Rov ഉപയോഗിച്ച് കടലിനടയിൽ നടത്തിയ പരിശോധനയിൽ നിന്നാണ് ബാരലുകൾക്ക് ചുറ്റുമുള്ള പ്രഭാവലയത്തിന്റെ കാരണങ്ങൾ ഗവേഷകർ മനസ്സിലാക്കിയത്.
ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് ഒറ്റയടിക്ക് കടലിലേക്ക് പുറന്തള്ളപ്പെട്ട വലിയ മാലിന്യ ശേഖരത്തിന്റെ പരിണിതഫലങ്ങൾ എത്രത്തോളം ആകുമെന്ന് ആശങ്കയിലാണ് ഇപ്പോൾ ശാസ്ത്രലോകം. 1930 നും 1970 നും ഇടയിലുള്ള കാലഘട്ടത്തിൽ ആയിരക്കണക്കിന് ബാരലുകളാണ് ലൊസാഞ്ചാലസിന് സമീപത്ത് സമുദ്രത്തിലേക്ക് തള്ളിയിടപ്പെട്ടത്. ടൺ കണക്കിന് വ്യാവസായിക മാലിന്യമാണ് ബാരലുകൾക്കുള്ളിൽ കയറിയ നിലയിൽ കടലിലേക്ക് എത്തിയത്. ബാരലുകൾക്കുള്ളിൽ ഡി ഡി ടി ആവാം എന്നതായിരുന്നു പൊതു ധാരണ. എന്നാൽ അതിനുമപ്പുറം മറ്റെന്തെങ്കിലുമാണോ അവയിൽ ഉള്ളത് എന്ന് പരിസ്ഥിതി നിരീക്ഷകരും ഗവേഷകരും ചിന്തിച്ചു തുടങ്ങിയത് ബാരലുകൾക്ക് ചുറ്റും വിചിത്രമായ പ്രഭാവലയങ്ങൾ പ്രത്യക്ഷപ്പെടുന്നത് കണ്ടെത്തിയപ്പോഴാണ്.
ഇതിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിന് മുൻപ് തന്നെ സമുദ്രത്തിനും പ്രകൃതിക്കും ദോഷകരമായി ഭവിച്ചേക്കാവുന്ന എന്തോ ഒന്നാണ് ബാരലുകൾക്കുള്ളിൽ ഉള്ളതെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ അവയ്ക്കുള്ളിൽ എന്താണുള്ളത് എന്ന് കൃത്യമായി തിരിച്ചറിയാനുള്ള ഗവേഷണങ്ങളും ആരംഭിച്ചു. സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ മൈക്രോബയോളജിസ്റ്റായ ജോഹന്ന ഗട്ട്ലെബെൻ അടങ്ങുന്ന ഗവേഷണ സംഘം റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചതിലൂടെ ഇപ്പോൾ പ്രകാശ വലയങ്ങളക്കുറിച്ചുള്ള നിഗൂഢതകളുടെ ചുരുളഴിഞ്ഞു.
ബാരലിനോട് അടുക്കുന്തോറും ഡി ഡി ടിയുടെ അളവ് വർധിക്കുന്നില്ലെന്ന് അവർ കണ്ടെത്തി. അതോടെ ഡി ഡി ടി മലിനീകരണമല്ല സംഭവിക്കുന്നത് എന്ന നിഗമനത്തിൽ എത്തി. സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഡിഎൻഎ അടക്കം പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഒടുവിൽ ബാരൽ ശ്മശാനത്തിൽ നിന്ന് ചോർന്നൊലിക്കുന്ന ചില രാസവസ്തുക്കൾ ആൽക്കലൈൻ മാലിന്യത്തെ സൂചിപ്പിക്കുന്നതാണെന്നും അസിഡിറ്റിയുടെ വിപരീതമായ രാസ സ്വഭാവമുള്ളവയാണെന്നും കണ്ടെത്തി.
ഈ ബാരലുകൾക്ക് സമീപമുള്ള മിക്ക ജീവജാലങ്ങളുടെയും നിലനിൽപ്പിനെ തടയുന്ന വിധത്തിലുള്ള സാന്ദ്രതയാണ് രാസവസ്തുക്കൾക്കുള്ളത്. ബാരലുകൾ പുറന്തള്ളപ്പെട്ട സ്ഥലങ്ങൾ സമുദ്ര ജീവജാലങ്ങൾക്ക് നിലനിൽക്കാൻ കഴിയാത്തത്ര മോശമായ പ്രദേശങ്ങളായി മാറിയിട്ടുണ്ടാവാമെന്ന് ഗവേഷകർ പറയുന്നു.
1930 കൾക്കും 1970 കളുടെ തുടക്കത്തിനും ഇടയിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, റിഫൈനറി മാലിന്യങ്ങൾ, രാസ മാലിന്യങ്ങൾ, എണ്ണ കുഴിച്ചെടുക്കലിന്റെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങൾ, സൈനിക സ്ഫോടകവസ്തുക്കൾ എന്നിവ തെക്കൻ കാലിഫോർണിയയുടെ തീരത്ത് ആഴത്തിലുള്ള 14 മാലിന്യക്കൂമ്പാരങ്ങളിലേക്ക് നിക്ഷേപിച്ചതായി യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി അറിയിച്ചിട്ടുണ്ട്. ആഴക്കടലിൽ നടത്തിയ റോബോട്ട് സർവ്വേയിൽ കടലിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്ന ഡസൻ കണക്കിന് ബാരലുകൾ കണ്ടെത്തിയതായി മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതോടെ 2020ലാണ് ബാരൽ ശ്മശാനം പൊതുജനശ്രദ്ധ ആകർഷിച്ചത്.
ഒടുവിൽ വിചിത്രമായ പ്രഭാവലയങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. ബാരലുകളിൽ നിന്ന് ആൽക്കലൈൻ മാലിന്യങ്ങൾ ചോരുമ്പോൾ അത് വെള്ളത്തിലെ മഗ്നീഷ്യവുമായി പ്രതിപ്രവർത്തിച്ച് ബ്രൂസൈറ്റ് എന്നറിയപ്പെടുന്ന മഗ്നീഷ്യം ഹൈഡ്രോക്സൈഡിന്റെ ഒരു ധാതു രൂപം സൃഷ്ടിക്കുന്നു. ഇതുമൂലം കോൺക്രീറ്റ് പോലെയുള്ള ഒരു പുറംതോട് സൃഷ്ടിക്കപ്പെടും. ഈ ബ്രൂസൈറ്റ് പിന്നീട് സാവധാനത്തിൽ കടൽ വെള്ളവുമായി ലയിക്കുമ്പോൾ കാൽസ്യം കാർബണേറ്റിന്റെ രൂപീകരണത്തിന് കാരണമാകുന്നു, ഇത് ബാരലുകൾക്ക് ചുറ്റും വെളുത്ത പൊടിയായി അടിഞ്ഞുകൂടുന്നു.
എന്നാൽ ഇതുവരെ കടലാഴങ്ങളിൽ നിക്ഷേപിക്കപ്പെട്ട ആകെ ബാരലുകളുടെ എണ്ണവും അവയിൽ ഭൂരിഭാഗവും എന്താണ് ഉൾക്കൊള്ളുന്നത് എന്നതും അജ്ഞാതമായി തുടരുകയാണ്. സമുദ്രജലത്തിൽ വേഗത്തിൽ ലയിക്കുന്നതിനുപകരം അരനൂറ്റാണ്ടിലേറെയായി ആൽക്കലൈൻ മാലിന്യങ്ങൾ നിലനിൽക്കുന്നതിനാൽ ദീർഘകാല പാരിസ്ഥിതിക ആഘാതങ്ങളുള്ള മലിനീകരണ ഘടകമായി ഇതിനെ കണക്കാക്കണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പിഎൻഎഎസ് നെക്സസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
