പേടകം കൃത്യമായ രീതിയിൽ തന്നെ പ്രവർത്തിച്ചു ഭൂമിയിൽ നിന്ന് കുതിച്ചുയർന്നതിനു ശേഷം സ്ഥിരത കൈവരിക്കുകയും ചെയ്തിരുന്നു
മനുഷ്യൻറെ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ കണ്ടുപിടുത്തങ്ങളും ആദ്യം വൻ പരാജയത്തിലാണ് കലാശിച്ചത്, പലതിലും ജീവാപായം വരെ ഉണ്ടായിട്ടും ഉണ്ട്, അതിൽനിന്ന് പാഠം ഉൾക്കൊണ്ട് വിമർശനങ്ങളും നേരിട്ടാണ് പലതും ഇന്നത്തെ നേട്ടങ്ങളിലേക്ക് എത്തിയത്. എന്നിട്ടും പലപ്പോഴും അപകടങ്ങൾ ഉണ്ടാവാറുണ്ട് മനുഷ്യന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയും... ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ഉള്ളതായിരുന്നു അതെല്ലാം എങ്കിൽ ഇനിയും പറയാൻ പോകുന്നത് മരിച്ചവർക്ക് വേണ്ടി ഉള്ളതായിരുന്നു.
ജർമൻ എയറോ സ്പേസ് കമ്പനി മരിച്ചവർക്ക് വേണ്ടി നടത്തിയ ബഹിരാകാശ ദൗത്യം കടലിൽ വീണു. 166 പേരുടെ ചിതാഭസ്മവും, ഭൗതിക അവശിഷ്ടങ്ങളും, കുറച്ച് കഞ്ചാവ് വിത്തുകളും ആണ് പേടകത്തിൽ ഉണ്ടായിരുന്നത്.ബഹിരാകാശ പേടകം ഭൗമാന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശന സമയത്ത് പസഫിക് സമുദ്രത്തിൽ (Pacific Ocean) തകർന്നുവീണു, ഇതോടെ നിരവധിപേർ ഏൽപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭൗതിക അവശിഷ്ടങ്ങൾ തിരിച്ചെടുക്കാൻ ആവാത്ത വിധം സമുദ്രത്തിൽ നഷ്ടപ്പെട്ടു. അതേസമയം ദൗത്യത്തിൽ പങ്കാളികളായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
ജർമ്മൻ എയ്റോസ്പേസ് സ്റ്റാർട്ടപ്പ് ദി എക്സ്പ്ലോറേഷൻ കമ്പനി (TEC) യുടെ 'മിഷൻ പോസിബിൾ' എന്ന ദൗത്യമാണ് മൃതിയടഞ്ഞവരുടെ ശേഷിപ്പുകളും, കഞ്ചാവ് വിത്തുകളും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. കഞ്ചാവ് വിത്തുകൾ കൊണ്ടുപോയത് എന്തിനാണെന്ന് വഴിയേ പറയാം.TEC തന്നെ രൂപകൽപ്പന ചെയ്ത നിക്സ് (Nyx) പേടകം 2025 ജൂൺ 23-നാണ് വിക്ഷേപിച്ചത്. ടെക്സാസ് ആസ്ഥാനമായുള്ള ബഹിരാകാശ ശവസംസ്കാര സ്ഥാപനമായ സെലെസ്റ്റിസ് വഴിയാണ് ഇതിൽ കൊണ്ടുപോകുന്നതിനുള്ള ചിതാഭസ്മങ്ങൾ സംഘടിപ്പിച്ചത്. ചിതാഭസ്മങ്ങൾ ബഹിരാകാശത്ത് എത്തിക്കുകയും ഭൂമിയെ വലംവെച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്യുംവിധമായിരുന്നു ദൗത്യം തീരുമാനിച്ചിരുന്നത്.
യു.എസിലെ കലിഫോർണിയയിലെ വാൻഡെർബർഗ് എയർഫോഴ്സ് ബേസിൽ നിന്നായിരുന്നു പേടകത്തിന്റെ വിക്ഷേപണം. പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങുന്ന പേടകത്തിൽ നിന്ന് ചിതാഭസ്മം അടക്കമുള്ളവ വീണ്ടെടുത്ത ബന്ധുക്കളെ ഏൽപ്പിക്കും എന്നായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് തിരികെ വരുന്നതിനിടെ പുനഃപ്രവേശനത്തിലെ പ്രശ്നങ്ങൾമൂലം പേടകം തകരാറിലാകുകയും അതിലെ വസ്തുക്കൾ പസഫിക് സമുദ്രത്തിൽ ചിതറി വീഴുകയും ചെയ്തു.
ആദ്യം ദി എക്സ്പ്ലോറേഷൻ കമ്പനിയുടെ Nyx (നിക്സ്) പേടകം കൃത്യമായ രീതിയിൽ തന്നെ പ്രവർത്തിച്ചു ഭൂമിയിൽ നിന്ന് കുതിച്ചുയർന്നതിനു ശേഷം സ്ഥിരത കൈവരിക്കുകയും ചെയ്തിരുന്നു.ഭൗമാന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശന സമയത്ത് ആശയവിനിമയബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, കടലിൽ പതിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് കമ്പനിക്ക് പേടകവുമായുള്ള ബന്ധം വീണ്ടും വീണ്ടും നഷ്ടപ്പെടുകയാണ് ചെയ്തത്.
'മാർഷ്യൻ ഗ്രോ' എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കഞ്ചാവ് വിത്തുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോയത്.ചൊവ്വയിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതിയുടെ ഭാഗമായിരുന്നു കഞ്ചാവ് വിത്തുകൾ. ഇതുവഴി ഭൂഗുരുത്വമില്ലായ്മ ചെടികളുടെ മുളയ്ക്കലിനെയും പ്രതിരോധ ശേഷിയെയും എത്രത്തോളം ബാധിക്കുമെന്നും ഭൂമിക്കു പുറത്തുള്ള അന്തരീക്ഷത്തിൽ ജീവന് എങ്ങനെ നിലനിൽക്കാനാകുമെന്നതും സംബന്ധിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം.
#missionpossible #Celestis