HELP എന്ന സഹായാഭ്യർഥന എഴുതിവെക്കുകയും ചെയ്തു
![]() |
ആൻഡ്രു ബാർബെർ ഹെൽപ്പ് എന്ന് കൊത്തിവെച്ച പാറ. രക്ഷയ്ക്കെത്തിയ ഹെലികോപ്റ്റർ സമീപം. ക്വെസ്നെൽ സെർച്ച് ആൻഡ് റെസ്ക്യൂ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം |
കൊടുംകാട്ടിൽ വെള്ളം മാത്രം കുടിച്ച് ഒരാൾക്ക് എത്ര നാൾ ജീവിക്കാൻ കഴിയും?. കുടിക്കുന്ന വെള്ളം ചെളിവെള്ളം ആണെങ്കിൽ??. അങ്ങനെയുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോൾ ചർച്ചയായത്. ഒന്നും രണ്ടുമല്ല, 9 ദിവസമാണ് ആൻഡ്രൂ ബാർബർ (Andrew Barber) എന്ന 39-കാരൻ ചെളിവെള്ളം മാത്രം കുടിച്ച് കൊടുംകാട്ടിൽ കഴിച്ചുകൂട്ടിയത്. കാനഡയിലാണ് (Canada) സംഭവം നടന്നത്.
ആൻഡ്രുവിനെ കാണാതാവുന്നത് ജൂലായ് 31 മുതലാണ്. ഇങ്ങനെയാണ് സംഭവങ്ങളുടെ തുടക്കം.ആൻഡ്രൂ ഓടിച്ചിരുന്ന ട്രക്ക് ബ്രേക്ക് ഡൗണായിരുന്നു. വടക്കൻ വാൻകൂവറിൽ നിന്ന് 587 കിലോമീറ്റർ അകലെ മക്ലീസ് തടാകത്തിന് സമീപത്തുവെച്ചാണ് ട്രക്ക് പണിമുടക്കിയത്. അന്ന് മുതൽ ക്വെസ്നെൽ സെർച്ച് ആൻഡ് റെസ്ക്യൂ (QSR) സംഘം ആൻഡ്രുവിനായി തിരച്ചിൽ തുടങ്ങുകയും ചെയ്തിരുന്നു.വനപാതയില്‍ പതിവില്ലാതെ ഒരു ട്രക്ക് കിടക്കുന്നത് കണ്ടാണ് നിരീക്ഷണത്തിനെത്തിയ രക്ഷാസംഘത്തിന്റെ ഹെലികോപ്ടര്‍ തിരച്ചില്‍ ആരംഭിച്ചത്.
ആൻഡ്രുവിന്റെ ട്രക്ക് ബ്രേക്ക്ഡൗണായത് കാട്ടിലൂടെയുള്ള റോഡിൽ വെച്ചാണ് .താൻ കുടുങ്ങി എന്ന് മനസിലായ അദ്ദേഹം സുരക്ഷിതമായ സ്ഥലത്തേക്ക് മാറി. ഏകദേശം അഞ്ച് കിലോമീറ്ററോളം അകലെ വലിയൊരു പാറയ്ക്കടുത്തേക്കാണ് ആൻഡ്രു പോയത്. തുടർന്ന് ചെളികൊണ്ട് താത്കാലിക ഷെൽട്ടറുണ്ടാക്കി അതിൽ താമസിച്ചു. അങ്ങനെ ഒമ്പത് ദിവസമാണ് ആൻഡ്രു ഈ ചെളിവീട്ടിൽ കഴിഞ്ഞത്.
സമീപത്തുള്ള കുളത്തിൽ നിന്നുള്ള ചെളിവെള്ളം മാത്രം കുടിച്ചാണ് ആൻഡ്രു ഈ 9 ദിവസങ്ങളിൽ അതീജിവിച്ചത്. ഒപ്പം ആ വലിയ പാറയിൽ HELP എന്ന സഹായാഭ്യർഥന അദ്ദേഹം കൊത്തിവെക്കുകയും ചെയ്തു. കൂടാതെ സഹായത്തിനുവേണ്ടിയുള്ള മറ്റൊരു വാക്കായ SOS ആൻഡ്രു ചെളിയിലും വലുതാക്കി എഴുതി. ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തുകയായിരുന്ന ക്യുഎസ്ആർ സംഘം ഈ രണ്ട് വാക്കുകളും കണ്ടാണ് ആൻഡ്രുവിന് സമീപം പറന്നിറങ്ങിയത്.
ഭക്ഷണമില്ലാതെ ദീർഘനാൾ മനുഷ്യന് കഴിയാം, പക്ഷേ വെള്ളം കുടിച്ചില്ലെങ്കിൽ അങ്ങനെയല്ല എന്ന അറിവുള്ളതിനാലാണ് ആൻഡ്രു ചെളിവെള്ളം കുടിച്ച് അതിജീവിച്ചത്. അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ചെറിയ പരിക്കുകൾ ശരീരത്തിലുണ്ടായിരുന്നു.കണ്ടെത്തുമ്പോള്‍ പട്ടിണിയും നിര്‍ജലീകരണവും കാരണം തീര്‍ത്തും അവശനായിരുന്നു ആന്‍ഡ്രൂ. ശരീരത്തില്‍ പലയിടത്തായി മുറിവുകളേറ്റ പാടുകളുണ്ട്. ഒപ്പം നിർജലീകരണവും സംഭവിച്ചിരുന്നു. കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ആൻഡ്രുവിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിൽ സുഖം പ്രാപിക്കുന്നു.
#SURVIVALSTORY #കാനഡ #RESCUE