മലപ്പുറത്ത് സഹപാഠിയുടെ അമ്മയുടെ ജീവന് തിരിച്ചു പിടിക്കാന്‍ ചികിത്സാ ധനസമാഹരണത്തിന് കൂട്ടുകാര്‍ ബക്കറ്റുമായി തെരുവിലിറങ്ങി. പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് സഹപാഠിയുടെ അമ്മയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കാൻ രംഗത്തിറങ്ങിയത്. അവധി ദിവസങ്ങളില്‍ സമയവും പരിശ്രമവും ഉപയോഗപ്പെടുത്തി ഹൈസ്കൂളിലെ 50 ഓളം വിദ്യാര്‍ഥികളാണ് കാരുണ്യ പ്രവര്‍ത്തനത്തിറങ്ങിയത്.
വിദ്യാർത്ഥിയുടെ അമ്മ ഹൈദരാബാദിലെ യശോദ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും എസ്.പി.സി കേഡറ്റുകളും ദൗത്യത്തിന് നേതൃത്വം നല്കിയപ്പോള് 1.54 ലക്ഷം രൂപ ബക്കറ്റ് പിരിവിലൂടെ ശേഖരിച്ചു. ഓരോ സംഘങ്ങളായി തിരിഞ്ഞ് നിലമ്പൂര്‍ കനോലി പ്ലോട്ട്, മമ്പാട് ടൗണ്‍, നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡ്, ചന്തക്കുന്ന് സ്റ്റാന്‍ഡ്, കരിമ്പുഴ ഫോറസ്റ്റ് റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് കലക്ഷന്‍ സംഘടിപ്പിച്ചത്.
അധ്യാപകരായ വി പി സുബൈര്‍, എം കെ സിന്ധു, കെ പി ജയശ്രീ, ജിഷ, റസീന, അനിഷ് എന്നിവരും ചികിത്സാ ധനസഹായ കമ്മിറ്റി ഭാരവാഹികളായ റാഫി മോഡേണ്‍, അഷ്റഫ് മുണ്ടശ്ശേരി, ഇസ്ഹാഖ് അടുക്കത്ത്, ഫവാസ് ചുള്ളിയോട് തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നു.
