ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്നറിയപ്പെടുന്ന 'വത്സല' ഓർമയായി. ചൊവ്വാഴ്ച മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ വെച്ചാണ് വത്സല ചരിഞ്ഞത്. നൂറ് വയസിലധികം പ്രായമുണ്ടായിരുന്നതായി മധ്യപ്രദേശ് സർക്കാർ അറിയിച്ചു. കേരളത്തിൽ നിന്നാണ് വത്സല എന്ന പിടിയാനയെ മധ്യപ്രദേശിലെ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. പിന്നീട് പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രായാധിഖ്യാത്താൽ ദീർഘദൂരം കാണാനോ നടക്കാനോ ആനയ്ക്ക് കഴിഞ്ഞിരുന്നില്ല. മൃഗഡോക്ടർമാരും വന്യജീവി വിദഗ്ധരും ആനയുടെ ആരോഗ്യം നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം മുൻകാലുകളിലെ നഖങ്ങളിൽ പരിക്കേറ്റതിനെത്തുടർന്ന് വത്സല റിസർവിലെ ഹിനൗട്ട പ്രദേശത്തെ ഖൈരയാനിന് സമീപം വീണുപോയിരുന്നു. ആനയെ ഉയർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആന ചരിഞ്ഞു.
കേരളത്തിലെ നിലമ്പൂർ കാടുകളിൽ ജനിച്ച 'വത്സല'യെ തടി വ്യാപാരത്തിലെ ജോലികൾക്കായി ഉപയോഗിച്ച് വരികയായിരുന്നു. തുടർന്ന് 1971ൽ ആനയെ മധ്യപ്രദേശിലെ ഹോഷംഗാബാദിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് 1993 ൽ ആനയെ പന്ന ടൈഗർ റിസർവിലേക്ക് എത്തിക്കുന്നത്.