ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ മാർപാപ്പ ഫ്രാൻസിസ്(Pope-francis) ഇനി തന്റെ ഇഷ്ട ദേവാലയത്തിൽ നിത്യ നിദ്ര.
![]() |
സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നിന്ന് അവസാന യാത്ര |
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വത്തിക്കാനിൽ നിന്ന് നാല് കീലോ മീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് പാപ്പക്ക് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെയാണ് (വത്തിക്കാൻ സമയം രാവിലെ 10.30) സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ലോകനേതാക്കളുൾപ്പടെ ലക്ഷക്കണക്കിനാളുകളാണ് സംസ്കാര ചടങ്ങിനായി എത്തിയത്.
കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാർമികത്വം വഹിച്ചത്. പാവങ്ങളുടെ പാപ്പയെ അവസാനമായി കാണാൻ രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് എത്തിച്ചേർന്നത്. 55 രാഷ്ട്രത്തലവന്മാരുള്പ്പെടെ 130 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകളും സജ്ജീകരിച്ചിരുന്നു.
ദിവ്യബലിയോടെയാണ് സംസ്കാരച്ചടങ്ങുകൾ തുടങ്ങിയത്. ഇതിനു ശേഷം വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയി. വലിയ ഇടയനെ അവസാനമായി കാണാൻ ചത്വരത്തിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.സംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ള പെട്ടി അവസാനമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കും തുടർന്ന് നാല് കിലോമീറ്റർ അകലെ റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കൊണ്ടുപോയി, അവിടെ സംസ്കാരം. വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു മേരി മേജർ ബസിലിക്ക. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നു.
കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേക്കൊപ്പം കർദിനാൾമാരായ റോജർ മൈക്കിൾ മഹോനി, ഡൊമിനിക് മമ്പേർത്തി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യ വൈദികൻ മൗറോ ഗമ്പെത്തി, എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരും സംസ്കാരച്ചടങ്ങിൽ സഹകാർമികരായി. ചടങ്ങില്‍ പോപ്പിന്റെ സമാധാന നിലപാട് സഭ ഉയർത്തിപ്പിടിച്ചു. സംസ്കാര ചടങ്ങിൽ ജിയോവാനി ഈ നിലപാട് എടുത്തുപറഞ്ഞു. അഭയാർത്ഥികളോടുള്ള അനുകമ്പയാൽ ഫ്രാൻസിസ് മാർപാപ്പയുടെ പൗരോഹത്യ കാലം എങ്ങനെ നിർവചിക്കപ്പെട്ടു എന്നതിനെക്കുറിച്ച് കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ സംസാരിച്ചു. മതിലുകളല്ല പാലം പണിയാന്‍ ആഗ്രഹിച്ചയാളാണ് പാപ്പ എന്നും സഭ പറയുന്നു.
More readPOPE FRANCIS;അവസാന യാത്രയ്ക്ക് മുൻപ് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ
ട്രംപും സെലൻസ്കിയും മക്രോണും അടക്കം ലോകനേതാക്കൾക്ക് മുന്നിൽ മടക്കയാത്രയിലും സമാധാനാഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ നിലകൊണ്ടു. മതിലുകൾ ഇല്ലാതാക്കാനും പാലങ്ങൾ നിർമ്മിക്കാനും ലോകത്തിന് ആഹ്വാനം നൽകിയ പോപ്പിനെ അനുസ്മരിച്ച് ബാറ്റിസ്റ്റ റേയുടെ ധ്യാനപ്രസംഗത്തിന് വൻ കരഘോഷത്തോടെ ആയിരുന്നു വിശ്വാസികളുടെ മറു പ്രതികരണം.
![]() |
അന്ത്യവിശ്രമത്തിനായി പോപ്പിന്റെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് |
പാപ്പയുടെ ശവപേടകം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് ഘോഷയാത്രയായാണ് എത്തിച്ചത്. വത്തിക്കാൻ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ടൈബർ നദിക്ക് മുകളിലൂടെ സഞ്ചരിച്ച് മധ്യ റോമിലൂടെ പിയാസ വെനീസിയയിലെത്തി കൊളോസിയം കടന്ന് വടക്കോട്ട് തിരിഞ്ഞാണ് മൃതശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ബസിലിക്കയിൽ എത്തിച്ചേർന്നത്.ചരിത്രം ഉറങ്ങുന്ന റോമിന്റെ നഗരവീഥിയിലൂടെ, വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അതേ വാഹനത്തിൽ അവസാനയാത്ര കാണാൻ റോഡിന് ഇരുവശത്തും നിന്ന ജനങ്ങൾ കരഘോഷത്തോടെയാണ് തങ്ങളുടെ പാപ്പയോട് വിടചൊല്ലിയത്.
ഒടുവിൽ സെൻറ്.മേരി മജോറി ബസലിക്കയിലേക്ക് നിശ്ചലനായി ഫ്രാൻസിസ് മാർപാപ്പയെത്തി. പടവുകളിൽ വെള്ളപ്പൂക്കളുമായി ദരിദ്രരും അശരണരും തടവുകാരുമായ 40 പേർ കാത്തുനിന്നു.അശരണരുടെ ഒരു സംഘമാണ് പാപ്പയുടെ മൃതശരീരം ബസിലിക്കയിൽ ഏറ്റുവാങ്ങിയത്. ചെറുപ്രാർഥനകൾക്ക് ശേഷമാണ് മേരിയുടെ പള്ളിയിലെ മണ്ണിൽ പാപ്പയെ കബറടക്കിയത്. പൊതുജനങ്ങള്‍ക്ക് ചടങ്ങുകളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതല്‍ ജനങ്ങള്‍ക്കായി ഇവിടം തുറന്നുകൊടുക്കും.
സാധാരണയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാർപാപ്പമാരുടെ ഭൗതികശരീരം അടക്കം ചെയ്യുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജർ ബസിലിക്കയിൽ, മാതാവിന്റെ പ്രശസ്തമായ സാലസ് പോപ്പുലി റൊമാനി എന്ന ചിത്രം സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ ചാപ്പലിനും, സ്ഫോർസ ചാപ്പലിനും നടുവിലുള്ള ഇടുങ്ങിയ സ്ഥലത്തെ കല്ലറയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. അലങ്കാര പണികളൊന്നും കൂടാതെയുള്ള ഒരു മാർബിൾ കഷണത്തിൽ ഫ്രാൻസിസ്കസ് (FRANCISCUS) എന്ന ലത്തീൻ ഭാഷയിലുള്ള പാപ്പയുടെ പേര് മാത്രമായിരിക്കും കല്ലറയിൽ ആലേഖനം ചെയ്യുക. അതോടൊപ്പം മാർപാപ്പയുടെ ഔദ്യോഗിക മാലയിലെ കുരിശും മാർബിളിൽ പ്രതിഷ്ഠിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള അൾത്താരയ്ക്ക് സമീപത്താണ് ഈ കല്ലറയുടെ സ്ഥാനം.
![]() |
ആചാരപ്രകാരം മുഖം മറക്കുന്നു |
പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അർധരാത്രിയാണ് അടച്ചത്.
![]() |
മാർപാപ്പയുടെ ശവപേടകം അടയ്ക്കുന്നു |
ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ,ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് വത്തിക്കാനിൽ എത്തിയ പ്രധാനികൾ. കിംഗ് ചാൾസിന്റെ പ്രതിനിധിയായി വില്യം രാജകുമാരനാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഡോണാൾഡ് ട്രംപിനൊപ്പം പങ്കാളി മെലാനിയ ട്രംപും വത്തിക്കാനിലെ ചടങ്ങുകളുടെ ഭാഗമായി. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും വത്തിക്കാനിലെ ചടങ്ങുകളുടെ ഭാഗമായി.