കേരളത്തിൽ അറസ്റ്റ് ചെയ്തത് 790 പേരെ
![]() |
| ഇന്ദിരാഗാന്ധി |
ഒരു രാജ്യത്തെ അല്ലെങ്കിൽ ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻറ് ഉള്ള രാജ്യത്തിലെ എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും, മാധ്യമ സ്വാതന്ത്ര്യത്തെയും, പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തിയ, കോടതിവിധിയിലൂടെ നഷ്ടപ്പെട്ട അധികാരം നിലനിർത്താൻ വേണ്ടി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് ഭരണകൂടം ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്ക് (state emergency @50) ജൂൺ 25ന് 50 വർഷം.
1971ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ഇന്ദിരാഗാന്ധി സർക്കാർ (Indira Gandhi government) സംവിധാനങ്ങൾ ഉപയോഗിച്ച് ഫലം തനിക്ക് അനുകൂലമാക്കുന്നതിന് വേണ്ടി ശ്രമിച്ചു എന്നായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. ഈ കേസിൽ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12ന് ഇന്ദിരാഗാന്ധി കുറ്റക്കാരി ആണെന്ന് വിധിച്ചു, എന്ന് മാത്രമല്ല റായിബറലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി അടുത്ത ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കുകയും ചെയ്തു.ഇന്ദിരയുടെ റായ്ബറേലിയിലേ പ്രധാന എതിരാളിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവ് രാജ് നാരായണൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
ജൂൺ 16 പശ്ചിമബംഗാൾ മുഖ്യമന്ത്രി സിദ്ധാർഥ ശങ്കർ റേ ഇന്ദിരയെ സന്ദർശിക്കുന്നു, ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഉപദേശിക്കുന്നു. അപ്പീൽ സുപ്രീം കോടതിയിലേക്ക്. 1975 ജൂൺ 24 സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ചിൽ വാദം കേട്ട മലയാളിയായ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അലഹബാദ് ഹൈക്കോടതിയുടെ വിധി സാധുവാണെന്നും അതേസമയം പ്രധാനമന്ത്രിയായി തുടരാമെന്നും എന്നാൽ വോട്ടവകാശം ഇല്ലാതെ പാർലമെൻറ് നടപടികളിൽ പങ്കെടുക്കാം എന്നും വിധിക്കുന്നു.
രാജ്യത്ത് പ്രതിഷേധം കനക്കുന്നു.അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പോകുന്ന വിവരം തുടക്കത്തിൽ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും സിദ്ധാർത്ഥ ശങ്കർ റേയും മാത്രമാണ് അറിഞ്ഞത്, പക്ഷേ ആഭ്യന്തരമന്ത്രി അറിഞ്ഞില്ല!. ജൂൺ 25ന് രാത്രി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആരംഭിച്ചു. ജയപ്രകാശ് നാരായണൻ, എ ബി വാജ്പേയി, എൽ കെ അദ്വാനി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, തുടങ്ങിയവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.1975 ജൂൺ 25 ഭരണഘടനയുടെ വകുപ്പ് 352 പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡൻറ് ഫക്രുദീൻ അലിയോട് ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ ശുപാർശ.
1975 ജൂൺ 25 രാത്രി 11.45 ഫക്രുദീൻ അലി കേന്ദ്രസർക്കാരിന്റെ ശുപാർശയിൽ ഒപ്പുവയ്ക്കുന്നു, അടിയന്തരാവസ്ഥ പ്രാബല്യത്തിലായി. തൊട്ടുപുറകെ രാത്രി 12 മണിക്ക് ദല്ഹിയിലെ പത്രങ്ങളുടെ ആപ്പീസുകള് സ്ഥിതി ചെയ്തിരുന്ന ബഹാദൂര് ഷാ സഫര് മാര്ഗിലെ വൈദ്യുതി വിച്ഛേദിക്കുന്നു അതോടെ വിവരം പുറത്ത് വരാനും വൈകി.ആഭ്യന്തരമന്ത്രി കെ. ബ്രഹ്മാനന്ദ റെഡ്ഡി ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് ആഭ്യന്തര അടിയന്തരാവസ്ഥയെ കുറിച്ച് അറിയുന്നത്. ജൂൺ 26 പുലർച്ചെ ആറരയ്ക്ക് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചാണ് ഇന്ദിരാ ഗാന്ധി മന്ത്രിസഭാ അംഗങ്ങളോട് സ്റ്റേറ്റ് എമർജൻസിയെ കുറിച്ച് പറയുന്നത്.പിന്നീടുള്ള 21 മാസം ജനാധിപത്യ സങ്കൽപ്പങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് രാജ്യം കണ്ടത്. ഒടുവിൽ 1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് കേരളത്തിൽ ഭരിക്കുന്നത് സിപിഐക്കൊപ്പം കോൺഗ്രസ്(CPI , Congress ).ഇക്കാലത്താണ് ഇപ്പോഴും ദുരൂഹമായി തുടരുന്ന രാജൻ കേസ് ഉണ്ടാവുന്നത്. സിപിഐ നേതാവ് സി. അച്യുതമേനോൻ (C. Achuthamenon) മുഖ്യമന്ത്രിയും, പിൽക്കാലത്ത് ലീഡർ എന്നറിയപ്പെട്ട കോൺഗ്രസ് നേതാവ് കെ. കരുണാകരൻ (k. Karunakaran) ആഭ്യന്തരമന്ത്രിയും ആയിരിക്കുന്ന സമയം. മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അച്യുതമേനോനെ നിഷ്പ്രഭനാക്കി ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എങ്ങനെ കേരളത്തിൽ നടപ്പാക്കാം അതിന് ഏതെല്ലാം വിധത്തിൽ ജനാധിപത്യത്തെയും, നിയമസഭയും നിഷ്പ്രഭമാക്കി കരുണാകരൻ ഭരിച്ചു.
ആഭ്യന്തര വകുപ്പ് കരുണാകരൻ ഭരിക്കുന്ന സമയം രാജൻ എന്ന വിദ്യാർത്ഥിയെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു പിന്നീട് അവനെ കുറിച്ച് ഒരു വിവരവും ഉണ്ടാവുന്നില്ല.മകൻ രാജനെ കണ്ടെത്തുന്നതിന് സഹായം തേടി ഫോണിൽ വിളിച്ച പിതാവ് ഈച്ചരവാര്യരോട് ‘നിങ്ങളുടെ മകനെയും തെരഞ്ഞ് നാട്ടിലെ പൊലീസ് സ്റ്റേഷനുകൾ ഞാൻ കയറിയിറങ്ങണമെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്’ എന്ന് ചോദിച്ച അച്യുതമേനോനെയും കണ്ടു. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമുൾപ്പെടെ 12 എം.എൽ.എമാർ ജയിലിലാണ്. നക്സലൈറ്റുകൾ, സി.പി.എം പ്രവർത്തകർ, സോഷ്യലിസ്റ്റുകൾ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുംപെട്ട ആയിരക്കണക്കിനാളുകൾ ജയിലിലടക്കപ്പെട്ടു ഈ കാലയളവിൽ. . ‘കക്കയ’വും ‘കൗസ്തുഭ’വും ശാസ്തമംഗലവുമടക്കം പൊലീസിന്റെ കുപ്രസിദ്ധ തടങ്കൽപ്പാളയങ്ങളിൽ മനുഷ്യത്വവും അവകാശങ്ങളും മൃഗീയമായി ചവിട്ടി അരയ്ക്കുന്നതിന്റെ നെഞ്ചുലക്കുന്ന അധികാര ദുർവിനിയോഗത്തിന്റെ അനുഭവ സാക്ഷ്യങ്ങളിലായിരുന്നു കേരളം.
790 പേരെയാണ് ആഭ്യന്തര സുരക്ഷാ നിയമം ആയ മീസാ പ്രകാരം കേരളത്തിൽ അറസ്റ്റ് ചെയ്തതെന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഷാ കമ്മീഷൻ കണ്ടെത്തിയത്.കോഫെപോസെ അനുസരിച്ച് 97 പേരെയും ജില്ല മജിസ്ട്രേറ്റുമാരുടെ നിർദേശമനുസരിച്ച് 7134 പേരെയും അറസ്റ്റ് ചെയ്തു. ‘മിസ’ പ്രകാരം അറസ്റ്റിലായവരിൽ 476 പേർ നിരോധിത പാർട്ടികളിലെ അംഗങ്ങളും 221 പേർ അംഗീകൃത പാർട്ടികളിലെ അംഗങ്ങളുമായിരുന്നു. ഇതിൽ 105 പേർ സി.പി.എം പ്രവർത്തകരാണ്. കേരളത്തിൽ അറസ്റ്റിലായവരിൽ 45 അധ്യാപകരും 34 തൊഴിലാളി സംഘടന നേതാക്കളും നാലു വനിതകളും മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. ഇന്ത്യയിൽ ഒരിടത്തും സി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടിയന്തരാവസ്ഥക്കെതിരെ ലഘുലേഖ എഴുതിയതിന് മാധ്യമപ്രവർത്തകൻ പി. രാജൻ 60 ദിവസമാണ് ജയിലിൽ കിടന്നത്.
1975 ജൂൺ 26ന് തന്നെ അടിയന്തരാവസ്ഥക്കെതിരെ എസ്.എഫ്.ഐ പ്രകടനം നടത്തിയിരുന്നു. 27ന് പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിരുന്നു. അതിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആദ്യം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസത്തിനകം മോചിപ്പിച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. 16 മാസമാണ് കണ്ണൂർ സെൻട്രൽ ജയിൽ കോടിയേരി കഴിഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. എം.എ. ബേബിയാണ് അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജി. സുധാകരനും എം. വിജയകുമാറുമടക്കം പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ട്. യൂനിവേഴ്സിറ്റി കോളജിൽ നിന്ന് നടത്തിയ പ്രകടനത്തെ പൊലീസ് ക്രൂരമായി നേരിട്ടു. ഡി.വൈ.എഫ്.ഐയുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു എം.എൽ.എ കൂടിയായ പിണറായി വിജയൻ. മൃഗീയമായി തല്ലിയാണ് പിണറായിയെ ജയിലിൽ കൊണ്ടുവന്നത്. ഇ.പി. ജയരാജൻ പ്രകടനം നടത്തിയതിന്റെ പേരിൽ രണ്ടുമാസം ജയിലിലായി.
പ്രസ്സ് സെൻസർഷിപ്പ് ആക്ട് വഴി കർശന നിയന്ത്രണം ഏർപ്പെടുത്തി. പത്രമോഫിസുകളിൽ റെയ്ഡുകൾ നടത്തി. ജപ്തി, എഡിറ്റർമാരെ കസ്റ്റഡിയിലെടുക്കൽ എന്നിവ തുടർക്കഥയായി. എഡിറ്റർമാർക്കെതിരെയുള്ള അനധികൃത കേസുകൾ പതിവായി. സർക്കാരിന്റെ അപ്പ്രൂവൽ ഇല്ലാതെ ഒരു രാഷ്ട്രീയ വാർത്തയും പോകരുത് എന്നതായിരുന്നു അന്നത്തെ പത്രനയം. ഹിന്ദുസ്ഥാനും ടൈംസ് ഓഫ് ഇന്ത്യയും സർക്കാരിനെതിരെ തൂലിക ചലിപ്പിക്കാൻ മടിച്ചപ്പോൾ ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, ഹിമ്മത്, ഹിന്ദു പോലുള്ള പത്രങ്ങൾ അടിയന്തരാവസ്ഥയെ മുന്നും പിന്നും നോക്കാതെ വിമർശന വിധേയമാക്കി.
കേരളത്തിൽ അന്നത്തെ പ്രധാന മലയാള പത്രങ്ങളായിരുന്ന മാതൃഭൂമിയും മലയാള മനോരമയും ഇന്ദിര ഗവണ്മെന്റിനെ പരസ്യമായി എതിർക്കാനുള്ള ധൈര്യം കാണിച്ചില്ല എന്ന് പറയാം. പക്ഷേ മാതൃഭൂമി എഡിറ്റോറിയലുകളിൽ ജനാധിപത്യത്തിന്റെ പ്രാധാന്യം, പൗരസ്വാതന്ത്ര്യങ്ങൾ തുടങ്ങിയ സന്ദേശങ്ങൾ ഉൾപ്പെടുത്തി സെൻസർഷിപ്പിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു. അടിയന്തരാവസ്ഥയെ വ്യത്യസ്തമായ രീതിയിൽ എതിർത്ത പത്രമായിരുന്നു കേരള കൗമുദി. പ്രത്യക്ഷ രാഷ്ട്രീയം പറയുന്നതിൽ നിന്നും മാറി കേരള കൗമുദി, എഴുത്തുകാരുടെ ലേഖനങ്ങളിലൂടെയും കമന്ററികളിലൂടെയും ജനാധിപത്യത്തെ പിന്തുണച്ചു. സുഗതകുമാരി, ഓ വി വിജയൻ, ആറ്റൂർ രവിവർമ, തുടങ്ങിയവർ സാഹിത്യത്തിന്റെ വഴികളിലൂടെ അടിയന്തരാവസ്ഥയെ വിമർശിച്ചു. ഇന്ദിരയെ തുറന്നെതിർത്ത മറ്റൊരു പത്രം ഇന്ത്യൻ എക്സ്പ്രസ്സ് ആയിരുന്നു. അതിന്റെ കേരളത്തിലെ കുറച്ച് മാധ്യമപ്രവർത്തകർ കൃത്യമായ വിമർശനങ്ങളുമായി രംഗത്തുവന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ദിരാഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധി ഡൽഹിയിൽ നടത്തി കൂട്ടിയത് കിരാതഭരണം ആയിരുന്നു എന്ന് പറയാം മറ്റൊരു അർത്ഥത്തിൽ ഡൽഹിയുടെ ഘടനയും ജനസംഖ്യയും ഒരു ദാക്ഷണ്യവും ഇല്ലാതെ മാറ്റി എഴുതാൻ ശ്രമിക്കുകയായിരുന്നു സഞ്ജയ്. അതിലൊന്നായിരുന്നു നിർബന്ധിത വന്ധ്യകരണം.1976 ഏപ്രിൽ 15ന് സഞ്ജയ് ഗാന്ധിയും ഡൽഹി ലഫ്റ്റനന്റ് ഗവർണർ കിഷൻ ചന്ദും ചേർന്ന് ഉദ്ഘാടനം ചെയ്ത ദുജാന ഹൗസ് കുടുംബാസൂത്രണ ക്യാമ്പിലേക്ക് ഓൾഡ് ഡൽഹിയിലെ റിക്ഷാ വലിക്കാർ, യാചകർ, വഴിയാത്രക്കാർ എന്നിവരെയെല്ലാം നിർബന്ധിതമായി പിടിച്ചുവലിച്ചുകയറ്റി ശുചിത്വ ക്രമങ്ങൾപോലും പാലിക്കാതെ നിർബന്ധിത വന്ധ്യംകരണത്തിനിരയാക്കി. മറ്റത്തിൽ പറഞ്ഞാൽ അമ്മയുടെ അധികാരത്തിന് കീഴിൽ മകൻ നടത്തിക്കൂട്ടിയ ഭരണകൂട ഭീകരത
നിർബന്ധിത ജനസംഖ്യാ നിയന്ത്രണത്തിനെതിരെ സ്വാഭാവികമായും പ്രതിഷേധം ഉണ്ടായി അപ്പോൾ പണം കൊടുത്ത് വശത്താകാനുള്ള ശ്രമം മറ്റൊരു വഴിക്ക് നടന്നു..പണവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ച് വന്ധ്യംകരണത്തിന് വിധേയരാവാൻ സഞ്ജയ് ഗാന്ധിയുടെ ഉറ്റ അനുയായിയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക റുക്സാന സുൽത്താന മേഖലയിലെ മുസ്ലിം സ്ത്രീ-പുരുഷന്മാർക്കിടയിൽ സമ്മർദം ചെലുത്താൻ തുടങ്ങി. ജനം വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ ദിവസേന നിശ്ചിത എണ്ണം ആളുകളെ പിടിച്ചുകൊണ്ടുപോയി നിർബന്ധിത വന്ധ്യംകരണം നടത്താനായി പൊലീസിനെ നിയോഗിച്ചു. അതിനൊപ്പം തന്നെ ബുൾഡോസറുകൾ വിന്യസിച്ച് തുർക്ക്മാൻ ഗേറ്റിൽ നിന്ന് ജമാ മസ്ജിലേക്കുള്ള വഴിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു.
പ്രതിഷേധം പല രീതിയിൽ നടന്നു ഒടുവിൽ 1976 ഏപ്രിൽ 19ന് പൊതുപണിമുടക്കിന് ആഹ്വാനം വന്നു കാരണങ്ങൾ മേൽ പറഞ്ഞപോലെ തന്നെ. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങി.പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി, നിരവധി പ്രതിഷേധക്കാർക്ക് സാരമായി പരിക്കേറ്റു. പ്രതിഷേധക്കാർ പിന്മാറിയില്ല, അവരുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു. ഫൈസേ ഇലാഹി പള്ളിക്ക് സമീപം തകർത്തിട്ട കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് പെറുക്കിക്കൂട്ടിയ കല്ലുകൾ അവർ ബുൾഡോസറുകൾക്കുനേരെ എറിയാൻ തുടങ്ങി. അവസരം കാത്തിരുന്നതുപോലെ പൊലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വെടിവെപ്പാരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പിടഞ്ഞുവീണു. കല്ലെറിയാൻ പാകത്തിന് ഒരാൾപോലും എഴുന്നേറ്റ് നിൽക്കുന്നില്ലെന്ന് ഉറപ്പാകും വരെ പൊലീസ് വെടിവെപ്പ് തുടർന്നു. പരിക്കേറ്റതും ഉയിരറ്റതുമായ മനുഷ്യ ശരീരങ്ങൾ അവിടമാകെ ചിതറിക്കിടന്നു. അധികാരികൾ കൂടുതൽ ബുൾഡോസറുകളെത്തിച്ച് ഫ്ലഡ് ലൈറ്റുകളുടെ വെളിച്ചത്തിൽ വാശിയോടെ കെട്ടിടം പൊളി തുടർന്നു.
ആ സാധു മനുഷ്യരുടെ നേർക്ക് നടത്തിയ ക്രൂരതകൾ അവിടെയും കൊണ്ട് അവസാനിച്ചില്ല.കെട്ടിടാവശിഷ്ടങ്ങളും പ്രതിഷേധ സ്ഥലത്തുനിന്ന് കോരിയെടുത്ത മൃതദേഹങ്ങളും ട്രക്കുകളിൽ കുത്തിനിറച്ച് ഇപ്പോഴും അജ്ഞാതമായ ഏതോ ഒരിടത്ത് കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നെയും പത്തു ദിവസം ബുൾഡോസറുകൾ പണിതുടർന്നു.
ദരിദ്രരും പാർശ്വവത്കൃതരും ന്യൂനപക്ഷ സമൂഹങ്ങളിൽ നിന്നുള്ളവരുമായ ഏഴുലക്ഷം പേർക്കാണ് അനധികൃതമായ കുടിയൊഴിപ്പിക്കലിൽ കിടപ്പാടം നഷ്ടപ്പെട്ടത്. തുർക്ക്മാൻ ഗേറ്റിലെ ക്രൂരമായ ‘സൗന്ദര്യവത്കരണത്തിനിടെ രണ്ട് ഡസൻ പേർ മരിക്കുകയും 50ൽ താഴെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഭരണകൂടത്തിന്റെ കണക്കുപുസ്തകത്തിലുള്ളത്. അതേസമയം ജോൺ ദയാൽ, അരുൺ ബോസ്, ബി.എം. സിൻഹ തുടങ്ങിയ സ്വതന്ത്ര അന്വേഷകരുടെ അഭിപ്രായത്തിൽ, തുർക്ക്മാൻ ഗേറ്റിൽ കുറഞ്ഞത് 400 പേരെങ്കിലും കൂട്ടക്കൊലക്കിരയായിട്ടുണ്ട്,
കോടതിയിൽ പ്രധാനമന്ത്രിയുടെ നിയമനം ചോദ്യം ചെയ്യാൻ പാടില്ല എന്നത് ഉൾപ്പെടെയുള്ള നിരവധി നിയമങ്ങൾ പാർലമെൻറ് പാസാക്കുകയും ചെയ്തു. ഇക്കാലത്താണ് പ്രശസ്തമായ ഒരു കാർട്ടൂൺ ശങ്കേഴ്സ് വീക്കിലിയിൽ പ്രസിദ്ധീകരിക്കുന്നത് അതിൽ 'പ്രസിഡൻറ് ഫക്രുദീൻ അലി കുളി തൊട്ടിയിൽ കിടന്ന് നിയമങ്ങൾ പാസാക്കുന്നതിന് വേണ്ടി ഒപ്പു ചാർത്തുന്നതാണ്'. സർക്കാർ ആഗ്രഹിക്കാത്ത ഒരു വരി പോലും മാധ്യമങ്ങളിൽ വരാതിരിക്കാൻ വിധം സെൻസർഷിപ്പ് ഏർപ്പെടുത്തി. ഇന്ദിരയാണ് ഇന്ത്യ എന്ന മുദ്രാവാക്യം രാജ്യം എങ്ങും മുഴങ്ങി.
1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷംതിരഞ്ഞെടുപ്പ് വന്നപ്പോൾ ജനതാ പാർട്ടി 345 സീറ്റ് നേടി അധികാരത്തിലെത്തി. തകർന്നടിഞ്ഞ കോൺഗ്രസിന് 187 സീറ്റ് മാത്രമാണ് ലഭിച്ചത്. ഇന്ദിരാഗാന്ധി റായ് ബറേലിയിൽ തോൽക്കുകയും ചെയ്തു.
സമകാലീന സംഭവങ്ങൾ വച്ചുനോക്കുമ്പോൾ ഒരപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.. പല നിയമങ്ങളും നേരിട്ട് അടിച്ചേൽപ്പിക്കുന്നതിന് പകരം ബിംബവത്കരണത്തിലൂടെയും, ആശയത്തിലൂടെയും അടിച്ചേൽപ്പിക്കുന്ന മറ്റൊരു കാലം....
#1975 Emergency
#VSAchuthanandan
#PinarayiVijayan
#KodiyeriBalakrishnan
#GSudhakaran
#KSYF

