ചങ്ങനാശ്ശേരി KSRTC ബസ് സ്റ്റാൻഡിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പഴയ കിണർ കണ്ടെത്തി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാൻഡിലെ തറ പൊളിക്കുന്നതിനിടയാണ് തൊഴിലാളികൾ ഒരു കിണർ കണ്ടെത്തുന്നത് തുടർന്ന് പ്രവർത്തികൾ നിർത്തിവെച്ചു പരിശോധന നടത്തി.
വർഷങ്ങൾക്കു മുമ്പ് ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളുടെ സ്വകാര്യ വസ്തുവിൽ ഉണ്ടായിരുന്ന കിണറാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്, പിന്നീടാണ് ഇവിടെ ബസ്റ്റാൻഡ് നിർമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികളുടെ കയ്യിൽ നിന്ന് വസ്തു വാങ്ങിയാണ് ഇവിടെ ബസ്റ്റാൻഡ് നിർമിച്ചിരുന്നത് പക്ഷേ അന്ന് കിണർ അതേപടി നിലനിർത്തിയിരുന്നു, പിന്നീട് കിണറിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കിണറിന്റെ മുകൾഭാഗം മൂടുന്നത്.
രാജവാഴ്ച നിലനിന്നിരുന്ന ചങ്ങനാശേരിയിൽ നിർമ്മിച്ച പഴയ കിണറിന് ചുറ്റും അരഞ്ഞാണവും, മുഖവും എല്ലാ നിലനിൽക്കുന്നത് കൗതുകമായി. എട്ടുവീട്ടിൽ പിള്ളമാരും, മാർത്താണ്ഡവർമ്മയും ഒക്കെ ഭരിച്ച നാട് അക്കാലത്താണ് ഈ കിണർ നിർമ്മിച്ചതെന്ന ചോദ്യവും നിലനിൽക്കുന്നു. കണ്ടെത്തിയ കിണർ രാജഭരണകാലത്ത് നിർമ്മിച്ചതാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു.