ഇറച്ചിവെട്ടും കാലിക്കച്ചവടവുമെല്ലാം ഒരു സ്ത്രീ ഏറ്റെടുത്ത് ചെയ്യുന്നതില്‍ തുടക്കകാലത്ത് ചുറ്റുമുള്ളവര്‍ ഇഷ്ടമല്ലായിരുന്നു.
കേരളത്തിലെ ആദ്യകാല അറവുകാരികളിൽ ഒരാളായ കാലിക്കച്ചവടക്കാരി വയനാട് ചുണ്ടേൽ ഒറ്റയിൽ റുഖിയ (66) അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ ഇറച്ചിവെട്ടുകാരിയായാണ് റൂഖിയയെ (Female Butcher Ruqiya) കണക്കാക്കുന്നത്. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം.
പിതാവ് മരിച്ചതോടെയാണ് പത്താം വയസ്സില്‍ റൂഖിയ കൂടുംബഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു.1989-ലാണ് റുഖിയ ചുണ്ടേലിൽ'ഓക്കെ ബീഫ് സ്റ്റാൾ'തുടങ്ങിയത്. അന്ന് റുഖിയയ്ക്ക് പ്രായം 23. ഖാദറിന്റേയും പാത്തുമ്മയുടേയും ഒമ്പത് മക്കളിൽ അഞ്ചാമത്തെയാളായിരുന്നു റുഖിയ. എസ്റ്റേറ്റിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന കൂലി ഒന്നിനും തികയാതെ വന്നതോടെയാണ് ബീഫ് സ്റ്റാൾ തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത്.
ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ‘ഓക്കെ ബീഫ് സ്റ്റാളി’ന് തുടക്കംകുറിച്ചു. ബീഫ് സ്റ്റാളിനു പിന്നാലെ കാലിക്കച്ചവടത്തിലും റുഖിയ ആരംഭം കുറിച്ചു. ഇറച്ചിവെട്ടും കാലിക്കച്ചവടവുമെല്ലാം ഒരു സ്ത്രീ ഏറ്റെടുത്ത് ചെയ്യുന്നതില്‍ തുടക്കകാലത്ത് ചുറ്റുമുള്ളവര്‍ ഇഷ്ടമല്ലായിരുന്നു. ഇകഴ്ത്താനും പിന്തിരിപ്പാക്കാനും ശ്രമിച്ചവരായിരുന്നു ഏറെയും എന്നാല്‍ റുഖി തന്റെ ദൃഢനിശ്ചയത്താല്‍ മുന്നോട്ട് പോവുകയായിരുന്നു.
2022-ലെ വനിതാദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കില) ആദരിച്ച സംസ്ഥാനത്ത 13 വനിതകളിൽ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴിൽ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.കറകളഞ്ഞ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായിമാത്രമേ ചുണ്ടേൽ വൈത്തിരി സ്വദേശികൾക്ക് റുഖിയാത്തയെ ഓർത്തെടുക്കാനാകൂ.
ഒരു സ്ത്രീ എങ്ങനെ ഇറച്ചി വെട്ടുകാരിയായി (Female Butcher) എന്ന് ചോദിച്ചാൽ സാഹചര്യം തന്നെയാണ് അതിന് കാരണം.തോട്ടംതൊഴിലാളിയായിരിക്കെ ലഭിച്ച തുച്ഛമായ വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടാതായതോടെയാണ് റുഖിയ വ്യത്യസ്തമായ വഴിയിലേക്ക് തിരിഞ്ഞത്.
വീട്ടിൽ കാലിക്കുട്ടികൾ കുറെയെണ്ണമുണ്ടായിരുന്നതിനെ അറവുകാരന് വിറ്റു. കുറേത്തവണ ചോദിച്ചിട്ടും പണം കിട്ടാൻ പ്രയാസം. അങ്ങനെയിരിക്ക ഒരു ദിവസം ഒരു പണിക്കാരനെയും കൂട്ടി തേയിലത്തോട്ടത്തിൽവെച്ചുതന്നെ ഒരു കിടാവിനെ അറത്തു -റുഖിയ മുൻപ് താൻ അറവിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. ആവശ്യക്കാർക്ക് വിൽപ്പനയും നടത്തിയപ്പോൾ അത്യാവശ്യം തുക മിച്ചംപിടിക്കാനായി. ഇത് രണ്ടുമൂന്നുതവണ ആവർത്തിച്ചതോടെ കച്ചവടംതന്നെ തുടങ്ങാൻ ധൈര്യമായി.
പലയിടങ്ങളിൽനിന്ന് അറവിനുള്ള കാലികളെ എത്തിക്കുന്നത് ആദ്യകാലത്ത് ശ്രമകരമായിരുന്നു. റോഡിലൂടെ നടത്തി തെളിച്ചുകൊണ്ടുവരുകയായിരുന്നു പതിവ്. പിന്നീടാണ് വാഹനസൗകര്യമെത്തുന്നത്. അതിർത്തി കടന്നും റുഖിയ കാലിക്കച്ചവടം ചെയ്തു. കാലികളെ നടത്തിച്ചുകൊണ്ടുവന്ന കാലംമുതൽ പോലീസിൽനിന്ന് നല്ല രീതിയിൽ സഹകരണം ലഭിച്ചതും തനിക്കു കച്ചവടത്തിൽ ഗുണംചെയ്തെന്ന് റുഖിയതന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.
കച്ചവടത്തിൽ തിളങ്ങിയപ്പോഴും ആദ്യകാലത്ത് സാമൂഹികമായ മാറ്റിനിർത്തലുകൾ ഏറെ നേരിട്ടുണ്ട് റുഖിയ. ഇരുപതുകൾമാത്രം പ്രായമുള്ള യുവതി പുരുഷാധിപത്യമേഖലകളിലൊന്നായ അറവിലേക്കും കന്നുകാലി കച്ചവടത്തിലേക്കും അത് കൂടാതെ അതിന് അറക്കുന്ന ജോലിയിലേക്കും എത്തിയതിനെ ഇകഴ്ത്താനും പിന്തിരിപ്പിക്കാനും വിമർശനം ഉന്നയിക്കാനും ഏറെപ്പേരുണ്ടായി. റുഖിയ വരുമ്പോൾ പരിഹസിച്ചും കൂട്ടത്തിൽ കൂട്ടാതെയും സമപ്രായക്കാരായ സ്ത്രീകൾവരെ ഒറ്റപ്പെടുത്തിയിരുന്നു. ആദ്യത്തെ പരിഹാസങ്ങൾ മാറിവരാൻ 15 വർഷമെങ്കിലും എടുത്തെന്ന് റുഖിയ മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ, റുഖിയയുടെ ഇച്ഛാശക്തിക്കുമുൻപിൽ എതിർപ്പുകൾ മാഞ്ഞു.
ചുണ്ടേൽ അങ്ങാടിയിലെ സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവസാന്നിധ്യമായിരുന്നു റുഖിയ. എട്ടു സഹോദരങ്ങളടങ്ങുന്ന കുടുംബത്തിന് തുണയായി. സഹോദരിമാരെ വിവാഹംചെയ്തയപ്പിച്ചു. എന്നാൽ, ഒരിക്കലും വിവാഹിതയാവാൻ അവർ താത്പര്യപ്പെട്ടില്ല. പ്രായാധിക്യ പ്രശ്നങ്ങള്‍ അലട്ടിയതോടെ 2014 ലാണ് അറവ് നിര്‍ത്തിയത്. അതിനുശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റ് കച്ചവടങ്ങളിലും സജീവമായി തുടര്‍ന്നു. 45 വര്‍ഷം സഹായിയായിരുന്ന കൂട്ടുകാരി ലക്ഷ്മിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. സഹോദരിയുടെ മകന് മനു അനസും മകനായി റുഖിയയോടൊപ്പം നിന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഈ പെണ് പോരാളി.
ഫുട്ബോൾ സ്നേഹിയായിരുന്നു. ചുണ്ടേലും പരിസരത്തും എവിടെ ഫുട്ബോൾ കളിയുണ്ടെങ്കിലും കാണാനെത്തും. ഫുട്ബോൾ കളിക്കാരെയും ക്ലബ്ബുകളെയും പ്രോത്സാഹിപ്പിക്കാനും നല്ല രീതിയിൽ പരിശ്രമിച്ചിരുന്നു.സഹായമഭ്യർഥിച്ച് ആരെത്തിയാലും അവർക്ക് തന്നാൽ കഴിയുന്ന സഹായം നൽകാൻ റുഖിയ മുൻനിരയിലുണ്ടായി. ചുണ്ടേൽ അങ്ങാടിയിലെ കച്ചവടക്കാർക്കിടയിൽ ഒരു പ്രയാസമുണ്ടായാൽ റുഖിയാത്ത കണ്ടും അറിഞ്ഞും ഇടപെടുന്നതായിരുന്നു പതിവ്. വരുമാനത്തിൽ വലിയ പങ്കുതന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
പൊതുജീവിതത്തിൽ നിറസാന്നിധ്യമായിരുന്ന ഒ. റുഖിയയുടെ നിര്യാണത്തിൽ ചുണ്ടേൽ പൗരാവലി അനുശോചിച്ചു. തോട്ടംമേഖലയിൽ സാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ റുഖിയ തൊഴിലാളികളുടെ അവകാശപോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ചു, യോഗത്തിൽ അനുശോചിച്ചു സംസാരിച്ചവർ പറഞ്ഞു.
വ്യാപാരരംഗത്ത് തിളങ്ങിയപ്പോഴും വരുമാനത്തിൽ ഒരു വിഹിതം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചെന്നും യോഗം സ്മരിച്ചു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. എൻ.ഒ. ദേവസ്സി, കെ.കെ. തോമസ്, കെ.എം.എ. സലീം, എം.വി. ഷൈജ, ഡെൻസി ജോൺ, ബെന്നി തോമസ്, കെ.എം. സലീം, പ്രദീപ് എന്നിവർ സംസാരിച്ചു.
#wayanad