20 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സൗദി രാജകുമാരൻ അന്തരിച്ചു.ലണ്ടനിൽ നടന്ന ഒരു വാഹനാപകടത്തെ തുടർന്ന് ആയിരുന്നു കോമയിൽ ആയത്.സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ (36) രാജകുമാരന് ആണ് രണ്ടു പതിറ്റാണ്ട് കാലം നീണ്ട അബോധാവസ്ഥയിൽ നിന്നും നിത്യതയിലേക്ക് യാത്രയായത്. കഴിഞ്ഞ 20 ആണ്ടുകളായി റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍. ഇവിടെ വച്ചായിരുന്നു അന്ത്യം. ‘ഉറങ്ങുന്ന രാജകുമാരന്’ (Sleeping Prince) എന്ന പേരില്‍ ലോകപ്രശസ്തനായിരുന്നു ഇദ്ദേഹം.
സൗദി ശതകോടീശ്വരനായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍. 2005 ല്‍ ലണ്ടനിലെ മിലിട്ടറി കോളജില്‍ പഠിക്കുന്ന കാലത്താണ് കാർ അപകടത്തില്‍പ്പെട്ട് പ്രിന്‍സ് അല്‍ വലീദിന് തലച്ചോറില്‍ രക്തസ്രാവമുണ്ടായി കോമയിലായത്.
ഇതിനെത്തുടർന്ന് അല്‍വലീദിനെ റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് 20 വർഷം അതായിരുന്നു അദ്ദേഹത്തിന്റെ ഭവനം. മകന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഇത്രയും വർഷവും കഴിഞ്ഞിരുന്നത്. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയിലാണ് അൽ വലീദ് രാജകുമാരന്റെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചത്.
#SaudiArabia #SleepingPrince