ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ കാൽഭാഗം പിന്നിടുമ്പോൾ സൈബർ (cyber crime) കുറ്റകൃത്യങ്ങൾ എന്താണെന്ന് പലർക്കും അറിയാം പക്ഷേ ഈ സാങ്കേതികവിദ്യയുടെ ഒക്കെ തുടക്കകാലത്ത് ഇങ്ങനെ ഒന്നിനെ കുറിച്ച് പലർക്കും അറിയില്ലായിരുന്നു.സൈബർ കുറ്റകൃത്യങ്ങൾ എന്ന വാക്ക് പോലും അത്ര പരിചിതമല്ലാത്ത കാലത്ത്, ഡിജിറ്റൽ ലോകത്തെ ഒരു കൊലപാതകത്തിനായി ഉപയോഗിച്ച ഒരു കേസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു 1990 കളുടെ അവസാനം.
കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലകൾ ഇന്റർനെറ്റ്, സ്മാർട്ട് ഫോണുകൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം. ലോകത്തെ ആദ്യ സൈബർ കുറ്റകൃത്യം എന്ന് കരുതപ്പെടുന്നത് അമേരിക്കയിൽ 1999 നടന്ന കൊലപാതകമാണ്. പൂർണമായും സൈബർ ക്രൈം എന്ന് വിളിക്കാനാകില്ല എങ്കിലും ഡിജിറ്റൽ സാങ്കേതികവിദ്യകൾ കൊലപാതകത്തിന് ഉപയോഗിച്ചു എന്നതിനാൽ ഈ കേസിന് സൈബർ കുറ്റകൃത്യമായാണ് കരുതപ്പെടുന്നത്.
ഒരു ‘സൈബർ ക്രൈം’ എന്ന് ആധുനിക തലത്തിൽ വിളിക്കാനാവില്ല. കാരണം, കുറ്റകൃത്യം നടന്നത് ഭൗതിക ലോകത്താണ്. എന്നാൽ, ആ കൊലപാതകത്തിനുള്ള ഗൂഢാലോചനയും അതിലേക്കുള്ള വഴിയും തുറന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനെ ലോകത്തിലെ ആദ്യത്തെ ‘ഇൻ്റർനെറ്റ് സഹായത്തോടെ നടന്ന കൊലപാതകം’ അഥവാ ആദ്യകാല സൈബർ കുറ്റകൃത്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു.
ആ കേസിൻ്റെ പേര് ഷാരി മില്ലർ കേസ്. ഷാരി മില്ലർ, ഭർത്താവ് ബ്രൂസ് മില്ലർ, പിന്നെ ഇൻ്റർനെറ്റിൽ ഷാരി മില്ലർ പരിചയപ്പെട്ട ജെറി കാസഡെ. പരമ്പരാഗത വഴികളിലൂടെയല്ലാതെ, ഇൻ്റർനെറ്റ് ചാറ്റ് ഫോറങ്ങളിലെ അപരിചിത ലോകത്താണ് ഷാരിയും ജെറിയും പരിചയപ്പെടുന്നത്. ആ പരിചയം വളർന്നു, ഒരു രഹസ്യബന്ധമായി മാറി. ആ ബന്ധം ഒടുവിൽ എത്തിനിന്നത് ഒരു ഭീകരമായ തീരുമാനത്തിലേക്കായിരുന്നു. ഭർത്താവായ ബ്രൂസ് മില്ലറെ ഇല്ലാതാക്കുക.
ഷാരി തൻ്റെ പദ്ധതി നടപ്പിലാക്കാൻ ഉപയോഗിച്ചത് ഈ ഇൻ്റർനെറ്റ് കാമുകനെയായിരുന്നു. ഡിജിറ്റൽ ലോകത്തിലൂടെ അവർ ഗൂഢാലോചന നടത്തിയതിൻ്റെ ഫലമായി ജെറി കാസഡെ, ഷാരിയുടെ ഭർത്താവ് ബ്രൂസ് മില്ലറെ കൊലപ്പെടുത്തി. തുടക്കത്തിൽ ഒരു സാധാരണ കൊലക്കേസായി തോന്നിയെങ്കിലും, അന്വേഷണം മുന്നോട്ട് പോയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
കുറ്റാന്വേഷകർക്ക് മുന്നിൽ നിർണ്ണായക തെളിവുകളായത് അന്നത്തെ സാങ്കേതികവിദ്യകളായിരുന്നു. ഇൻ്റർനെറ്റ് ചാറ്റുകൾ, കമ്പ്യൂട്ടറിലെ ബ്രൗസിങ് ഹിസ്റ്ററി, അയച്ചതും ലഭിച്ചതുമായ ഇ-മെയിൽ സന്ദേശങ്ങൾ. പിന്നീട് കുറ്റാന്വേഷണ രംഗത്ത് അധികം ഉപയോഗിക്കാത്ത ഈ ഡിജിറ്റൽ തെളിവുകൾ ഷാരിയുടെയും ജെറിയുടെയും രഹസ്യങ്ങളെ ഓരോന്നായി പുറത്തുകൊണ്ടുവന്നു. ഗൂഢാലോചനയുടെ നാൾവഴികളും ലക്ഷ്യവും ആ ഡിജിറ്റൽ ഡാറ്റയിൽ വ്യക്തമായിരുന്നു.
ഷാരി മില്ലർ കേസ് ലോകത്തിന് നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു. ഇൻ്റർനെറ്റ് എന്നത് വെറും വിവര കൈമാറ്റത്തിനോ വിനോദത്തിനോ ഉള്ള ഒരു ഉപാധി മാത്രമല്ല, അത് കുറ്റകൃത്യങ്ങൾക്കുള്ള ഒരു അപകടകരമായ ഉപകരണമായി മാറാനും സാധ്യതയുണ്ടെന്നും ആ കേസ് തെളിയിച്ചു. ഇൻ്റർനെറ്റിനെ കുറ്റകൃത്യം നടത്തുന്നതിന് ഒരു ഉപകരണമാക്കി ഉപയോഗിച്ചു എന്നതുകൊണ്ടാണ് ഷാരി മില്ലർ കേസ് ലോകത്തെ ആദ്യത്തെ ഇൻ്റർനെറ്റ് കൊലപാതകമായി കണക്കാക്കുന്നത്. ഡിജിറ്റൽ യുഗം അതിൻ്റെ ഇരുണ്ട മുഖം ലോകത്തിന് മുന്നിൽ ആദ്യമായി വെളിപ്പെടുത്തിയ നിമിഷം…