നിലവിൽ ഉപയോഗിക്കുന്ന മെസ്സേജ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി Bitchat സന്ദേശങ്ങൾ ഫോണിൽ തന്നെയാണ് സൂക്ഷിക്കുന്നത്
നിലവിൽ ഒരു മെസ്സേജിങ് ആപ്പ് ഉപയോഗിക്കണമെങ്കിൽ അത് ടെലഗ്രാം, മെറ്റാ ഉൾപ്പെടെയുള്ളവ ഉപയോഗിക്കണമെങ്കിൽ ഇൻറർനെറ്റ് വേണം, മാത്രമല്ല പ്രസ്തുത ആപ്പിൽ അക്കൗണ്ട് എടുക്കുകയും വേണം. എന്നാൽ ഇതിൻറെ ഒന്നും ആവശ്യമില്ലാത്ത മേൽപ്പറഞ്ഞ മെസ്സേജിങ് ആപ്പുകളെ വെല്ലുവിളിച്ച് ട്വിറ്ററിന്റെ സഹ സ്ഥാപകൻ ജാക്ക് ഡോർസി ആപ്പ് അവതരിപ്പിച്ചു,Bitchat (ബിറ്റ്ചാറ്റ്).
ബിറ്റ്ചാറ്റ് പ്രവർത്തിക്കണമെങ്കിൽ 'ബ്ലൂടൂത്ത്' (Bluetooth) മതി. ബ്ലൂടൂത്ത് വഴിയാണ് ഒരു മെസ്സേജ് മറ്റൊരാൾക്ക് അയയ്ക്കുന്നതും, തിരികെ വരുന്ന സന്ദേശം ബിറ്റ്ചാറ്റ് സ്വീകരിക്കുന്നതും. പുതിയ മെസ്സേജിങ് ആപ്പ് അവതരിപ്പിച്ചതോടെ, telegram, മെറ്റയുടെ ഉടമസ്ഥതയിലുള്ള Facebook Messenger, WhatsApp പോലുള്ളവയ്ക്ക് ഇതിൻറെ പ്രവർത്തന രീതി വെച്ച് ഭീഷണി ആകും എന്നാണ് കരുതുന്നത്.
ബിറ്റ്ചാറ്റ് എന്താണ്?
ബിറ്റ്ചാറ്റ് ആപ്പിന്റെ പ്രവർത്തനം പൂർണമായും BLE (ബ്ലൂടുത്ത് ലോ എനർജി) മെഷ് നെറ്റ്വർക്കുകളിലൂടെയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ വരുമ്പോൾ വികേന്ദ്രീകൃത പിയർ ടു പിയർ നെറ്റ് വർക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൊറന്റ് നെറ്റ് വർക്കിന്റെ പ്രവർത്തനം പോലെ സമീപത്തുള്ള ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സഹായത്തോടെ ഒരു പ്രാദേശിക ക്ലസ്റ്ററുകൾ സൃഷ്ടിക്കുകയും തുടർന്ന് അയക്കപ്പെട്ട സന്ദേശം എൻക്രിപ്റ്റ് ചെയ്തു കൈമാറി പോവുകയാണ് ചെയ്യുന്നത്. അതായത് നമ്മൾ അയക്കുന്ന ഒരു സന്ദേശം ആർക്കാണോ കിട്ടേണ്ടത് അത് സഞ്ചരിക്കുന്നത് സമീപത്തുള്ള ബ്ലൂടൂത്ത് ഉപകരണങ്ങൾ വഴി കയറി ഇറങ്ങിയാണ് ലക്ഷ്യത്തിൽ എത്തുന്നത്.
സന്ദേശം അയക്കുന്ന വ്യക്തി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സമീപത്തുള്ള ഏതെങ്കിലും ഉപകരണത്തിലെ ബ്ലൂടൂത്ത് കണക്ടിവിറ്റി മതി.ബിറ്റ്ചാറ്റ് ബ്ലൂടൂത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് മൊബൈൽ കണക്ടിവിറ്റിയോ, വൈ-ഫൈയോ ആവശ്യമില്ല. ഇൻറർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഇത് ഉപകരിക്കും.
മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ ബ്ലൂടൂത്തിന്റെ റേഞ്ച് 100 മീറ്റർ ആണ് എന്നാൽ Bitchat 300 മീറ്റർ ദൂരത്തിലേക്ക് സന്ദേശം കൈമാറാൻ പറ്റുമെന്ന് ഡോർസി അവകാശപ്പെടുന്നു അങ്ങനെ വരുമ്പോൾ ആ ഭാഗത്തുള്ള മറ്റേതെങ്കിലും ബ്ലൂടൂത്ത് ഡിവൈസ് വഴി സന്ദേശം സഞ്ചരിച്ച ലക്ഷ്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഉപയോഗിക്കുന്ന മെസ്സേജ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി Bitchat സന്ദേശങ്ങൾ ഫോണിൽ തന്നെയാണ് സൂക്ഷിക്കുന്നത്, പുറമേയുള്ള സെർവറുകളിൽ അല്ല പിന്നീട് ഇവ സ്വയം നീക്കപ്പെടുകയും ചെയ്യും.
ടെലഗ്രാം ഉൾപ്പെടെയുള്ള നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മെസ്സേജ് ആപ്പുകൾ (messaging application) ഉപയോഗിക്കണമെങ്കിൽ സെർവറുകളെ ആശ്രയിക്കേണ്ടിവരും കൂടാതെ ഓരോ ഫോണിലും ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സൈൻ അപ്പ് ചെയ്തേണ്ടിവരും. എന്നാൽ ബിറ്റ്ചാറ്റ് ആപ്പിൾ ഉപഭോക്താക്കൾ ഇമെയിലോ ഫോൺ നമ്പറോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യേണ്ട ആവശ്യമില്ല.സെൻസർഷിപ്പ് പ്രതിരോധത്തിനും ,സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നതിനാണ് ഈ ഡിസൈൻ രൂപകല്പന വരുത്തിയിരിക്കുന്നത്.
ബിറ്റ്ചാറ്റ് നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ടെസ്റ്റ് ഫ്ലൈറ്റിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ. എന്നാൽ ബിറ്റ്ചാറ്റ് ആപ്പ് നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, താമസിയാതെ തന്നെ ആപ്പിൾ ആപ്പ് സ്റ്റോറിൽ എത്തുമെന്നും ജാക്ക് ഡോർസി പറയുന്നു. ഒരു ഉപഭോക്താവ് ഓഫ് ലൈൻ ആണെങ്കിലും സന്ദേശങ്ങൾ അയക്കാനാവുന്ന സ്റ്റോർ ആന്റ് ഫോർവേഡ് ഫീച്ചർ ,പാസ് വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ ഉൾപ്പെടെയുള്ളവ ബിറ്റ് ചാറ്റിന്റെ സവിശേഷതകളാണ്.വൈഫൈ ഡയറക്ട് ഫീച്ചറും ഇതിൽ വരും ആഴ്ചകളിൽ എത്തും എന്നാണ് റിപ്പോർട്ട് അങ്ങനെ വരുമ്പോൾ സന്ദേശ കൈമാറ്റം കൂടുതൽ വേഗത്തിലാവും.
ബ്രിഡ്ജ്ഫി ആപ്ലിക്കേഷൻ പോലെ (ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധത്തിന് ഉപയോഗിച്ചത്) ഇൻറർനെറ്റ് ആക്സസ് ഇല്ലെങ്കിലും ബിറ്റ്ചാറ്റ് പ്രവർത്തിക്കും അങ്ങനെ വരുമ്പോൾ ഇൻറർനെറ്റിൽ സ്വാഭാവികമായി ഉണ്ടാകുന്ന തടസ്സങ്ങൾ, ഷട്ട് ഡൗൺ ചെയ്യുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമാകും എന്നാണ് വിലയിരുത്തൽ. എല്ലായിടത്തും കാണുന്നതുപോലെ ഈ ആപ്പും ദുരുപയോഗ ചെയ്യാനുള്ള സാധ്യതയും ഉണ്ടാവാം. സന്ദേശം അയക്കപ്പെടുന്ന സമയത്ത് പരിസരത്തെങ്ങും ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങൾ ഇല്ലെങ്കിൽ (ഏകദേശം 300 മീറ്റർ പരിധിയിൽ) അയക്കപ്പെടുന്ന വിവരങ്ങൾ ലക്ഷ്യത്തിൽ എത്തില്ല, എന്നാൽ അയക്കപ്പെടേണ്ട വിവരം ഫോണിൽ സൂക്ഷിച്ചതിനുശേഷം പിന്നീട് ബ്ലൂടൂത്ത് കണക്ടിവിറ്റി ലഭ്യമാകുന്ന സമയത്ത് റിലേ ചെയ്യുകയാണ് ബിറ്റ്ചാറ്റ് ചെയ്യുന്നത്.
സെർവറുകളിൽ പ്രവർത്തിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനുകൾക്ക് ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാകുന്ന സമയം അയക്കുന്ന വ്യക്തി ഒറ്റയ്ക്കാണെങ്കിലും സന്ദേശം എത്തേണ്ട ആൾക്ക് കിട്ടും. ഇവ ഉപഭോക്താക്കളുടെ ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം, അപ്പോഴാണ് ഉപയോഗിക്കാൻ അക്കൗണ്ട് പോലും വേണ്ട എന്ന വ്യത്യാസവുമായി ബിറ്റ്ചാറ്റ് കയറിവരുന്നത്. ഒരു ദുരന്തം പോലെയുള്ള അത്യാഹിത സന്ദർഭങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ തടസ്സമാകുന്ന അവസരങ്ങളിൽ അല്ലെങ്കിൽ മൊബൈൽ നെറ്റ്വർക്ക് ചെന്നെത്താത്ത പ്രദേശങ്ങളിലൊക്കെ ബിറ്റ്ചാറ്റ് ഉപകാരപ്പെടും.
#technology #internetaccess #encryptedmessage #Wi-Fi