എൽഎൽഎമ്മുകളെ റാങ്ക് ചെയ്യുന്ന ലീഡർബോർഡിലാണ് സീഡ് ഡ്രീം 4.0 ഗൂഗിളിന്റെ നാനോ ബനാനയെ മറികടന്നത്
ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് സീഡ് ഡ്രീം 4.0 എന്ന പുതിയ എഐ ഇമേജ് ജനറേഷൻ ടൂൾ അവതരിപ്പിച്ചു. മികവുറ്റ രീതിയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള കഴിവുകളോടുകൂടിയ എഐ മോഡലാണിത്. ബൈറ്റ് ഡാൻസിന്റെ സീഡ് ഡിപ്പാർട്ട്മെന്റാണ് ഇതിന് പിന്നിൽ. അടുത്തിടെ വൈറലായ ഗൂഗിൾ ഡീപ്പ് മൈന്റിന്റെ നാനോ ബനാന എഐ എന്ന് വിളിക്കപ്പെടുന്ന ജെമിനൈ 2.5 ഫ്ളാഷ് ഇമേജ് മോഡലിനെ മറികടക്കുന്ന സാങ്കേതിക മികവോടെയാണ് seedream 4.0 (സീഡ് ഡ്രീം 4.0) എത്തിയിരിക്കുന്നത്.
സവിശേഷതകൾ
ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷന്, ഇമേജ് എഡിറ്റിംഗ്, റഫറന്സ് അധിഷ്ഠിത ജനറേഷന്, മള്ട്ടി-ഇമേജ് ക്രിയേഷന് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ByteDance Seedream 4.0 (ബൈറ്റ്ഡാൻസ് സീഡ്രീം 4.0) വാഗ്ദാനം ചെയ്യുന്നത്. ഗുണനിലവാരം, വേഗത, ചെലവ് തുടങ്ങിയ മെട്രിക്സുകള് പരിശോധിക്കുന്ന എൽഎൽഎമ്മുകളെ റാങ്ക് ചെയ്യുന്ന ലീഡർബോർഡിലാണ് ജെമിനിയുടെ നാനോ ബനാനയെ (Gemini Nano Banana) മറികടന്ന് ബൈറ്റ്ഡാൻസ് സീഡ്രീം 4.0 ഒന്നാമതെത്തിയത്.
ഇമേജ് എഡിറ്റിംഗ്: ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങളിൽ കൂട്ടിചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റിസ്ഥാപിക്കൽ, പരിഷ്ക്കരിക്കൽ തുടങ്ങിയ ഇമേജ് എഡിറ്റിങ് സൗകര്യങ്ങൾ സീഡ്രീം 4.0 ൽ ലഭ്യമാണ്. എഡിറ്റ് ചെയ്യേണ്ട ചിത്രങ്ങളും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് കൃത്യവും വ്യക്തവും സംക്ഷിപ്തവുമായ ഭാഷ ഉപയോഗിക്കുന്നത് നല്ലതാണ്.
റഫറൻസ് ചിത്രങ്ങളുടെ ഉപയോഗം:
ചിത്രങ്ങൾ മാതൃകയായി നൽകി ആ ചിത്രം അടിസ്ഥാനമാക്കി പുതിയ ആകർഷകമായ ചിത്രങ്ങൾ നിർമിച്ചെടുക്കാൻ ഇതിൽ സാധിക്കും. നാനോ ബനാനയ്ക്ക് സമാനമായ ചിത്രങ്ങൾ അതിനുദാഹരണമാണ്. കഥാപാത്രങ്ങൾ നിർമിച്ചെടുക്കാനും (Character Creation), ഉത്പന്ന രൂപകല്പന ഉൾപ്പടെയുള്ളവ ഇതിൽ സാധ്യമാവും.
മൾട്ടി-ഇമേജ് ഇൻപുട്ടുകൾ ഉപയോഗിക്കുക:
ഒന്നിലധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്ത്. ഓരോ ചിത്രത്തിലേയും ഘടകങ്ങൾ ഉപയോഗപ്പെടുത്തി പുതിയതൊന്ന് നിർമിക്കാൻ ഇതിൽ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഒരു ചിത്രത്തിനൊപ്പം നിങ്ങൾക്കിഷ്ടപ്പെട്ട പാന്റ്സ്, ഷർട്ട്, തൊപ്പി, ഷൂസ് പോലുള്ളവയുടെ ചിത്രങ്ങളും നൽകി ആ വേഷത്തിലുള്ള നിങ്ങളുടെ രൂപം സൃഷ്ടിക്കാൻ ഇതിൽ സാധിക്കും. ഓരോ ചിത്രത്തിലും നിന്ന് എന്ത് റഫറൻസ് ചെയ്യണമെന്നോ എഡിറ്റ് ചെയ്യണമെന്നോ വ്യക്തമായി സൂചിപ്പിക്കണം.
ഇമേജ് സീക്വൻസുകൾ സൃഷ്ടിക്കുക:
ഒരു കഥാപാത്രത്തിന്റെ ഒരേ ശൈലിയിലുള്ള തുടർച്ചയായ ചിത്രങ്ങൾ (സീക്വൻസുകൾ) ഇതിൽ നിർമിച്ചെടുക്കാം. ചിത്രകഥകൾ നിർമിക്കുന്നതിനും വീഡിയോ നിർമിക്കുന്നതിനുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താം.
പ്രോംപ്റ്റുകൾ എങ്ങനെ നൽകാം ?
സ്വാഭാവിക ഭാഷ ഉപയോഗിച്ച് രംഗം വ്യക്തമായി വിവരിക്കുക: വിഷയം, പ്രവൃത്തി, പശ്ചാത്തലം എന്നിവ വിവരിക്കാൻ വ്യക്തമായ ഭാഷ ഉപയോഗിക്കുക. ഒപ്പം ചിത്രത്തിന്റെ ഭംഗി വർധിപ്പിക്കാൻ ശൈലി, നിറം, ലൈറ്റിംഗ് പോലുള്ളവയുടെ വിവരണങ്ങളും ഉൾപ്പെടുത്തുക.
എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കുക:എന്തെങ്കിലും പ്രത്യേക ആവശ്യത്തിനാണ് ചിത്രങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ അക്കാര്യം വ്യക്തമായി പ്രോംപ്റ്റിൽ വിശദീകരിച്ച് നൽകുക.
ചിത്രത്തിന്റെ ശൈലി : ഒരു പ്രത്യേക ശൈലി ആവശ്യമാണെങ്കിൽ, മികച്ച ചിത്രങ്ങൾ ലഭിക്കുന്നതിന് ശൈലികൾക്ക് വേണ്ടിയുള്ള കീവേഡുകളോ റഫറൻസ് ചിത്രങ്ങളോ ഉപയോഗിക്കുക.
ടെക്സ്റ്റ് റെൻഡറിംഗ് മെച്ചപ്പെടുത്തുക: നിർമിക്കുന്ന ചിത്രങ്ങളിൽ ഉണ്ടായിരിക്കണം എന്ന് നിർബന്ധമുള്ള കാര്യങ്ങൾ വിവരിക്കുമ്പോൾ അവയ്ക്ക് ഡബിൾ കൊട്ടേഷൻ മാർക്കുകൾ നൽകുക.
