വിമാനത്തിൽനിന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങൾ പുറത്തിറക്കി
![]() |
എഫ് 35 യുദ്ധവിമാനം കെട്ടി വലിച്ചു നീക്കുന്നു |
സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം തകരാർ പരിഹരിക്കുന്നതിന് ഹാങ്ങറിലേയ്ക്ക് മാറ്റി. അറ്റകുറ്റപ്പണിക്കായി ബ്രിട്ടണിൽനിന്നുള്ള സംഘം എത്തിയതിനു പിന്നാലെയാണ് വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കിയത്.
ബ്രിട്ടനിൽ നിന്ന് വിദഗ്ധരെത്തിയ ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 തിരികെ (British Air Force Airbus 400 transport plane) മടങ്ങി. വിമാനം ഒമാനിലേക്കാണ് മടങ്ങുന്നതെന്നാണ് വിവരം. വിമാനത്തിൽനിന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങൾ പുറത്തിറക്കി. ഇതിനുപിന്നാലെ എഫ് 35 ബി വിമാനം എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് കെട്ടിവലിച്ചു നീക്കി. എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്. 17 പേരടങ്ങിയ ബ്രിട്ടിഷ് സംഘമാണ് അറ്റകുറ്റപണികൾക്കായി എത്തിയത്. ബ്രിട്ടനിൽ നിന്ന് ഒമാൻ വഴി തിരുവനന്തപുരത്ത് എത്തിയ എയർബസ് 400 അറ്റ്ലസ് (Airbus 400 Atlas) ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് മടങ്ങിയത്.
![]() |
Airbus 400 Atlas |
വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കാനായി ബ്രിട്ടണിൽ നിന്നുള്ള സംഘം ഞായറാഴ്ച ഉച്ചയ്ക്ക് 12.45 നു ആണ് തിരുവനന്തപുരത്ത് എത്തിയത്. അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. ഒരാഴ്ചയോളം സംഘം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്.
വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പറത്തിക്കൊണ്ടു പോകാൻ സാധിക്കാതെ വരികയാണെങ്കിൽ, ചിറകുകൾ അഴിച്ച് കാർഗോ വിമാനത്തിൽ കൊണ്ടുപോകാനാണ് പ്ലാൻ.വിമാനം എയർലിഫ്റ്റിംഗ് നടത്തുകയാണെങ്കിൽ വിമാനത്താവളത്തിലെ പാർക്കിംഗ്, ഹാൻഡ്ലിംഗ്, ലാൻഡിംഗ് ഫീസുകൾ ബ്രിട്ടീഷ് സേന അടയ്ക്കും. വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണെന്നാണ് സൂചന. 115 ദശലക്ഷം ഡോളർ (995 കോടി രൂപ) വിലയുള്ള വിമാനമാണിത്. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റുരാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്.