എന്റെ ദൈവവിശ്വാസം നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല, ഒരു ദൈവത്തേയും വിളിച്ചിട്ടുമില്ല
മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ (Cpi(M) മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ (VS ACHUTHANANDAN) അന്തരിച്ചു.102 വയസ്സായിരുന്നു.തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പലതവണ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.
വി എസ് (VS) കേരളത്തിന് ആ രണ്ട് അക്ഷരം ഒരു വികാരമായിരുന്നു,പതിറ്റാണ്ടുകളോളം. വലിച്ചു നീട്ടിയും, കുറുക്കിയും ഉള്ള ആ സംസാരം ഇനി ചരിത്രത്തിൻറെ ഭാഗം.. അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി പോന്നു സിപിഐഎം (CPIM) രൂപീകരിച്ച സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന ഏക വ്യക്തി വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. ഒരുപക്ഷേ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കാലം ജീവിച്ചിരുന്ന രാഷ്ട്രീയ നേതാവ് ആയിരുന്നു അച്യുതാനന്ദൻ.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു യുഗമാണ് വിഎസ് എന്ന് അണികളും ജനങ്ങളും വിളിക്കുന്ന വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തോടെ അവസാനിക്കുന്നത്. കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം കൂടിയാണ് നൂറ്റാണ്ട് കണ്ട ആ ജീവിതത്തോട് അവസാനിക്കുന്നത്.
വിഎസ് 1940 മുതൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016–ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി. 2019ലായിരുന്നു അവസാനമായി പൊതു പരിപാടിയിൽ പങ്കെടുത്തത്. വർഷത്തിൽ രണ്ട് തവണയാണ് ജനിച്ച നാട്ടിൽ അദ്ദേഹം വന്നിരുന്നത്. അതിൽ ആദ്യത്തേത് ഓണസദ്യ ഉണ്ണാൻ, രണ്ടാമത്തേത് ഒക്ടോബർ മാസത്തിലെ പുന്നപ്ര-വയലാർ രക്തസാക്ഷി ദിനത്തിനും. അങ്ങനെ അദ്ദേഹം അവസാനമായി ആലപ്പുഴ ജില്ലയിൽ വന്നു പോയത് 2019 ലാണ്.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20നാണ് വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് ജനിക്കുന്നത്. നാലാം വയസ്സില്‍ അച്ഛനേയും പതിനൊന്നാമത്തെ വയസ്സില്‍ വസൂരി ബാധയില്‍ അമ്മയേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് സഹോദരിയുടെ സംരക്ഷണയിലായിരുന്നു ജീവിതം.
More read ആലപ്പുഴയിൽ വിഎസിന് നിത്യനിദ്ര
ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജ്യേഷ്ഠന്റെ ജൗളിക്കടയില് സഹായിയായി ജോലിക്കു കയറി. പിന്നീട് ആസ്പിന്‍വാള്‍ കമ്പനിയില്‍ കയര്‍ തൊഴിലാളിയായി. തിരുവിതാംകൂറില്‍ ഭരണപരിഷ്കാരത്തിന് വേണ്ടി നടത്തിയ നിവര്‍ത്തനപ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന് 1938 പി. കൃഷ്ണപിള്ളയ്ക്കൊപ്പം ചേര്‍ന്നു. ഇതേ വര്‍ഷം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. പതിനേഴാമത്തെ വയസ്സില്‍ 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.
ചെറുകാലി വരമ്പത്ത് തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു തുടക്കം. 1943ല്‍ കോഴിക്കോട് സിപിഐ സമ്മേളന പ്രതിനിധിയായി. 1952ല്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. 1956ല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. ആദ്യ കേരള സര്‍ക്കാരിൻ്റെ ഉപദേശക സമിതിയില്‍ അംഗമായി. 1958ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ സിപിഐ ദേശീയ സമിതിയിലും വിഎസ് അംഗമായിരുന്നു. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചത് വിഎസിനായിരുന്നു.
1967 ജൂലൈ 16ന് 44ാമത്തെ വയസ്സിലാണ് വിഎസ് വിവാഹിതനാകുന്നത്. മുല്ലയ്ക്കല് നരസിംഹപുരം കല്യാണ മണ്ഡപത്തില്‍ വെച്ചായിരുന്നു വിവാഹം. പാര്‍ട്ടി പ്രവര്‍ത്തനവുമായി സജീവമായിരുന്ന വിഎസ് വിവാഹ ദിവസവും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നില്ല. മൂന്ന് മണിക്ക് വിവാഹം കഴിഞ്ഞ് നേരെ പോയത് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു. നവവധുവായ വസുമതിയെ സഹോദരന്റെ വീട്ടിലാക്കിയായിരുന്നു പാര്‍ട്ടി യോഗത്തിന് എത്തിയത്.
![]() |
| VS പുന്നപ്ര-വയലാർ രക്തസാക്ഷി അനുസ്മരണ ചടങ്ങിൽ |
പുന്നപ്ര വയലാര്‍ സമരകാലത്ത് പി. കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരം കളര്‍കോട് ക്യാമ്പിന്റെ ചുമതല വിഎസ് ഏറ്റെടുത്തു. വെടിവെപ്പിനു പിന്നാലെ പാര്‍ട്ടി നിര്‍ദേശപ്രകാരം ഒളിവില്‍ പോയി. പിന്നീട് പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാല് വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ഈരാറ്റുപേട്ട, പാലാ ക്യാംപുകളില്‍ അതിക്രൂരമായ പൊലീസ് മര്‍ദനത്തിനാണ് വിഎസ് വിധേയനായത്. അന്ന് ബയണറ്റ് കൊണ്ട് പൊലീസ് അദ്ദേഹത്തിന്റെ കാലില്‍ കുത്തിയ പാട് കേരള രാഷ്ട്രീയ ചരിത്രത്തിലെ മായാത്ത പാടായി അവശേഷിച്ചു.
അതിക്രൂരമായ മര്‍ദനത്തിന് ശേഷം മരിച്ചെന്ന് കരുതിയാണ് വിഎസിനെ പൊലീസ് ഉപേക്ഷിച്ചത്. മോഷണക്കേസ് പ്രതി കോലപ്പനാണ് വിഎസിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. കോലപ്പന് ബഹളമുണ്ടാക്കിയത് കൊണ്ടു മാത്രമാണ് വിഎസിനെ അന്ന് ആശുപത്രിയില്‍ എത്തിച്ചത്. ആറ് മാസം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അദ്ദേഹത്തിന് വീണ്ടും നടക്കാനായതെന്നതും ചരിത്രം.
ഒരു തവണ പോലും മന്ത്രിയാകാതെ മുഖ്യമന്ത്രി പദവിയിലെത്തിയ നേതാവണ് വിഎസ്. 2006 മെയ് 18ന് കേരളത്തിൻ്റെ 11ാമത് മുഖ്യമന്ത്രിയായി. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു VS. മുഖ്യമന്ത്രി ആകുമ്പോള്‍ 82 വയസും ഏഴ് മാസവുമായിരുന്നു പ്രായം.കേരളത്തിൽ സിപിഎമ്മിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ഏറ്റവും കൂടുതൽ മത്സരിച്ചതും വിഎസ് ആണ്, 10 തവണ.കൂടുതലാണ് പ്രതിപക്ഷ നേതാവായിരുന്നതും വിഎസ് തന്നെ,14 വർഷമാണ് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് ഭരണപക്ഷത്തെ നയങ്ങൾക്കെതിരായി പോരാടിയത്.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1964-1970 വരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവെച്ച 1964ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഐഎം (CPIM) രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴു നേതാക്കളില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്. വിഎസ് അടക്കം 32 പേരാണ് അന്ന് കൗണ്‍സില്‍ ബഹിഷ്കരിച്ചത്.
1980-1991 വരെ മൂന്ന് തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ, 23 വര്‍ഷം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നു. 1965 മുതല്‍ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. കന്നി മത്സരത്തില്‍ ഉള്‍പ്പെടെ മൂന്ന് തവണ മാത്രമാണ് തോല്‍വിയറിഞ്ഞത്. 1992-1996, 2001-2006, 2011-2016 കാലങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ldf കണ്‍വീനറായും പ്രവര്‍ത്തിച്ചു. 1985 മുതല്‍ 2009 ജൂലൈ വരെ സിപിഐഎം PB അംഗമായിരുന്നു വിഎസ്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
More readആലപ്പുഴയിൽ വിഎസിന് നിത്യനിദ്ര
കേരളത്തിനും മുമ്പേ ജനിച്ച കേരളത്തെ രാഷ്ട്രീയമായി രൂപപ്പെടുത്തിയ പുന്നപ്രയുടെ വിപ്ലവ നായകൻ.പ്രായാധിക്യത്തേയും ശാരീരിക അവശതകളേയും തുടര്‍ന്ന് 2020ലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം പൂർണ്ണമായും പിന്‍വാങ്ങിയത്. എങ്കിലും രാഷ്ട്രീയ കേരളത്തിലെ സംഭവവികാസങ്ങളിൽ അദ്ദേഹത്തിൻറെ പ്രതികരണത്തിനായി ജനങ്ങൾ അപ്പോഴും അല്ലെങ്കിൽ അദ്ദേഹം എന്തായിരിക്കും മനസ്സിൽ കരുതിയിട്ടു ഉണ്ടാവുക എന്ന് ആലോചിക്കുന്ന വിഭാഗം ഉണ്ടായിരുന്നു മരിക്കുംവരെയും.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ട. ഹെഡ് നഴ്സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാർ.
പാർട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും
വിഎസിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ പല തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട ഒരു നേതാവിനെയും കാണാം. "പാർട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും, നേരെ തിരിച്ചും" എന്ന ഭൗതികവാദത്തിന് നിരക്കാത്ത അന്ധവിശ്വാസം പോലും ചില ഹാസ്യ സാമ്രാട്ടുകള്‍ പടച്ചുവിട്ടു. ശരിയാണ് വിഎസിന് പലതവണ കാലിടറി. പക്ഷേ ജനങ്ങളുടെ ആവേശം മൂലം ആ കമ്മ്യൂണിസ്റ്റ് ഉയിർത്തെഴുന്നേറ്റു, ഒടുവിൽ മുഖ്യമന്ത്രിയുമായി.
1965ലെ കന്നി തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടാണ് വിഎസ് അച്യുതാനന്ദന്റെ തുടക്കം. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ.എസ് . കൃഷ്ണക്കുറിപ്പിനോടാണ് വിഎസ് തോറ്റത്. 2,327 വോട്ടിനായിരുന്നു ആ തോല്‍വി. എന്നാല്‍ ആ തോല്‍വിക്ക് , 1967ല്‍ അതേ മണ്ഡലത്തില്‍ വിഎസ് വിജയം കൊണ്ട് മറുപടി നല്കി. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാർഥി എ. അച്യുതനെ 9,555 വോട്ടുകള്‍ക്കാണ് വിഎസ് പരാജയപ്പെടുത്തിയത്. 70ല്‍ അദ്ദേഹം അമ്പലപ്പുഴയില്‍ വിജയം ആവർത്തിച്ചു. ആർഎസ്പി സ്ഥാനാർഥി കെ. കുമാരപിള്ളയെ തോല്‍പ്പിച്ചു. എന്നാല്‍ 77ല്‍ മണ്ഡലം കുമാരപിള്ളയ്ക്ക് അനുകൂലമായി ജനവിധി എഴുതി. പിന്നീട് 1991ലാണ് വിഎസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇത്തവണ മാരാരിക്കുളം ആയിരുന്നു മണ്ഡലം. 9,980 വോട്ടുകള്‍ക്ക് ഡി. സുഗതനെ പരാജയപ്പെടുത്തി വേലിക്കകത്ത് ശങ്കരന് അച്യുതാന്ദന് മാരാരിക്കുളത്തിന്റെയും പ്രിയങ്കരനായി.
1996ലെ തെരഞ്ഞെടുപ്പ് വിഎസിന് പ്രധാനപ്പെട്ടതായിരുന്നു. സിറ്റിങ് എംഎല്‍എ, പ്രതിപക്ഷനേതാവ്, സർവോപരി പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെയുള്ള അലങ്കാരങ്ങള്ക്കുപരിയായി വിഎസിനെ കാത്തിരുന്നത് മുഖ്യമന്ത്രി കസേരയാണ്. മണ്ഡലത്തില്‍ വന്നുപോയി കേരളം ആകെ പ്രചാരണത്തിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു. വാക്കുകള്‍ കൊണ്ട്, അതിനൊപ്പം ചലിക്കുന്ന ശരീരം കൊണ്ട് വിഎസ് ഐക്യ ജനാധിപത്യ മുന്നണിക്ക് മുന്നറിയിപ്പ് നല്കി - "നിങ്ങള്‍ പരാജയപ്പെടാന്‍ പോകുന്നു."
പ്രാദേശിക നേതാവായ പി.ജെ. ഫ്രാന്‍സിസ് ആയിരുന്നു മാരാരിക്കുളത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി. അത്ര നല്ല ട്രാക്ക് റെക്കോർഡായിരുന്നില്ല പാർലമെന്ററി രാഷ്ട്രീയത്തില്‍ ഫ്രാന്സിസിനുണ്ടായിരുന്നത്. മുന്‍പ് രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു തോറ്റ ചരിത്രവും വിഎസ് എന്ന അതികായന്റെ സാന്നിധ്യവും ഫ്രാന്‍സിസിന് ഇത്തവണയും ഒരു സാധ്യതയും ഇല്ലെന്ന മുന്‍വിധികള്‍ക്ക് കാരണമായി. കേരളത്തിന്റെ 'പൊളിറ്റിക്കല്‍ റെഡ് സ്റ്റാറിന്റെ' മണ്ഡലത്തില്‍ മത്സരം ഇല്ലെന്നായിരുന്നു പൊതുവിലയിരുത്തല്‍. എന്നാല്‍, എല്ലാക്കാലത്തും എന്നപോലെ വിഎസിനെ ചുറ്റി അടിയൊഴുക്കുകള്‍ സജീവമായിരുന്നു. ഇത്തവണ അത് അകത്തു നിന്നും പുറത്തും നിന്നു വിഎസിനെ ചതിച്ചു.
സംസ്ഥാനം മുഴുവന്‍ എല്‍ഡിഎഫ് പ്രചാരണം വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ചൂടുപിടിക്കുമ്പോള്‍ മാരാരിക്കുളത്ത് മറ്റൊരു വികാരം പാർട്ടി അറിഞ്ഞോ അറിയാതെയോ ഉടലെടുക്കുകയായിരുന്നു. ദേശാഭിമാനിയില്‍ ഇഎംഎസ് എഴുതിയ ഒരു ലേഖനമായിരുന്നു മാരാരിക്കുളത്ത് പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന ഒരു വിവാദം. നവോത്ഥാന നായകർക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് ആഭിമുഖ്യം പുലർത്താനായില്ല എന്നായിരുന്നു ഈ വിവാദ ലേഖനത്തിന്റെ ഉള്ളടക്കം. ഫ്യൂഡല്‍-മത അനാചാരങ്ങളെ എതിർക്കാന്‍ താല്‍പ്പര്യം കാണിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തോട് നവോത്ഥാന നായകർ മൃദു സമീപനം കാണിച്ചുവെന്നായിരുന്നു ഇഎംഎസ് പറഞ്ഞുവെച്ചത് എന്നു മാത്രമല്ല ഈഇതേ ലേഖനത്തിൽ ലേഖനത്തില്‍ ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും പേരെടുത്ത് വിമർശിച്ച് ഈഴവ സമുദായത്തെ ഇഎംഎസ് താറടിച്ചു കാണിക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ ആ ലേഖനം മറ്റുതരത്തിൽ വായിക്കപ്പെട്ടു. അല്ലെങ്കില്‍ അത്തരത്തിലൊരു വിമർശനം പ്രചരിപ്പിക്കപ്പെട്ടു. ഇത് ഈഴവ സമുദായത്തിനിടയില്‍ സിപിഐഎം വിരുദ്ധത നാമ്പെടുക്കാന്‍ കാരണമായി. കെ.ആർ. ഗൗരിയമ്മയുടെ പുറത്താക്കലിനെ ഈ വിമർശനങ്ങളോട് വിഎസ് വിരുദ്ധർ ചേർത്തുവെച്ചു. ഇതിനൊപ്പം സുശീലാ ഗോപാലനെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന് വാദിച്ച സിഐറ്റിയു പക്ഷം വിഎസിനെതിരെ പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്.
ഒടുവില്‍ ആ സുപ്രധാന ദിനമെത്തി. ആലപ്പുഴ ലിയോതേർട്ടീത്ത് ഹൈസ്ക്കൂളില്‍ ബാലറ്റ് പെട്ടി തുറന്നു. എണ്ണിത്തുടങ്ങിയപ്പോള്‍ കേരളം ഞെട്ടി. പാർട്ടിക്കുള്ളില്‍ ചോദ്യങ്ങള്‍ ഉയർന്നു തുടങ്ങി. പക്ഷെ വിഎസ് അക്ഷോഭ്യനായി ആ കൗണ്ടിങ് സെന്ററില്‍ തുടർന്നു. രാത്രി ഒരു മണിയോടെ അന്തിമ ഫലം വന്നപ്പോള്‍, 10000 ത്തോളം സിപിഐഎം ഭൂരിപക്ഷം പ്രതീക്ഷിച്ച മണ്ഡലത്തില്‍ 1,965 വോട്ടുകള്‍ക്ക് വിഎസ് അച്യുതാനന്ദന് എന്ന മുഖ്യമന്ത്രി സ്ഥാനാർഥി പരാജയപ്പെട്ടു. ജയിച്ച പി.ജെ. ഫ്രാന്‍സിസ് പോലും അങ്ങനെയൊരു ഫലമായിരുന്നിരിക്കില്ല പ്രതീക്ഷിച്ചിരിക്കുക.
ഫലം അറിഞ്ഞ സമയം ലിയോതേർട്ടീത്ത് ഹൈസ്ക്കൂളില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് അന്ന് ആദ്യമായി വിഎസില്‍ പരാജിതന്റെ മുഖം കണ്ടു. സുധീരന് ഫ്രാന്‍സിസുമായി സംസാരിച്ചു. കൗണ്ടിങ് സെന്ററിന് വെളിയിലെ അണികളുടെ ആരവം ഒരു ഘട്ടത്തിലും വിഎസിനെതിരെയുള്ള ആക്ഷേപമാകരുതെന്ന് കർശന നിർദേശം നല്കി. അവർ അത് പാലിച്ചു. തോൽവി സമ്മതിച്ച് ഫ്രാന്‍സിസിന്റെ തോളില്‍ തട്ടി അഭിനന്ദിച്ച് VS പുറത്തിറങ്ങി തന്റെ വാഹനത്തില്‍ കയറും വരെ കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങള്‍ മുഴക്കിയില്ല. പോകും മുന്‍പ് വിഎസ് ഫ്രാന്‍സിസിനോട് ഇത്രമാത്രം പറഞ്ഞു, "നിങ്ങള്‍ ആഘോഷിച്ചോളൂ, വിജയം ആഘോഷിക്കാനുള്ളതാണ്."
മാരാരിക്കുളം തെരഞ്ഞെടുപ്പ് പരാജയം വിഎസിനെ ശരിക്കും ഉലച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് പിറ്റേന്ന് കാലത്ത് നല്കിയ ബൈറ്റില്‍ അത് പ്രകടമായിരുന്നു. കീറിയൊരു ബനിയനും കൈലിമുണ്ടും ധരിച്ചാണ് വിഎസ് ആ പ്രതികരണം നല്‍കിയത്. ഏഷ്യാനെറ്റ് ജേണലിസ്റ്റ് തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചു. പരാജയത്തിന്റെ കാർമേഘങ്ങള്‍ ഇരുണ്ടുമൂടിയ മുഖവുമായി വിഎസ് പ്രതികരിച്ചു, "പാർട്ടി പരിശോധിക്കും".
1996ല്‍ സുശീലാ ഗോപാലന് മുഖ്യമന്ത്രിയായില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി. നായനാർക്ക് പകരം പാർട്ടി സെക്രട്ടറിയായി ചടയന്‍ ഗോവിന്ദന് എത്തി. എല്ലാ പക്ഷങ്ങളുടെയും നാവ് മരവിപ്പിച്ച ആ നീക്കത്തിനു പിന്നിലും വിഎസ് ആയിരുന്നു. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി തുടങ്ങിയവർ വിഎസിനൊപ്പം ഉറച്ചുനിന്നു. മാരാരിക്കുളത്തെ പരാജയത്തിന്റെ കയത്തില്‍ നിന്ന് 48 മണിക്കൂറുകള്‍ക്കുള്ളിലാണ് വിഎസിലെ 'രാഷ്ട്രീയക്കാരന്' ഉയിർത്തെഴുന്നേറ്റത്.
പിന്നാലെ, മാരാരിക്കുളത്തെ വിഎസിന്റെ തോല്‍വി സിപിഐഎം പരിശോധിച്ചു. അച്ചടക്ക ലംഘനത്തിന് ഇലക്ഷന് കമ്മിറ്റി സെക്രട്ടറിയായിരുന്ന പ്രമുഖ സിഐറ്റിയു നേതാവ് റ്റി.കെ. പളനിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിന്നീട് ഇദ്ദേഹത്തെ പാർട്ടി പുറത്താക്കി. മാരാരിക്കുളം ഏരിയാ സെക്രട്ടറി ആയിരുന്ന സി.കെ. ഭാസ്കരനും നിരവധി നേതാക്കളും സമാനമായ രീതിയില്‍ പാർട്ടി നടപടികള്‍ക്ക് വിധേയരായി. നടപടി നേരിട്ട യുവ നേതാവ് റ്റി.ജെ. ആഞ്ചലോസ് സിപിഐയിലേക്ക് കൂടുമാറി. മാരാരിക്കുളത്തെ സിപിഐഎമ്മിന്റെ പരാജയം അങ്ങനെ ചരിത്രത്താളുകളിലേക്ക് മറഞ്ഞു.
ബാല്യം, കൗമാരം, യൗവനം
1923 ഒക്ടോബർ 20ന് അനിഴം നക്ഷത്രത്തിൽ ജനനം. ആരെയും കൂസാത്ത അച്ഛന്റെ പ്രകൃതം മകൻ വി.എസ്.അച്യുതാനന്ദനെ സ്വാധീനിച്ചു. ജന്മിത്തവും അയിത്തവും കുഴച്ചുമറിച്ചിട്ട തിരുവിതാംകൂറിന്റെ കഥകൾ കേട്ടായിരുന്നു ബാല്യം. സവർണരുടെ സ്വാധീനപ്രദേശമായ കളർകോട്ടെ സ്കൂളിലേക്കു നടന്നുവേണം പോകാൻ. കുറച്ചുകുട്ടികൾ വഴിയിൽവച്ച് ഒരിക്കൽ ജാതിപ്പേര് വിളിച്ചു കളിയാക്കി. അമർഷത്താൽ നീറിയ ആ കുട്ടി, വികൃതികളെ പറ്റാവുന്നവിധം അടിച്ചൊതുക്കി. വീട്ടിലെത്തി സംഭവം അച്ഛനോടു പറഞ്ഞു, വഴക്കൊന്നുമുണ്ടായില്ല.
തൊട്ടടുത്ത ദിവസം നല്ല വീതിയും പിടിയുമുള്ള ഒരു അരഞ്ഞാണം അച്ഛൻ സമ്മാനിച്ചു; ആരെങ്കിലും വഴിതടഞ്ഞാലോ കളിയാക്കിയാലോ ഇത് ഊരി അടിക്കാൻ ഉപദേശവും. സവർണക്കുട്ടികൾ പക വീട്ടാനായി കഥയറിയാതെ വീണ്ടും വഴി തടഞ്ഞു. അരഞ്ഞാണം അഴിച്ചെടുത്തു വീശി അവരെ അടിച്ചോടിച്ച് അച്യുതാനന്ദൻ എന്ന അന്നത്തെ കുട്ടി ചരിത്രത്തെയും ഭാവിയെയും സംബോധന ചെയ്തു. വസൂരി ബാധിച്ച് അമ്മ അക്കമ്മ മരിക്കുമ്പോൾ VS അച്യുതാനന്ദനു നാലര വയസ്സ്. എല്ലാമായിരുന്ന അച്ഛൻ വിട്ടുപിരിയുമ്പോൾ 11 വയസ്സും. ജ്യേഷ്ഠൻ ഗംഗാധരനായിരുന്നു പിന്നീടു കുടുംബത്തിന്റെ ചുമതല. അക്കാലങ്ങളിൽ വിശപ്പകറ്റാൻ ഉച്ചക്കഞ്ഞി ഇല്ലാത്ത കാലമായതിനാലും പുസ്തകങ്ങൾ വാങ്ങാൻ കാശില്ലാത്തതിനാലും ഏഴാം ക്ലാസിൽ പഠിത്തത്തോടു എന്നെന്നേക്കുമായി വിട പറഞ്ഞു.
ജ്യേഷ്ഠൻ ഏറ്റെടുത്ത അച്ഛന്റെ ജൗളിക്കടയിൽ തുണിമുറിച്ചു കൊടുത്തും ഉടുപ്പു തുന്നിയും സഹായിയായി കൂടി. കടയിൽ വർത്തമാനത്തിനു നിരവധിയാളുകൾ വരും. സ്വാതന്ത്യ്രസമരവും നാടുവാഴിത്തവും അടിച്ചമർത്തലും പൊരുതേണ്ടതിന്റെ ആവശ്യകതയുമൊക്കെയാകും ചർച്ച. വൈകുന്നേരങ്ങളിലെ ആ വർത്തമാന തീപ്പൊരികൾ വിഎസിലേക്കും പടർന്നു.1940ൽ ഈ നിയമവിരുദ്ധമായ കമ്യൂണിസ്റ്റ് പാർട്ടിയിൽ 17 ാം വയസ്സിൽ അംഗമായി. ഈ സമയത്ത് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ ചെറിയൊരു ജോലി കിട്ടി. ഫാക്ടറികളിൽ തൊഴിലാളികളെ കഠിനമായി ചൂഷണം ചെയ്യുന്നതു നേരിട്ടനുഭവിച്ചു. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളി യൂണിയൻ നേതാവായി വിഎസ് രൂപാന്തരപ്പെട്ടു.
"ഒരു ദൈവത്തേയും വിളിച്ചിട്ടുമില്ല"
ദൈവവിശ്വാസിയാണോ? എപ്പോഴെങ്കിലും ആയിരുന്നോ? ഒരിക്കലൊരു അഭിമുഖത്തില്‍ വി.എസ്. അച്യുതാനന്ദന് കേട്ട ചോദ്യം. ഒറ്റവാക്കിലോ, വാചകത്തിലോ വിഎസിന് ഉത്തരം പറയാനാവുമായിരുന്നു. പക്ഷേ, തെല്ലുനേരത്തേക്ക് വിഎസ് നിശബ്ദനായി. എന്നിട്ട് പതുക്കെ അമ്മയെ കുറിച്ച് പറഞ്ഞുതുടങ്ങി. വിഎസിന് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. ദൂരെയൊരു കുടിലില്‍നിന്ന് ഓലക്കീറിനിടയിലൂടെ മാടി വിളിക്കുന്ന ഒരു കീ കൈ... അതായിരുന്നു വിഎസിന് അമ്മയെന്ന ഓര്മ. അതിനുശേഷം, അച്ഛന്റെ മരണത്തെക്കുറിച്ച് പറഞ്ഞു. ഒടുവില്‍ വിഎസ് ചോദ്യത്തിനുള്ള ഉത്തരത്തിലേക്കെത്തി.
അസമത്വം, അനീതി, അയിത്തം എല്ലാത്തിലുമുപരി അനാചാരവും കൊടിക്കുത്തി വാണിരുന്ന നാളിലായിരുന്നു വിഎസിന്റെ ജനനം. പട്ടിണിയും പരിവട്ടവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലായിരുന്നു വിഎസിന്റെ ബാല്യം. നാടെങ്ങും വസൂരി രോഗം പടര്‍ന്നുപിടിക്കുന്ന സമയമായിരുന്നു അത്. വസൂരി എന്നാല്‍ മരണം എന്നായിരുന്നു വിവക്ഷ. ആദ്യം കടുത്ത പനി വരും. പിന്നാലെ, ദേഹമാസകലം കുരുക്കള്‍ പൊന്തും. അവ പൊട്ടി ഒലിക്കുന്ന അവസ്ഥയിലെത്തും. വസൂരിക്ക് അന്ന് ചികിത്സയുമില്ല.
മാരകമായ അസുഖത്തെ ആളുകളെല്ലാം ഭീതിയോടെയാണ് കണ്ടിരുന്നത്. രോഗിയെ ഓലക്കുടില്‍ കെട്ടി ദൂരെ പാര്‍പ്പിക്കും. ആരും കാണാനോ നോക്കാനോയൊന്നും പോകില്ല. ആരെങ്കിലും ഭക്ഷണം ഉണ്ടാക്കി ഓലക്കുടിലിന്റെ വാതില്ക്കല് വെച്ചാലായി. സാമ്പത്തിക ശേഷിയുള്ളവരാണെങ്കില്‍, പൈസ കൊടുത്ത് രോഗിയെ പരിചരിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കും. രോഗം ബാധിക്കുമെന്നതിനാല്‍ പൈസ കൊടുത്താല്‍ പോലും ആരും അതിന് തയ്യാറാകില്ലായിരുന്നു. രോഗം ബാധിച്ച്, ഭക്ഷണവും വെള്ളവുമൊക്കെ കിട്ടാതെയായിരുന്നു പലരുടെയും മരണം.
വര്‍ഷം 1927. അക്കമ്മയ്ക്ക് വസൂരി പിടിപെട്ടു. കടുത്ത പനിയായിരുന്നു തുടക്കം. വസൂരിയാണെന്ന് അറിഞ്ഞതോടെ, അക്കമ്മയെ ഓലക്കുടില്‍ കെട്ടി അതിലേക്ക് മാറ്റി. വിഎസും സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും ആഴിക്കുട്ടിയും തോട്ടിനിക്കരെ അപ്പച്ചിയുടെ വീട്ടിലേക്ക് പോന്നു. അക്കമ്മയ്ക്ക് രോഗം കടുത്തു. മരണം അടുത്തെന്ന് ഉറപ്പായി. അവസാനമായി മക്കളെയൊന്ന് കാണണമെന്ന് അക്കമ്മ ആഗ്രഹം പറഞ്ഞു. ഒരു തോടിന് അപ്പുറമായിരുന്നു അക്കമ്മയെ താമസിപ്പിച്ചിരുന്നത്. വിഎസിനെയും ചേട്ടന് ഗംഗാധരനെയും തോടിനിക്കരെ എത്തിച്ചു. അവിടെ നിന്ന് ഇരുവരും ഓലക്കുടിലിലേക്ക് നോക്കി. അവിടെ, ഓലക്കീറിനിടയിലൂടെ ഒരു കൈ... ഇരുവരെയും മാടിവിളിക്കുന്നതുപോലെ. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിഎസും ചേട്ടനും കരഞ്ഞു. അമ്മയെ കാണാനുള്ള ഇരുവരുടെയും ആഗ്രഹം ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞു. ഇതെല്ലാം കണ്ണീരോടെ കാണാന്‍ മാത്രമേ അക്കമ്മയ്ക്കും സാധിക്കുമായിരുന്നുള്ളൂ. അതായിരുന്നു അക്കമ്മയുടെ വിടപറച്ചില്‍.
സ്നേഹവും കരുതലുമൊക്കെ അനുഭവിക്കേണ്ട പ്രായത്തിലായിരുന്നു വിഎസിന് അമ്മയെ നഷ്ടപ്പെട്ടത്. 'ഓലക്കീറിന്റെ ഇടയിലൂടെ കൈ കാട്ടി വിളിക്കുന്ന അമ്മയുടെ രൂപം' മാത്രമാണ് ആ നാല് വയസുകാരന്റെ മനസില്‍ തറച്ചത്. പിന്നീട് അച്ഛനും ചേട്ടനുമായിരുന്നു അമ്മയുടെ കുറവ് അറിയിക്കാതെ വിഎസിനെ വളര്‍ത്തിയത്. ഇരുവരുടെയും വാക്കുകളിലൂടെയാണ് അമ്മയെക്കുറിച്ച് വിഎസ് കൂടുതല്‍ അറിഞ്ഞത്. പക്ഷേ, വിധിയുടെ ക്രൂരത അവിടെയും അവസാനിച്ചില്ല. വിഎസിന് 11 വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. അമ്മയുടെ മരണത്തേക്കാള്‍ വിഎസിനെ ഏറെ ഉലച്ചത് അതായിരുന്നു. വൈദ്യരുടെ അടുത്തുപോയി മരുന്ന് വാങ്ങുന്നതും, അത് അച്ഛന് നല്കുന്നതുമെല്ലാം വിഎസ് ആയിരുന്നു. അച്ഛന്റെ രോഗം മാറ്റണമെന്ന് അറിയാവുന്ന ദൈവങ്ങളോടെല്ലാം പതിവായി പ്രാര്‍ഥിക്കുകയും ചെയ്തു. പക്ഷേ, ഒരു അത്ഭുതവും സംഭവിച്ചില്ല. 1934ല്‍ രോഗം കടുത്ത് ശങ്കരന് മരിച്ചു.
മരുന്നും പ്രാര്‍ഥനയുമൊക്കെ മുടങ്ങാതെ ചെയ്തിട്ടും അച്ഛന് മരിച്ചതോടെയാണ് വിഎസ് ദൈവവിശ്വാസം വിട്ടുകളഞ്ഞത്. "അച്ഛന്റെ രോഗം മാറണേ എന്ന് പതിവായി പ്രാര്‍ഥിക്കുമായിരുന്നു. പക്ഷെ, എന്ത് പ്രയോജനം? അച്ഛന് മരിച്ചു. അതോടെ എന്റെ ദൈവവിശ്വാസം നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല, ഒരു ദൈവത്തേയും വിളിച്ചിട്ടുമില്ല. മുതിര്‍ന്നപ്പോള്‍, ശാസ്ത്രപുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് പ്രാര്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്" - ദൈവവിശ്വാസി ആണോ എന്ന ചോദ്യത്തിന് ഇതായിരുന്നു ജീവിതാനുഭവങ്ങള്‍ വിവരിച്ച് വിഎസ് പറഞ്ഞ മറുപടി.
ശബരിമല കയറിയ വിഎസ്
മലചവിട്ടി ശബരിമലയിലേക്ക് (Sabarimala) എത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന പേര് വിഎസ് അച്യുതാനന്ദന് സ്വന്തമാണ്. ശബരീപീഠത്തില്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രിയെ വെടിവഴിപാടോടെയാണ് സ്വീകരിച്ചത്. 'കേരള മുഖ്യമന്ത്രി വി. എസ് അച്യാതാനന്ദന്‍ സ്വാമിയുടെ ആയുരാരാേഗ്യത്തിന് വേണ്ടി വെടിവഴിപാട് ' എന്ന് മൈക്കില്‍ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.
സന്നിധാനത്ത് 20 കിടക്കകളുള്ള ആശുപത്രിയുടെ (hospital) ഉദ്ഘാടനത്തിനും തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുമായിരുന്നു വിഎസിന്റെ സന്ദര്‍ശന ഉദ്ദേശ്യം. എണ്പത്തിനാലാം വയസില്‍ 2007 ഡിസംബര്‍ മുപ്പതിന് വൈകിട്ട് തീര്‍ത്ഥാടകര്‍ക്കൊപ്പം മല ചവിട്ടുകയായിരുന്നു.വൈകിട്ട് 5.45ന് പുറപ്പെട്ട് എട്ടുമണി കഴിഞ്ഞപ്പോള്‍ സന്നിധാനത്ത് എത്തി.അപ്പാച്ചിമേട് കയറുന്നതിന് മുമ്പ് കുറച്ചുനേരം നിന്നു. ഇരുന്ന് വിശ്രമിക്കാം എന്ന് പറഞ്ഞപ്പോള്‍ ഉടനെ വന്നു മറുപടി ' നിങ്ങളെന്നെ ഇരുത്താന്‍ നോക്കേണ്ട' എന്ന് മറുപടി. ആരോഗ്യ മന്ത്രി പി. കെ. ശ്രീമതി, എം. എല്‍.എമാരായിരുന്ന കെ. സി. രാജഗോപാലന്‍, രാജു ഏബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ അന്ന് വിഎസിന് ഒപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം നടന്നുതന്നെ വിഎസ് മലയിറങ്ങുകയും ചെയ്തു.
വിവാഹം
42ാം വയസിൽ ജീവിതത്തിൽ കൂടെകൂട്ടിയതാണ് വി.എസ് അച്യുതാന്ദൻ വസുമതിയെ. രാഷ്ട്രീയ താൽപര്യമൊന്നുമില്ലാതെ സ്നേഹിച്ചും പരിചരിച്ചും കൂടെയുണ്ടായ വസുമതിയമ്മ വിഎസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു. 2025 ജൂലായ് 16 നായിരുന്നു ഇരുവരുടെയും 58ാം വിവാഹ വാർഷികം. വി.എസിന്റെ മകൻ വി.എ. അരുൺകുമാർ അച്ഛന്റെയും അമ്മയുടെയും വിവാ വാർഷികത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് (Facebook post) പങ്കുവച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് വസുമതിയുമായുള്ള വിഎസിന്റെ വിവാഹം നടക്കുന്നത്. കല്യാണത്തിന് കതിർമണ്ഡപമുണ്ടായിരുന്നില്ല, വധുവിനെ പുടവ കൊടുത്തില്ല, പങ്കെടുക്കാൻ എത്തുന്നവർക്ക് നാലു കൂട്ടം പായസങ്ങളുമായുള്ള സദ്യയുമില്ലായിരുന്നു. മാലയിടൽ ചടങ്ങിന് ശേഷം നേരെ പോയത് സഹോദരിയുടെ വീട്ടിലേക്ക്. രാത്രിയോടെ വാടക വീട്ടിലേക്ക്. അമ്പലപ്പുഴ എംഎൽഎ കൂടിയായിരുന്ന വിഎസ് പുതുമണവാളന്റെ വേഷം അഴിച്ചുവച്ച് പിറ്റേന്ന് തന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കിയായിരുന്നു നിയമസഭ സമ്മേളനത്തിനായുള്ള യാത്ര. കല്യാണം കഴിക്കാനുള്ള ചിന്തയ്ക്ക് കാരണം, രോഗാതുരനായ കമ്മ്യൂണിസ്റ്റ് നേതാവ് എൻ സുഗതനെ കണ്ടപ്പോൾ ഭാവിയിൽ കൂടെ ആരെങ്കിലും വേണമെന്ന ചിന്ത, തുടർന്നാണ് 42ാം വയസിൽ വിഎസ് വിവാഹത്തിനെക്കുറിച്ച് ചിന്തിച്ചത്.തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുമ്പോഴും വിഎസ് നല്ലൊരു കുടുംബസ്ഥനായിരുന്നു. മക്കളായ അരുൺ കുമാറും, ആശയും പിറക്കുമ്പോൾ വിഎസ് കൂടുതൽ തിരക്കുകളിലേക്ക് കടന്നിരുന്നു. കുഞ്ഞുനാളിലെ അച്ഛനോട് മക്കൾക്ക് ചില പരിഭവങ്ങളുണ്ടായിരുന്നു. അന്നത്തെ കേരള രാഷ്ട്രീയം കൂടുതൽ വിഎസിനെ ചുറ്റിപ്പറ്റിയായിരുന്നു. അതുകൊണ്ട് തന്നെ തിരക്കുകളും അതുപോലൊയിരുന്നു
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം ; രാഹുൽ ഗാന്ധിക്ക് മറുപടി
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചരണത്തിനെത്തി. തെരഞ്ഞെടുപ്പിനിറങ്ങിയ വിഎസിനെ പ്രായം പറഞ്ഞ് രാഹുല്‍ പരിഹസിച്ചു. വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍, 93കാരനായ മുഖ്യമന്ത്രിയെ ആകും ലഭിക്കുക എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. അന്ന് രാഹുലിന് വിഎസിന്റെ മറുപടി ടി.എസ്. തിരുമുമ്പിന്റെ 'എന്റെ യുവത്വം' എന്ന കവിതയിലെ ചില വരികളായിരുന്നു. 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും/ കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന് യൗവനം' എന്ന് വിഎസ് ചൊല്ലി. ഒരുപക്ഷേ, കേരളം വിഎസിന്റേതായി ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും ആഘോഷിച്ചതും
കണ്ണേ കരളേ വിഎസേ
പ്രതിപക്ഷ നേതാവായിരിക്കെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിഎസിന് ആദ്യം സീറ്റ് കിട്ടിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല്, കേരളത്തിലെ സിപിഐഎമ്മിനെ ഞെട്ടിപ്പിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറി. അച്ചടക്ക സീമകളെല്ലാം ലംഘിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും അന്ന് തെരുവിലിറങ്ങി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡായിരുന്നു പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം. 'കണ്ണാണ് വിഎസ്, കരളാണ് വിഎസ്... സഖാവെന്നാല്‍ ഞങ്ങള്‍ വിളിക്കും വി.എസ്... വി.എസ്. സിന്ദാബാദ്'... അവിടെ ഉയര്‍ന്ന മുദ്രാവാക്യം പിന്നീട് കേരളമെങ്ങും മുഴങ്ങിക്കേട്ടു.
2006ല്‍ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പൊതുസ്ഥാനാര്‍ഥി പട്ടികയില്‍ വി.എസിന്റെ പേര് ഉണ്ടായിരുന്നില്ല. വിവരം പുറത്തുവന്ന നിമിഷം തന്നെ പല കോണിലും പ്രതിഷേധസ്വരം ഉയര്‍ന്നു. അതിന് ശക്തി പ്രാപിക്കുന്നത് നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നായിരുന്നു. സിപിഐഎം നീലേശ്വരം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ അന്ന് വിഎസ് പക്ഷം കരിങ്കൊടി ഉയര്‍ത്തി. പിണറായി വിജയന്, ഇ.പി. ജയരാജന്, എം.എ. ബേബി എന്നിങ്ങനെ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ, വിഎസിനെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകള്‍ വന്നു. അഞ്ഞൂറിലേറെ പേര് പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു. ഓട്ടോറിക്ഷ തൊഴിലാളികളായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. അന്ന് അവര്‍ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യമാണ്...
'കണ്ണാണ് വി.എസ്... കരളാണ് വി.എസ്.
ചങ്കാണ് വി.എസ്... കരുത്താണ് വി.എസ്.
ശരിയാണ് വി.എസ്... തീയാണ് വി.എസ്.
വി.എസ്. എന്നാല്‍ വിശ്വാസമാണ്
വി.എസ്. എന്നാല്‍ വിപ്ലവമാണ്
വി.എസ്. എന്നാല്‍ വികാരമാണ്
വി.എസ്. എന്നാല്‍ വികസനമാണ്.
പോരാട്ടത്തിന് പര്യായമാണ് വി.എസ്.
സഖാവെന്നാല്‍ ഞങ്ങള്‍ വിളിക്കും
വി.എസ്... വി.എസ്... സിന്ദാബാദ്'
പതുക്കെയത് കേരളമാകെ പടര്‍ന്നുപിടിച്ചു. ജില്ലകള്‍ തോറും നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പിറന്നു. പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. അത് പതുക്കെ ജനങ്ങളുടെ മനസുകളിലേക്കും പടര്‍ന്നു. എറണാകുളം മഹാരാജാസ് ഉള്‍പ്പെടെ കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ വി.എസിനായി മുദ്രാവാക്യം ഉയര്‍ത്തി. അത് പതുക്കെ കേരളത്തിന് പുറത്തേക്കും വ്യാപിച്ചു. ഡല്‍ഹിയിലും ഗള്‍ഫിലുമൊക്കെ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പി.ബി. യോഗം ചേര്‍ന്നു. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന് മത്സരിക്കട്ടെയെന്ന നിര്‍ദേശം ഉയര്‍ന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പിണറായി വിജയന് മത്സരിക്കാതെ, സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചു. വിഎസിനെ സ്ഥാനാര്‍ഥിയായി പിബി തീരുമാനിച്ചു. പിന്നാലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി വിഎസിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. വിഎസ് ജയിച്ച് മുഖ്യമന്ത്രിയായി. നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡ് വിഎസ് ഓട്ടോ സ്റ്റാന്‍ഡുമായി.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, 2011 തെരഞ്ഞെടുപ്പിലും സമാനമായിരുന്നു സ്ഥിതി. വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സംശയം ഉടലെടുത്തപ്പോള്‍ തന്നെ നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡ് നേതാവിനായി കച്ചമുറുക്കി. പ്രതിഷേധത്തിനിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഎമ്മിന്റെ നിര്‍ദേശം വന്നിട്ടും ഓട്ടോ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും കുലുങ്ങിയില്ല. ഓട്ടോ സ്റ്റാന്‍ഡില്‍നിന്ന് വിഎസിന്റെ ചിത്രവും ഫ്ളക്സുമൊക്കെ നീക്കാനുള്ള ശ്രമം വരെ നടന്നു. വിഎസിനെ അനുകൂലിച്ചും, മറ്റു നേതാക്കളെ വിമര്‍ശിച്ചും നീലേശ്വരത്ത് ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വലിയ റാലിയും നടന്നു. പാര്‍ട്ടി തീരുമാനം മാറ്റിയതോടെ, വിഎസ് മലമ്പുഴയില്‍ മത്സരിച്ച് ജയിച്ചു. നാല് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വിഎസ് പ്രതിപക്ഷ നേതാവായി സഭയിലെത്തി.
തെരഞ്ഞെടുപ്പിലും പൊതു പരിപാടിയിലുമൊക്കെ കണ്ണാണ് വി.എസ്... കരളാണ് വി.എസ്... മുദ്രാവാക്യം പല തരത്തില്‍ വിളിക്കപ്പെട്ടു. കണ്ണേ, കരളേ വിഎസേ... എന്ന് മുഴങ്ങിക്കേള്‍ക്കാത്ത വിഎസ് പങ്കെടുക്കുന്ന ഒരു പരിപാടി പോലുമില്ലായിരുന്നു. 2016 തെരഞ്ഞെടുപ്പില്‍, കണ്ണൂരില്‍ ധര്‍മടത്ത് പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയപ്പോഴും ഉയര്‍ന്നു കേട്ടത് കണ്ണേ, കരളേ വിഎസേ... എന്ന മുദ്രാവാക്യമായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതുവരെ ആ മുദ്രാവാക്യം മുഴങ്ങിക്കേട്ടു.
കാള ഇവരുടെ അച്ഛനാണോ?
VS ഉപയോഗിക്കുന്ന പദങ്ങളും പ്രസംഗശൈലിയും വിഎസിന് മാത്രം അവകാശപ്പെട്ടതാണ്. അത് ഓരോ പ്രദേശത്തേയും സാധാരണ മനുഷ്യന്റെ പദപ്രയോഗങ്ങളുമായിരുന്നു. ഗോമാതാ പ്രേമത്തിന്റെ പേരിലുള്ള സംഘപരിവാർ അതിക്രമങ്ങളോട് വിഎസ് മറുപടി പറഞ്ഞതും, ഒരു പൊതുയോഗത്തിലാണ്. ഗോരക്ഷക്കാരുടെ അതിക്രമങ്ങളോട് കയർത്ത് രൂക്ഷ പരിഹാസത്തോടെ വിഎസ് പറഞ്ഞ വാചകം അന്ന് സദസ്സിൽ ആരവം നിറച്ചു - "പശു ഇവർക്ക് അമ്മയാണെങ്കിൽ കാള ഇവരുടെ അച്ഛനാണോ," എന്നായിരുന്നു വിഎസിന്റെ ചോദ്യം. അത് കേട്ട് സദസ്സ് ചിരിച്ചുമറിഞ്ഞു.
സിപിഐഎമ്മിലെ വിഭാഗീയതയുടെ പാരമ്യകാലത്ത് പിണറായി വിജയന് വിഎസ് നൽകിയ മറുപടികളും സെൻസേഷനായി. നവകേരളാ മാർച്ചിലെ പിണറായിയുടെ 'ബക്കറ്റിലെ വെള്ളം' പ്രസംഗത്തിന് വിഎസ് പറഞ്ഞ മറുപടി, 'ക്യാപിറ്റൽ പണിഷ്മെന്റ്' എന്ന പ്രയോഗത്തിന് നൽകിയ മറുപടി, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട വിഎസിന്റെ മുഖത്ത് തെളിഞ്ഞ ചിരി ഇതെല്ലാം ചർച്ചകൾ സൃഷ്ടിച്ചു.
#VS #CPIM #Alappuzha



