അതിനെയെല്ലാം നിഷ്കാസനം ചെയ്തതാണ് നിലയം പ്രവർത്തിക്കുന്നത് അതുമൂലം അതിനകത്ത് താമസിക്കുന്ന യാത്രികരുടെ ആരോഗ്യത്തിന് ഭീഷണി
തലക്കെട്ട് വായിച്ചു നോക്കിയിട്ട് എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ, സംശയിക്കേണ്ട വൃത്തി കൂടിയാലും പ്രശ്നം തന്നെയാണ്, അത് ഭൂമിയിൽ ആയാലും അങ്ങ് ബഹിരാകാശത്ത് ആയാലും. അന്ധമായി എല്ലാം രോഗാണുക്കൾ ആണെന്ന് ധരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക കാരണം എല്ലാം ആവശ്യമാണ്.
പഠനം പറയുന്നത് വൃത്തി കൂടിയ സ്ഥലത്തിരുന്നാലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. പറഞ്ഞുവരുന്നത് ബഹിരാകാശ നിലയത്തെക്കുറിച്ച് തന്നെയാണ്, അവിടെ വൃത്തി കൂടി പോയതുകൊണ്ടുള്ള പ്രശ്നം അനുഭവിക്കുന്നത് അതിലെ യാത്രികരും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച 803 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഇങ്ങനെ ഒരു വെളിപ്പെടുത്തൽ വന്നത്. ഈ പരിശോധനയുടെ ഫലം പുറത്തുവന്നപ്പോഴാണ് വൃത്തി കൂടി പോയ ബുദ്ധിമുട്ട് പുറംലോകം അറിയുന്നത് കൃത്യമായി പറഞ്ഞാൽ താഴെ ഭൂമിയിൽ ഇരിക്കുന്നവർ.
മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യത്തോടെ നിലനിർത്താൻ മണ്ണിലും, വെള്ളത്തിലും കാണുന്ന സൂക്ഷ്മാണുക്കൾ ബഹിരാകാശ നിലയത്തിൽ ഇല്ല, അതിനെയെല്ലാം നിഷ്കാസനം ചെയ്തതാണ് നിലയം പ്രവർത്തിക്കുന്നത് അതുമൂലം അതിനകത്ത് താമസിക്കുന്ന യാത്രികരുടെ ആരോഗ്യത്തിന് ഭീഷണി. തന്മൂലം ബഹിരാകാശയാത്രികർക്ക് പലപ്പോഴും ചൊറിച്ചിൽ, ജലദോഷം, ഫംഗസ് അണുബാധ, ഷിംഗിൾസ് തുടങ്ങിയ രോഗപ്രതിരോധ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ സൂക്ഷ്മജീവികളുടെ വൈവിധ്യത്തിൻ്റെ അഭാവം സഹായിക്കും, പഠനം പറയുന്നു.
ഭാവിയിൽ, ഈ സൂക്ഷ്മാണുക്കളെ ബഹിരാകാശ നിലയങ്ങളിൽ സ്ഥാപിക്കുന്നത് ശുചിത്വം ത്യജിക്കാതെ തന്നെ ബഹിരാകാശയാത്രികരുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു. എന്ന് പറഞ്ഞാൽ ബഹിരാകാശ നിലയം അല്പം ഒന്ന് വൃത്തികേട് ആക്കിയാൽ മതി. ഇത് സംബന്ധിച്ച പഠനം സെൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"ബഹിരാകാശ നിലയങ്ങൾ ഉൾപ്പെടെയുള്ള ഭാവിയിൽ നിർമ്മിക്കുന്ന പരിതസ്ഥിതികൾക്ക്, ഭൂമിയിൽ അനുഭവപ്പെടുന്ന പ്രകൃതിദത്തമായ സൂക്ഷ്മജീവികളുടെ സമ്പർക്കത്തെ നന്നായി അനുകരിക്കുന്ന വൈവിധ്യമാർന്ന സൂക്ഷ്മജീവ സമൂഹങ്ങളെ മനഃപൂർവ്വം വളർത്തിയെടുക്കുന്നതിൽ നിന്ന് പ്രയോജനം നേടാം", സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ റോഡോൾഫോ സാലിഡോ പറഞ്ഞു.