399 വിഭവങ്ങളുമായി ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഒരുക്കിയ മെഗാ ഓണസദ്യ വിസ്മയമായി. ബി.കോം ഫിനാൻസ് സ്വാശ്രയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘മെഗാസദ്യ 2025’ കോളജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയത്. 1000 പേർക്ക് സദ്യ ഒരുക്കിയിരുന്നു.
2016ൽ അൽ നിഷാൽ എന്ന അധ്യാപകന്റെ ആശയമായിരുന്നു ഈ മെഗാ സദ്യ. 2016, 2017, 2022, 2023 വർഷങ്ങളിൽ മെഗാസദ്യ അരങ്ങേറി. 2022ൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ സദ്യ ഇടംനേടി. 2023ലെ മെഗാസദ്യയിൽ സ്വാദിഷ്ഠമായ 321 വിഭവങ്ങളാണ് ഒരുക്കിയത്.
ഇലയിൽ വിളമ്പിയ വിഭവങ്ങൾ ഇന്റർനാഷനൽ ഷെഫ് അവിൻ അംബി രുചിച്ചുനോക്കി എണ്ണി തിട്ടപ്പെടുത്തി, ശേഷം കോളജ് അധികൃതർക്ക് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈമാറി. വിഡിയോകളും ഇത്തരം രേഖകളും പരിശോധിച്ച് ഗിന്നസ് അധികൃതർ റെക്കോഡ് വിവരം പിന്നീട് അറിയിക്കും.
ഇലയിൽ ഇടം പിടിക്കാൻ സ്വാദൂറും വിഭവങ്ങൾ. വിവിധതരത്തിലുള്ള അമ്പത്തിയാറു പായസങ്ങൾ, 57 അച്ചാറുകൾ, 58 ചമ്മന്തികൾ, 19 വറവുകൾ, 64 മധുര പലഹാരങ്ങൾ,83 തോരൻ കറികൾ, 57 സൈഡ് കറികൾ അങ്ങനെ നീണ്ടുനിൽക്കുന്ന 399 വിഭവങ്ങൾ. ഇത് മുഴുവൻ ഉണ്ടാക്കിയത് വിദ്യാർഥികളും അധ്യാപകരും ആണ്.
ടൈസൺ എം.എൽ.എ ചോറ് വിളമ്പി സദ്യ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ്, സോണിയ ഗിരി, അഡ്വ. കെ.ജി. അനിൽകുമാർ, വേണുഗോപാല മേനോൻ, വിപിൻ പാറമേക്കാട്ടിൽ, ഡിവൈ.എസ്.പി ബിജോയ്, തഹസിൽദാർ സിമിഷ് സാഹു തുടങ്ങിയവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സി.എൽ. സിജി, അസോ. പ്രഫ. കെ.ജെ. ജോസഫ്, ഡോ. ലിന്റ മേരി സൈമൺ, ചന്ദ്രശേഖർ, നേഹ ജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.
onam sadhya