ട്രെയിൻ യാത്രക്കാർക്കായി ട്രെയിൻ എവിടെ എത്തി എന്ന് അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മുന്നറിയിപ്പുമായി റെയിൽവേ. ട്രെയിന്‍ പുറപ്പെടുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയുന്നതിനായി റെയിൽവേയുടെ ഔദ്യോഗിക ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES) പിന്തുടരണമെന്നും റെയില്‍വേ നിർദേശം നൽകി.
ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിങ്ങനെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാർ പൊതുവെ വേര് ഈസ് മൈ ട്രെയിന്‍, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് ഉപയോഗിക്കുന്നത്.
ഈ ആപ്പുകൾ പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് വിവരങ്ങൾ നൽകുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ അപ്പുകളിൽ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസ്സം നേരിടുന്നതും കൃത്യമായി അപ്ഡേറ്റ് ആകാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കാര്യം കണക്കിലെടുത്ത് യാത്രക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി റെയില്‍വേ എത്തിയിരിക്കുന്നത്.
സെന്റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) പ്രവർത്തിപ്പിക്കുന്ന ഔദ്യോഗിക ആപ്പാണ് NTES ആപ്പ്.റെയിൽ സംബന്ധമായ അന്വേഷണങ്ങൾക്ക് നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആപ്പുകളിൽ നിന്ന് യാത്രക്കാർക്ക് പലപ്പോഴും തെറ്റായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.NTES തെറ്റായ വിവരങ്ങൾ നൽകിയാൽ, ആവശ്യമെങ്കിൽ നഷ്ടപരിഹാരം തേടുന്നതിന് നിയമനടപടി സ്വീകരിക്കാവുന്നതാണ്.
#App #Indianrailway