![]() |
| പ്രതീകാത്മക ചിത്രം |
ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കോവിഡ് (Covid vaccine) വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
രാജ്യത്തെ കോവിഡ് 19 വാക്സിനുകളുടെ ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമാണ്. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾക്ക് കാരണം ജനിതകശാസ്ത്രം, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയാകമെന്നും പഠനം പറയുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കിടയിലെ ഹൃദയാഘാത മരണത്തിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഐസിഎംആറും എൻസിഡിസിയും വ്യത്യസ്ത പഠനങ്ങൾ നടത്തിയിരുന്നു.
രാജ്യത്തെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലായി ഐസിഎംആർ നടത്തിയ പഠനത്തിൽ കോവിഡ് 19 വാക്സിനേഷനും യുവാക്കളിലെ ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തി. 2023 മെയ് മുതൽ ഓഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. പൂർണ ആരോഗ്യവാനായിരിക്കെ 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ മരിച്ചരിലാണ് പഠനം നടത്തിയത്.
ഐസിഎംആറും ന്യൂഡൽഹിയിലെ എയിംസും ചേർന്നാണ് രണ്ടാമത്തെ പഠനം നടത്തിയത്. യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളുടെ കാരണങ്ങൾ തിരിച്ചറിയുക എന്നതുതന്നെയായിരുന്നു ഈ പഠനത്തിൻ്റെയും ലക്ഷ്യം. ഹൃദയാഘാതവും മയോർഡിയാൽ ഇൻഫാർക്ഷനുമാണ് ഈ വിഭാഗങ്ങൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണമെന്നാണ് ഈ പഠനത്തിൻ്റെ കണ്ടെത്തൽ. ജീനുകളിലെ ഡിഎൻഎ ക്രമത്തിൽ വരുന്ന മാറ്റങ്ങളും മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും പഠനം പറയുന്നു.
കോവിഡ് 19 വാക്സിനേഷനും യുവാക്കളിലെ ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് തന്നെയാണ് രണ്ട് പഠനങ്ങളും വ്യക്തമാക്കുന്നത്. കോവിഡ്19 വാക്സിനേഷൻ അപകടസാധ്യത വർധിപ്പിക്കുന്നില്ലെന്നും, അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ, ജനിതകപരമായ കാരണങ്ങളും ജീവിതശൈലി മാറ്റങ്ങളും ഇത്തരം മരണങ്ങൾക്ക് കാരണമെന്നും പഠനങ്ങൾ പറയുന്നു. കോവിഡ് 19 വാക്സിനുകളെപ്പറ്റിയുള്ള ഇത്തരം പ്രചരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും തെളിവുകളുടെ പിന്തുണയില്ലാത്തതുമാണ്. പൊതുജനാരോഗ്യത്തിനായുള്ള സർക്കാർ ശ്രമങ്ങളെ ഇത്തരം പ്രചരണങ്ങൾ ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.
#COVID19Vaccine #ICMR #AIIMS
