അമ്പല്പ്പൂവിന്റെ ശോഭയില്‍ തിളങ്ങുകയാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍. ഭൂരിഭാഗം പാടങ്ങളിലും ഇപ്പോൾ ആമ്പൽ വസന്തമാണ്. കഴിഞ്ഞ പുഞ്ച കൃഷിക്കുശേഷം വെള്ളം നിറഞ്ഞ പാടങ്ങളിലാണ് അമ്പല്‍ പൂത്തുലഞ്ഞ് നില്ക്കുന്ന കാഴ്ച ദൃശ്യമാകുന്നത്. നീലംപേരൂർ പഞ്ചായത്തിലെ 600 ഏക്കർ വാലടി പാടശേഖരത്തിലാണ് കൂടുതലായി ആമ്പൽ പൂത്തുലഞ്ഞ് നിൽക്കുന്നത്. കോഴിച്ചാൽ തെക്ക് പാടശേഖരത്തിലും ചുവന്ന ആമ്പൽ ഭംഗി ആസ്വാദിക്കാം. കുട്ടനാട് അല്ലിയാമ്പൽ കടവു പോലെ ആയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദിവസവും പുലർച്ചെ മുതൽ നിരവധിയാളുകളാണ് ആമ്പൽ പാടം കാണാനും മനോഹരദൃശ്യം പകർത്താനും ദൂരെ നിന്നുവരെ എത്തുന്നത്.
വെയില് വന്നാല്‍ വിടര്‍ന്ന പൂവ് കൂമ്പി പോകുമെന്നതിനാല്‍ രാവിലെ 6 മുതല്‍ 9 വരെയാണ് തിരക്ക് കൂടുതല്‍. പുഞ്ചക്കൃഷിക്കായി പാടത്ത് പമ്പിങ് ആരംഭിക്കുന്നതോടെ ഈ മനം കുളിരും കാഴ്ച അന്യമാകും. കുട്ടനാട്ടിൽ തരിശിട്ട പാടശേഖരങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആമ്പൽ വളർത്തിയാൽ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇത് പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന പദ്ധതിയാക്കി മാറ്റാനുമാകും.
