മലയാള ഭാഷയറിയാത്ത തമിഴ് ബാലൻ തെരുവിൽ കൈയൊഴിച്ചുവിട്ട തടിയൻ പുസ്തകം; ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു. മംഗലാപുരത്തെ ബാസൽമിഷൻ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പ്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ആദ്യത്തെ നിഘണ്ടു.
153 വർഷം മുൻപ് അച്ചടിമഷി പുരണ്ട പുസ്തകം നിധിപോലെ രവികുമാറിന്റെ ശേഖരത്തിലുണ്ട്.ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് മലയാളവിഭാഗം അധ്യാപകനായിരുന്നു കുന്നന്താനം ഇളങ്കൂറ്റിൽ കുടുംബാംഗമായ ഡോ. ബി. രവികുമാർ. 1985-ൽ മദ്രാസ് സർവകലാശാലയിൽ എംഫിൽ ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി നിഘണ്ടു കണ്ണിൽപ്പെടുന്നത്. യൂണിവേഴ്സിറ്റിക്കടുത്ത് മൗണ്ട് റോഡിൽ തെരുവ് കച്ചവടം നടക്കുന്നയിടത്ത് പഴയപുസ്തകം വിൽക്കുന്ന പയ്യന് എങ്ങനെയോ കൈയിൽ കിട്ടിയതാണ് ഗുണ്ടർട്ടിന്റെ നിഘണ്ടു. കാലങ്ങളായിട്ടും ആരും വാങ്ങിയില്ല (ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല). ഒരുനാൾ, പുസ്തകം മറിച്ചുനോക്കിയ രവികുമാറിന് പണം വാങ്ങാതെ നിഘണ്ടു അവൻ കൈമാറി. ഭാരം ഒഴിവാക്കുകമാത്രമായിരുന്നു അവന്റെ ലക്ഷ്യമെന്ന് രവികുമാർ പറയുന്നു.
നിഘണ്ടുവിൽ ആകെയുള്ളത് 1116 പേജുകൾ.40 വർഷമായി പുസ്തകം രവികുമാറിന്റെ വീട്ടിലുണ്ട്. ഗവേഷക വിദ്യാർഥികളടക്കമുള്ളവർ പരിശോധനയ്ക്കായി നിഘണ്ടു തേടിവരുന്നുണ്ട്. ആദ്യപതിപ്പ് എത്രകോപ്പിയായിരുന്നുവെന്ന് വ്യക്തമല്ല. കേരളത്തിൽ എത്ര കോപ്പികൾ ഇപ്പോൾ അവശേഷിക്കുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല. ആദ്യപതിപ്പിന്റെ മറ്റ് കോപ്പികൾ ഇപ്പോൾ അവശേഷിക്കുന്നതായി അറിവില്ലെന്ന് രവികുമാർ പറയുന്നു. 1872-ൽ പുറത്തിറങ്ങിയ പതിപ്പിന്റെ 150-ാം വാർഷികം 2022-ൽ ഭാഷാസ്നേഹികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
1000 അധികം പേജുകൾ ; തിരുവല്ല സ്വദേശിക്ക് അന്ന് തെരുവിൽ നിന്ന് കിട്ടിയത് പ്രതീക്ഷിക്കാത്ത അപൂർവ്വ പുസ്തകം
ഏപ്രിൽ 24, 2025
Tags