യാത്രക്കാർക്ക് എന്തെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വരുമ്പോഴോ അപായ ചങ്ങല ഉപയോഗിക്കാം.
ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, കോച്ചുകൾക്കുള്ളിൽ തൂങ്ങിക്കിടക്കുന്ന ചുവന്ന ചങ്ങല ശ്രദ്ധിച്ചിട്ടുണ്ടാകും. അടിയന്തര സാഹചര്യങ്ങളിലൊഴികെ തൊടരുതെന്ന് നിർദേശിക്കപ്പെട്ട ഒന്നാണത്. അപായ ചങ്ങല (Emergency Chain) എന്നത് ട്രെയിനുകളിൽ യാത്രക്കാർക്ക് ആവശ്യമെങ്കിൽ ട്രെയിൻ നിർത്താൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്. ഇത് സാധാരണയായി "Emergency Cord" അല്ലെങ്കിൽ "Emergency Pull Cord" എന്നും അറിയപ്പെടുന്നു. യാത്രക്കാർക്ക് എന്തെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വരുമ്പോഴോ, ആരെങ്കിലും ട്രെയിനിൽ നിന്ന് വീഴുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുമ്പോൾ, ട്രെയിൻ ഉടൻ തന്നെ നിർത്തുന്നതിനായി ഈ ചങ്ങല വലിക്കാൻ സാധിക്കും.
എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ആരെങ്കിലും ഈ ചങ്ങല വലിച്ചാൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്? പരിശോധിക്കാം.
ട്രെയിനുകളിലെ അപായച്ചങ്ങലയുടെ ഉദ്ദേശ്യം?
ലോക്കോ പൈലറ്റിനോടും ഗാർഡിനോടും അടിയന്തര സാഹചര്യങ്ങൾ അറിയിക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനാണ് അപായച്ചങ്ങല സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. എൻജിൻ വളരെ മുന്നിലായതുകൊണ്ട് നേരിട്ടുള്ള ആശയവിനിമയം സാധ്യമല്ലാത്തതിനാലാണിത്. ചങ്ങല വലിച്ചാൽ ട്രെയിൻ നിർത്തുന്ന ഒരു ബ്രേക്കിങ് സംവിധാനം പ്രവർത്തനക്ഷമമാകും.
പക്ഷേ അതൊരു എളുപ്പമുള്ള പ്രക്രിയയല്ല. ട്രെയിനിലെ വായു മർദ്ദം നിലനിർത്തുന്ന പ്രധാന ബ്രേക്ക് പൈപ്പുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ചങ്ങല വലിക്കാൻ പ്രയത്നം ആവശ്യമാണ്. ബ്രിട്ടീഷ് എൻജിനീയറായ ജോർജ്ജ് വെസ്റ്റിങ്ഹൗസാണ് ഈ സംവിധാനം ആദ്യമായി വികസിപ്പിച്ചത്. അതിശയകരമെന്നു പറയട്ടെ, 150 വർഷമായി ഇതേ മാതൃക തന്നെയാണ് ഉപയോഗത്തിലുള്ളത്.
ചങ്ങല വലിക്കുമ്പോൾ ട്രെയിൻ എങ്ങനെ നിൽക്കുന്നു?
എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങൾ ആണ്:
1) പാസ്സഞ്ചർ എമർജൻസി അലാം സിഗ്നൽ ഡിവൈസ്( passenger emergency alarm signal
device) അല്ലെങ്കിൽ PEASD
2) പാസ്സഞ്ചർ എമർജൻസി അലാം വാൽവ്
( passenger emergency alarm valve) അല്ലെങ്കിൽ PEAV.
ഇവ രണ്ടും ട്രെയിനിന്റെ ബ്രേക്ക് പൈപ്പുമായി ( brake pipe) ബന്ധിപ്പിച്ചിട്ടുണ്ട്. ബ്രേക്ക് പൈപ്പിലെ മർദ്ദം ( 5 kg/ cm2)
കുറയുമ്പോൾ ആണ് ബ്രേക്ക് പ്രയോഗിക്കപ്പെടുന്നത്.
ട്രെയിനിലെ ബോഗിയിലെ ഭിത്തിയിൽ കാണുന്ന ആ ചെയിൻ അല്ലെങ്കിൽ ചങ്ങല PEASD സിസ്റ്റത്തിന്റെ ഭാഗമാണ്. യാത്രക്കാരൻ ചങ്ങല വലിക്കുമ്പോൾ PEA വാൽവിലുള്ള വായു മർദ്ദം( air pressure) നഷ്ടമാവുന്നു. അതുവഴി ബ്രേക്ക് പൈപ്പ് (brake pipe) മർദ്ദം നഷ്ടമാവുകയും , ഭാഗികമായി ട്രെയിനിൽ ബ്രേക്ക് പ്രയോഗിക്കപ്പെടുന്നു.
മീറ്ററിലെ മർദ്ദം കുറയുന്നത് ലോക്കോ പൈലറ്റ് ഉടൻ കാണുന്നു.
ഗാർഡിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു സിഗ്നലായി പൈലറ്റ് മൂന്ന് തവണ ഹോൺ മുഴക്കുന്നു.
ട്രെയിൻ നിർത്തിയ ശേഷം, ചങ്ങല വലിച്ച കോച്ചിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ആരെങ്കിലും ചാടിപ്പോകാനോ സംവിധാനം ദുരുപയോഗം ചെയ്യാനോ ശ്രമിച്ചാൽ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ നടപടിയെടുക്കുന്നു.
ആരാണ് ചങ്ങല വലിച്ചതെന്ന് എങ്ങനെ അറിയാം?
ഫ്ലാഷറുകളില്ലാത്ത പഴയ കോച്ചുകളിൽ എവിടെയാണ് എയർ വാൽവ് തുറന്നതെന്ന് കണ്ടെത്താൻ ഗാർഡുകൾ ഓരോ കോച്ചും നേരിട്ട് പരിശോധിക്കുന്നു. എന്നാൽ ആധുനിക ട്രെയിനുകളിൽ കോച്ചുകളിൽ എമർജൻസി ഫ്ലാഷറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് എവിടെയാണ് ചങ്ങല വലിച്ചതെന്ന് സൂചിപ്പിക്കുന്നു.
ഈ സംവിധാനം ഉറപ്പാക്കുന്നത്:
റെയിൽവേ ജീവനക്കാർക്ക് സംഭവങ്ങൾ വേഗത്തിൽ കണ്ടെത്താൻ കഴിയുന്നു.
അനാവശ്യമായ കാലതാമസം ഒഴിവാക്കപ്പെടുന്നു.
ട്രെയിനുകൾക്ക് സുരക്ഷിതമായി യാത്ര പുനരാരംഭിക്കാൻ സാധിക്കുന്നു.
അപായച്ചങ്ങല വലിക്കുന്നത് (എസിപി) ട്രെയിൻ സമയക്രമത്തെ എങ്ങനെ ബാധിക്കുന്നു?
അപായച്ചങ്ങല വലിക്കുന്നതുമൂലമുള്ള അപ്രതീക്ഷിത നിർത്തലുകൾ ട്രെയിൻ ശൃംഖലയുടെ മുഴുവൻ സമയക്രമത്തെയും തടസ്സപ്പെടുത്തുന്നു.
ഒരു ട്രെയിൻ നിർത്തുമ്പോൾ, അത്:
പിന്നിലുള്ള നിരവധി സർവീസുകളെ വൈകിപ്പിക്കാം.
ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കാം.
സ്റ്റേഷനുകളിൽ തിരക്ക് വർധിപ്പിക്കാം.
പുനഃക്രമീകരണത്തിനും വഴിതിരിച്ചുവിടലിനും കാരണമാകാം. ഇത് പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്നു.
സതേൺ റെയിൽവേയുടെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള കാലതാമസങ്ങൾക്ക് ഒരു പ്രധാന കാരണം നിയമവിരുദ്ധമായി ചങ്ങല വലിക്കുന്നതാണ്.
ചങ്ങല വലിക്കാൻ അനുവാദമുള്ള അടിയന്തര സാഹചര്യങ്ങൾ :
അപായച്ചങ്ങലകൾ അടിയന്തര സാഹചര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. താഴെ പറയുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഇത് വലിക്കാവുന്നതാണ്.
കോച്ചിനുള്ളിലെ മെഡിക്കൽ എമർജൻസികൾ.
തീപിടിത്തമോ പുകയോ ശ്രദ്ധയിൽപ്പെട്ടാൽ.
ട്രാക്കിലെ അപകടങ്ങളോ തടസ്സങ്ങളോ
ട്രെയിൻ ഉടൻ നിർത്തേണ്ടിവരുന്ന ഏത് സാഹചര്യത്തിലും.
അപായച്ചങ്ങല ദുരുപയോഗം ചെയ്താലുള്ള ശിക്ഷകൾ :
ഇന്ത്യൻ റെയിൽവേ നിയമം, 1989-ലെ സെക്ഷൻ 141 പ്രകാരം, മതിയായ കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കുറ്റവാളികൾക്ക് നേരിടേണ്ടിവരുന്നത്:
ഒരു വർഷം വരെ തടവ്
1,000 രൂപ പിഴ
അല്ലെങ്കിൽ ഇവ രണ്ടും
ചങ്ങല വലിക്കുന്നതിന് പകരമുള്ള മറ്റ് നടപടികൾ (സാഹചര്യം അടിയന്തരമല്ലെങ്കിൽ) :
നിങ്ങളുടെ കോച്ചിന്റെ ചുമതലയുള്ള ട്രാവലിങ് ടിക്കറ്റ് എക്സാമിനറെ (TTE) അറിയിക്കുക
റെയിൽമദദ് ഹെൽപ്പ് ലൈനായ 139 വഴി പരാതികൾ അറിയിക്കുക
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമായ റെയിൽമദദ് ആപ്പ് ഉപയോഗിക്കുക
