ഒൗദ്യോഗികമായി ‘അമ്മ’
മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും താരസംഘടനയിലെ പൊട്ടിത്തെറികൾക്കുമൊടുവിൽ 'അമ്മ'യുടെ തലപ്പത്തേക്ക് പെണ്ണുങ്ങൾ. ശ്വേതാ മേനോൻ (SHWETHA MENON) 159 വോട്ടുകളുടെ പിൻബലത്തോടെ അമ്മയിലെ ആദ്യ വനിതാ പ്രസിഡന്റും 172 വോട്ടുകൾ നേടി കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തുമ്പോൾ ഇത് സിനിമാ സംഘടനാ ചരിത്രത്തിൽ ആദ്യ സംഭവമാവുകയാണ്.
പ്രസിഡന്റ്- ശ്വേത മേനോൻ, വൈസ് പ്രസിഡന്റ്- ലക്ഷ്മിപ്രിയ, ജോയിന്റ് സെക്രട്ടറി -അൻസിബ, ജനറൽ സെക്രട്ടറി- കുക്കു പരമേശ്വരൻ എന്നിവരാണ് സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. അൻസിബ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
'അമ്മ'യിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തുമ്പോൾ സംഘടനയുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റം എത്തരത്തിലാകുമെന്ന് ഉറ്റുനോക്കുകയാണ് ചലച്ചിത്ര ലോകം. ശ്വേതാ മേനോന് 159 വോട്ടും ദേവന് 132 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജയൻ ചേർത്തലക്ക് 267 വോട്ടും ലക്ഷ്മിപ്രിയക്ക് 139 വോട്ടും നാസർ ലത്തീഫിന് 89 വോട്ടുമാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന് 172 വോട്ടും രവീന്ദ്രന് 115 വോട്ടുമാണ് ലഭിച്ചത്.
ശ്വേതാ മേനോൻ അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം ഉണ്ടാക്കിയെന്ന പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങിയ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്. അമ്മ സംഘടനയിലെ സുപ്രധാനമായ സ്ഥാനത്തേക്ക് സ്ത്രീകൾ ഇതുവരേയും മത്സരിച്ചിട്ടില്ല.
![]() |
ഫലപ്രഖ്യാപനത്തിനുശേഷം |
അതേസമയം വോട്ടർമാരോട് നന്ദിയറിയിച്ച് മലയാള സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോൻ. ആദ്യമായിട്ട് ഒൗദ്യോഗികമായി ‘അമ്മ’ അമ്മയായിരിക്കുന്നു എന്നും ശ്വേതാ മേനോൻ പറഞ്ഞു.
എക്സിക്യൂട്ടീവ് യോഗത്തിൽ ഒരുപാട് തീരുമാനങ്ങളെടുക്കാനുണ്ടെന്നും സംഘടനയിൽ നിന്ന് പോയ ആർക്കുവേണമെങ്കിലും ഇവിടേക്ക് തിരിച്ചുവരാം എന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ശ്വേതാ മേനോൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
#ശ്വേതമേനോൻ #SHWETHAMENON #amma