ബി.ജെ.പിക്കാരുടെ ബോംബേറിൽ അസ്നയുടെ കാൽ മുട്ടിന് താഴെ ചിതറി
25 വർഷങ്ങൾ ആവാൻ രണ്ടുമാസം ബാക്കി. ഒരു തദ്ദേശ തെരഞ്ഞെടുപ്പ് ദിനം. കേരളത്തിലെ തിരഞ്ഞെടുപ്പ് അക്രമ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ യാതൊന്നും അറിയാതെ ഒരു പെൺകുട്ടി ഇരയായി, അവൾ അന്ന് ബാല്യം പിന്നിട്ടില്ലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിൽ ബിജെപി (Bjp) പ്രവർത്തകരുടെ ബോംബെറിൽ അവൾക്ക് നഷ്ടമായത് സ്വന്തം കാൽ ആയിരുന്നു. കാലം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു, അവൾ ഡോക്ടർ ആയി, ഒടുവിൽ വിവാഹിതയും.
ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന (Dr. Asna) വിവാഹിതയായി.ബി.ജെ.പിക്കാർ എറിഞ്ഞ ബോംബേറ്റ് കാൽ ചിതറിയ പെൺകുട്ടി, പിന്നീട് ജീവിതത്തോട് പൊരുതി, പഠിച്ച് ഡോക്ടറായി, ഇന്ന് വിവാഹിതയായപ്പോൾ അത് മനക്കരുത്തിന്റെയും പോരാട്ടത്തിന്റെയും കൂടി പ്രതീകമാവുകയാണ്, അതോടൊപ്പം അക്രമ രാഷ്ട്രീയത്തിന്റെ ഒരു ഇരയുടെ അതിജീവനം.
![]() |
അസ്ന അന്ന് |
2000 സെപ്തംബർ 27, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനം. പോളിംഗ് ദിവസം രാവിലെ കണ്ണൂർ (KANNUR) പാട്യം പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ്-ബി.ജെ.പി (Congress -Bjp) പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. എട്ടാം വാര്‍ഡിലെ ബൂത്തായ ന്യൂ എല്‍പി സ്കൂളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തുന്ന ആരോപിച്ച് ബിജെപി പ്രവർത്തകർ അക്രമം തുടങ്ങി. ഇതേസമയം പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽ.പി സ്കൂൾ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അസ്ന. ബി.ജെ.പിക്കാരുടെ ബോംബേറിൽ അസ്നയുടെ കാൽ മുട്ടിന് താഴെ ചിതറി. സഹോദരന് ആനന്ദിനും അമ്മ ശാന്തയ്ക്കും പരിക്കേൽക്കുകയും ചെയ്തു.
കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അസ്ന 86 ദിവസം എറണാകുളത്തെ ആശുപത്രിയിൽ കിടന്നു. അന്ന് ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങൾ ഒന്നുമില്ലാത്ത കാലം, ടെലിവിഷൻ ചാനലുകളുടെ എണ്ണം വളരെ കുറവ് ഉള്ളത് പത്രങ്ങൾ മാത്രം. അന്നത്തെ ആറ് വയസ്സുകാരിയെ കേരളം നൊമ്പതോടെയാണ് കണ്ടത്, രാഷ്ട്രീയം എന്തെന്നോ? അതിൽ അക്രമത്തിന്റെ പ്രാധാന്യം എന്തെന്നോ അറിയാത്ത കൗമാരം എത്താത്ത പെൺകുട്ടി.
ഇതിനിടെ തിരഞ്ഞെടുപ്പ് ദിവസത്തിലെ ബോംബെറിൽ പ്രതികളായ 14 ബിജെപി പ്രവർത്തകരും ശിക്ഷിക്കപ്പെട്ടു. കേസിലെ ആറാം പ്രതിയായ പ്രദീപൻ ചെറുവാഞ്ചേരിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒരു കാൽ നഷ്ടപ്പെട്ടത് മൂലം ഉണ്ടായ അസ്വാതന്ത്ര്യത്തിന്റെയും മാനസിക സംഘർഷത്തിന്റെയും ഉൾപ്പെടെ എല്ലാ പ്രതിബദ്ധങ്ങളെയും മനസ്സാന്നിധ്യം കൊണ്ട് നേരിട്ട ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന, വാശിയോടെ പഠിച്ചു. 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. അന്ന് നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാകാതിരുന്ന അസ്നക്കായി സർക്കാർ 38 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു. 2020ൽ എം.ബി.ബി.എസ് എന്ന സ്വപ്നം പൂര്‍ത്തിയാക്കിയ അസ്നം നാടിന്റെ സ്വന്തം ഡോക്ടറായി സേവനം തുടങ്ങി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു അസ്നയ്ക്ക് നിയമനം ലഭിച്ചത്. നിലവിൽ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് അസ്നയുടെ വരന്. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണന്റെയും ലീനയുടെയും മകനാണ് നിഖിൽ. അസ്ന ഡോക്ടർ ആയത് ആഘോഷമാക്കിയ നാട്, അവളുടെ വിവാഹവും അതുപോലെതന്നെ ആഘോഷിച്ചു.
എം.കെ. രാഘവൻ എം.പി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അസ്നയ്ക്ക് ആശംസ നേരാൻ എത്തിയിരുന്നു.
#localelection