lithopedion (ലിത്തോപീഡിയൻ) അവസ്ഥയെപ്പറ്റി കേട്ടിട്ടുണ്ടോ,കേട്ടിട്ടില്ലെങ്കിൽ 'നോൺ എസ്തറ്റിക് തിങ്ങ്സ്' എന്ന എക്സ് (X platform / Twitter) അക്കൗണ്ടിൽ ബുധനാഴ്ച വന്ന പോസ്റ്റാണ് ഈ വാക്ക് നെറ്റിസൺസിന്റെ ഇടയിൽ ചർച്ചയ്ക്ക് വഴി വച്ചത്.ലിത്തോപീഡിയൻ എന്ന പദം അതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് ഇടയാക്കിയ പോസ്റ്റ് ഒരു സി ടി സ്കാൻ ദൃശ്യമാണ് (CT scan).73 കാരിയുടെ സി ടി സ്കാൻ ദൃശ്യമാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. ചിത്രത്തിൽ കാണുന്നത് 'കല്ല് പ്രതിമ' പോലെ ഒരു കുട്ടിയുടെ കാഴ്ച. ഈ ചിത്രം പുറത്ത് വന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചത്, ഇന്നത്തെ കാലത്ത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉള്ള സമയം ആണല്ലോ അപ്പോൾ സ്വാഭാവികമായും ചർച്ച വരും. എന്നാൽ ചിത്രത്തിൽ കാണുന്ന 'കല്ലു ബേബി' ഒറിജിനൽ തന്നെയാണ്, അതിനെയാണ് 'ലിത്തോപീഡിയൻ' എന്ന പേരിൽ വിളിക്കുന്നത്.
ഗർഭാശയത്തിൽ വച്ച് തന്നെ 'ഗർഭസ്ഥ ശിശു' മരിക്കുകയും, ജീവൻ നഷ്ടപ്പെടുന്ന ആ ഭ്രൂണം തുടർന്ന് കാലക്രമേണ കാൽസ്യം അടിഞ്ഞുകൂടി കല്ലു പോലെയായി തീരുന്ന അപൂർവ്വ മെഡിക്കൽ പ്രതിഭാസമാണ് 'സ്റ്റോൺ ബേബി' (stonebaby). ഭ്രൂണം കല്ലിന് സമാനമാകുന്ന അവസ്ഥയാണ് ലിത്തോപീഡിയൻ (lithopedion) എന്ന് മെഡിക്കൽ സയൻസ് വിളിക്കുന്ന (Lithopedion medical condition) അപൂർണ്ണ ഭ്രൂണാവസ്ഥ. സി ടി സ്കാൻ വഴി തിരിച്ചറിഞ്ഞ് ഈ ഗർഭപിണ്ഡത്തിന് 30 വർഷം പഴക്കമുള്ളതായി തിരിച്ചറിയാൻ സാധിച്ചു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ആ ഭ്രൂണം ഒരു പൂർണ്ണ കുട്ടിയായി മാറിയിരുന്നുവെങ്കിൽ അതിന് ഇപ്പോൾ 30 വയസ്സ് പ്രായം ഉണ്ടായേനെ...!. സമൂഹമാധ്യമങ്ങൾ ഉയരുന്ന പ്രധാന ചോദ്യവും ഇതുതന്നെയാണ് ആ സ്ത്രീയെ എങ്ങനെയാണ് ഇത്രയും കാലം ഈ ഒരു അവസ്ഥയും വച്ചുകൊണ്ട് നടന്നത്?
ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത് ചരിത്രത്തിൽ ഏകദേശം 300 തവണ മാത്രമേ അപൂർവ്വമായ ലിത്തോപീഡിയൻ അവസ്ഥ രേഖപ്പെടുത്തിയിട്ടുള്ളു എന്നാണ്. എന്നാൽ സമാനമായ മറ്റൊരു സംഭവം 2013 ൽ 82 വയസ്സുള്ള കൊളംബിയകാരിയുടെ വയറ്റിൽ നിന്ന് 40 വർഷം പഴക്കമുള്ള ലിത്തോപീഡിയൻ ഭ്രൂണം കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോൾ ആണ് ഈ വിവരം പരിശോധനയിലൂടെ പുറത്തു വരുന്നത്.
ലിത്തോപീഡിയൻ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത് ഗ്രീക്ക് പദങ്ങളായ ലിത്തോസ് (കല്ല്), പീഡിയന് (കുട്ടി) എന്നിവ കൂടിച്ചേർന്നാണ് ഉണ്ടായതെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു. 1582 ൽ ഫ്രഞ്ച് നഗരമായ സെൻസിൽ ആണ് ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. അന്ന് 68 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്യുമ്പോഴാണ് ലിത്തോപീഡിയൻ അവസ്ഥ ആദ്യമായി ഡോക്ടർമാർ കണ്ടെത്തുന്നത്.ഡോക്ടർ ജീൻ ഡി ഐലെബൗസ്റ്റിന്റെ ഒരു പ്രബന്ധത്തിൽ ഈ സംഭവം വിശദീകരിക്കുന്നുണ്ട് അത് പ്രകാരം ആ സ്ത്രീ ഏകദേശം 28 വർഷം ലിത്തോപീഡിയൻ വഹിച്ചതായും പറയുന്നു.
ലിത്തോപീഡിയൻ ഭ്രൂണാവസ്ഥ സംഭവിക്കുന്നത് ഗർഭാശയത്തിൽ അല്ല, അതിന് പകരം ഗർഭം രൂപപ്പെടുമ്പോൾ അടിവയറ്റിൽ സംഭവിക്കുന്നതാണ് ക്ലീവ്ലാൻഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കേസ് മെഡിക്കൽ സെന്ററിലെ ഡോക്ടർ കിം ഗാർസി പറയുന്നു, എന്നുമാത്രമല്ല വളരെ അപൂർവമായി മാത്രമേ ഇത്തരം അവസ്ഥയെപ്പറ്റി വൈദ്യശാസ്ത്ര റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവർ സൂചിപ്പിക്കുന്നു.
ലിത്തോപീഡിയൻ സംഭവിക്കാൻ കാരണം ഗർഭധാരണം പൂർണ്ണമാകാതെ വരുമ്പോൾ അല്ലെങ്കിൽ പരാജയപ്പെടുമ്പോൾ ഗർഭപിണ്ഡത്തിന് ആവശ്യമായ രക്തവിതരണം ഇല്ലാതെയാവും അങ്ങനെ വരുമ്പോൾ ശരീരത്തിന് പൂർണാവസ്ഥയിലോട്ട് എത്താതെ പോയ ഈ ശരീര വസ്തുവിനെ അല്ലെങ്കിൽ ഗർഭാശയ വസ്തുവിനെ പുറം തള്ളാൻ ഒരു മാർഗ്ഗവും ഇല്ലാതെ വരും. ശരീരം പുറത്തുനിന്നുള്ള അന്യവസ്തുക്കളെ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ചെയ്യുന്ന രോഗപ്രതിരോധ മാർഗമുണ്ട് അതേ രീതി തന്നെ ഇവിടെയും അവലംബിക്കാൻ ഗർഭാശയം നിർബന്ധിതമാകുകയും തുടർന്ന് അതിൻറെ പുറത്ത് കാൽസ്യം കാലക്രമേണ നിക്ഷേപിച്ച് കല്ലുപോലെ ആക്കി എടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
#health #raremedicalphenomena
