ) ആലപ്പുഴയിൽ കണ്ടെത്തിയത്. പരുന്തിനോളം വലിപ്പമുള്ള, മീൻ പിടിക്കുന്ന മൂങ്ങകളെ പഴമക്കാർക്ക് പരിചിതമാണെങ്കിലും പുത്തൻതലമുറയ്ക്ക് അപൂർവകാഴ്ചയാണ്. ചേർത്തല തൈക്കാട്ടുശേരിയിൽനിന്നാണ് പൊലീസ് ഉദ്യോഗസ്ഥനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ രതീഷ് രാജൻ, പി സി വിപിൻ, അൻവിൻ എന്നിവരടങ്ങിയ സംഘം ചിത്രങ്ങൾ പകർത്തിയത്. ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ ‘ബേർഡേഴ്സ് എഴുപുന്ന' യുടെ സജീവപ്രവർത്തകനായ രതീഷ് രണ്ടുവർഷം മുമ്പും ഈ പ്രദേശത്തുനിന്ന് പക്ഷിയെ കണ്ടിരുന്നെങ്കിലും ചിത്രം പകർത്താൻ സാധിച്ചില്ലായിരുന്നു. ഒരുകാലത്ത് ആലപ്പുഴയിൽ പലയിടത്തുമുണ്ടായിരുന്ന മീൻകൂമൻ ( BROWN FISH OWL) പിന്നീട് അത്യപൂർവമായി. വനങ്ങളോട് ചേർന്ന ജലാശയങ്ങളുടെ സമീപത്താണ് ഇവയെ കൂടുതലായി കാണാറുള്ളത്. എന്നാൽ വനങ്ങളില്ലാത്ത ആലപ്പുഴയിൽ ജനസാന്ദ്രത കൂടി വന്നതിനനുസരിച്ച് ഇവയുടെ ആവാസവ്യവസ്ഥയും ഇല്ലാതായി. പാതിരാമണൽ ദ്വീപിലും മാവേലിക്കര ഭാഗത്തുമാണ് ഇതിനു മുൻപ് ഇവയെ അവസാനമായി കണ്ടത്. വ്യക്തമായ ചിത്രങ്ങൾ കിട്ടിയിരുന്നില്ല. നിലവിൽ ജില്ലയിൽ കാണപ്പെടുന്ന ഏറ്റവും വലിയ മൂങ്ങയാകും മീൻകൂമൻ. മൂങ്ങ വിഭാഗത്തിലെ കാലൻ കോഴിയേക്കാൾ വലിപ്പമുള്ള ഇവയ്ക്ക് പൂച്ചയുടേതുപോലെ തോന്നുന്ന മുഖമാണ്. തലയിൽ ചെവികൾപോലെ തൂവൽക്കൂട്ടങ്ങളൂണ്ട്. കണ്ണുകൾ നല്ല മഞ്ഞനിറത്തിലാണ്. ജന്തുശാസ്ത്ര വർഗീകരണ പ്രകാരം ‘സ്ട്രൈഗിഡേ’ കുടുംബക്കാരായ ഇവരുടെ ശാസ്ത്രനാമം ‘ കെട്ടുപ്പ സെെലോണെൻസിസ്’ (Ketupa zeylonensis) എന്നാണ്. മുൻവശം തവിട്ടുനിറമാണെങ്കിലും വീതിയേറിയ കറുപ്പുവരകൾ ഉള്ളതിനാൽ തവിട്ടും കറുപ്പും കലർന്നതുപോലെ തോന്നും.