കടുത്ത ഗതാഗതക്കുരുക്ക്, ആംബുലന്‍സിന്റെ സൈറണ്‍, വാഹനങ്ങളുടെ നീണ്ട നിരയുടെ ഇടയിലൂടെ മുന്നിലേക്ക് ഓടുന്ന പോലീസുകാരി. അത്യാസന്ന നിലയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് വഴി തെളിക്കാനാണ് യൂണിഫോമിട്ട പൊലീസുകാരി മുന്നിലേക്ക് ഓടിയതും വാഹനങ്ങള്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടതും. സമൂഹ മാദ്ധ്യമങ്ങളില്‍ കൈയടി വാങ്ങുകയാണ് ഈ വീഡിയോ. തൃശൂര്‍ നഗരത്തിലാണ് സംഭവം. ദൃശ്യത്തില്‍ കാണുന്നത് വനിതാ സ്റ്റേഷനിലെ എഎസ്ഐ അപര്‍ണ ലവകുമാറും.
ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയില്‍ രോഗിയുമായി വന്ന ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കുന്ന അപര്‍ണയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. തൃശ്ശൂര്‍ കോലോത്തും പാടത്ത് അശ്വിനി ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മെഡിക്കല്‍ കോളേജില്‍ നിന്ന് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലന്‍സിന് സുഗമമായി പോകാന്‍ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് തന്റെ പ്രവര്‍ത്തിയില്‍ നിന്ന് അപര്‍ണ പിന്മാറിയത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ചിട്ടുണ്ട്.ആംബുലൻസ് ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാന് പകർത്തിയ ദൃശ്യം ആണ് പുറത്തുവന്നത്.
എന്നാല്‍ താന്‍ ചെയ്ത ഈ കാര്യം തന്നെയായിരിക്കും സേനയിലെ ഏതൊരു അംഗവും ചെയ്യുകയെന്നാണ് തൃശൂരിലെ സംഭവത്തെക്കുറിച്ച് അപര്‍ണയുടെ പ്രതികരണം. ഇതാദ്യമായിട്ടല്ല തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് അപര്‍ണ കൈയടി നേടുന്നത്. ചികിത്സയ്ക്കിടെ മരിച്ചുപൊയ ഒരു സ്ത്രീയുടെ മൃതദേഹം പണം ഇല്ലാത്തത് കാരണം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാതിരുന്നപ്പോള്‍ കൈയില്‍ കിടന്ന സ്വര്‍ണ വള ഊരി പണയം വയ്ക്കാന്‍ കൊടുത്തിട്ടുണ്ട് അവര്‍. ഗാർഹിക പീഡനത്തെത്തുടർന്ന് തുടന്ന് മരിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് നടത്താൻ പോയപ്പോഴായിരുന്നു സംഭവം.അതുപോലെ തന്നെ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ച് നല്‍കിയും അവര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.