കൊതുകുകൾക്ക് 350 അടി ദൂരത്തിൽ നിന്ന് പോലും മനുഷ്യൻറെ ശരീരത്തിൻ ഗന്ധം മനസ്സിലാക്കി അടുത്തേക്ക് വരാൻ കഴിയുമെന്നും പഠനം കണ്ടെത്തി.
കൊതുകുകളുടെ കടിയേൽക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ചിലർക്ക് കൊതുകിന്റെ കടി കൂടുതലായി കിട്ടാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ശാസ്ത്രജ്ഞർ ഒരു പഠനം നടത്തി, അതിൽ നിന്നും ഒരു കാര്യവും കണ്ടെത്തി. കൊതുക് കടിയും ബിയർ (Beer) കുടിക്കുന്നതും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. കൂട്ടത്തിൽ മറ്റുചില കാരണങ്ങളും.കൊതുകുകൾക്ക് മദ്യത്തോട് നേരിട്ട് ആകർഷണമില്ല, എന്നാല്‍, ബിയർ കുടിക്കുന്നത് മൂലം ശരീരഗന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അവയെ ആകർഷിക്കുന്നത്.
റാഡ്ബൗഡ് യൂണിവേഴ്സിറ്റി നിജ്മെഗനിലെ ശാസ്ത്രജ്ഞനായ ഫെലിക്സ് ഹോളിന്റെ നേതൃത്വത്തിൽ നെതർലാൻഡ്സിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്, ഇത് ഗവേഷണ പ്ലാറ്റ്ഫോമായ bioRxiv- ൽ പ്രസിദ്ധീകരിച്ചു. വർഷങ്ങളായി, കൊതുകുകൾ ചില ആളുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ പര്യവേക്ഷണം ചെയ്യുന്നതിനായി, നെതർലാൻഡ്സിലെ ഒരു പ്രധാന സംഗീതോത്സവമായ ലോലാൻഡിൽ ആയിരക്കണക്കിന് കൊതുകുകളും 500 മനുഷ്യരും ഉൾപ്പെട്ട ഒരു പരീക്ഷണം സംഘം നടത്തി.
ഫെസ്റ്റിവൽ സ്ഥലത്ത് ഗവേഷകർ ഒരു താൽക്കാലിക ലാബ് സ്ഥാപിച്ചു. പരീക്ഷണത്തിന് ഭാഗമായവരുടെ ഭക്ഷണം, ശുചിത്വം, പെരുമാറ്റം എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയും അതിനുശേഷം, പങ്കെടുത്തവരോട് കൊതുകുകളുള്ള ഒരു പ്രത്യേക പെട്ടിയിൽ കൈ വെക്കാൻ ആവശ്യപ്പെട്ടു. കൊതുകുകൾക്ക് യഥാർത്ഥത്തിൽ കടിക്കാതെ തന്നെ മനുഷ്യന്റെ ഗന്ധം മനസ്സിലാക്കാൻ കഴിയുന്ന ചെറിയ ദ്വാരങ്ങൾ ആ പെട്ടിക്കുണ്ടായിരുന്നു.
ഓരോരുത്തരുടെയും കൈകളിൽ എത്ര കൊതുകുകൾ വന്നു, എത്ര നേരം നിന്നു എന്നെല്ലാം ഗവേഷകർ ക്യാമറ ഉപയോഗിച്ച് രേഖപ്പെടുത്തി. ആ പരീക്ഷണത്തിൽ ബിയർ കഴിച്ച ആളുകളെ കൊതുകുകൾ 1.35 മടങ്ങ് കൂടുതലായി ആകർഷിക്കുന്നതായി കണ്ടെത്തി. തലേദിവസം മറ്റൊരാളോടൊപ്പം കിടക്ക പങ്കിട്ടവരെയും സൺസ്ക്രീൻ ഉപയോഗിക്കാത്തവരെയും അല്ലെങ്കിൽ പതിവായി കുളിക്കാത്തവരെയും കൊതുകുകൾ കൂടുതലായി ആകർഷിക്കുന്നതായും പഠനം കാണിച്ചു.
ഗവേഷകരുടെ അഭിപ്രായത്തിൽ, കൊതുകുകൾക്ക് മദ്യത്തോട് നേരിട്ട് ആകർഷണമില്ല, മറിച്ച് ബിയർ കുടിക്കുന്നതിന്റെ ഫലമായി ശരീരഗന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അവയെ ആകർഷിക്കുന്നത്. ബിയർ കുടിക്കുന്നവർ കൂടുതൽ ഊർജ്ജസ്വലരാവുകയും, കൂടുതൽ നൃത്തം ചെയ്യുകയും കൂടുതൽ വിയർക്കുകയും ചെയ്യുമെന്നും, ഇത് അവരുടെ ശരീരഗന്ധത്തിൽ മാറ്റം വരുത്തുമെന്നും ഫെലിക്സ് ഹോൾ വിശദീകരിച്ചു. ഈ ഗന്ധവ്യത്യാസം കൊതുകുകളെ വളരെയധികം ആകർഷിക്കുന്നതായി തോന്നിയതായാണ് ഇദ്ദേഹം പറയുന്നത്.
അതിലും ശ്രദ്ധേയമായ കാര്യം, കൊതുകുകൾക്ക് 350 അടി (100 മീറ്ററിൽ കൂടുതൽ) അകലെ നിന്ന് പോലും മനുഷ്യന്റെ ഗന്ധം തിരിച്ചറിയാൻ കഴിയുമെന്ന് പഠനം കണ്ടെത്തി. അതിനാൽ, ആരെങ്കിലും മദ്യപിക്കുകയും അവരുടെ ശരീര ഗന്ധം മാറുകയും ചെയ്താൽ, അവ ഗണ്യമായ ദൂരെ നിന്ന് കൊതുകുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്.
എന്നാല്‍, ഈ കണ്ടെത്തലുകളിൽ ചില പരിമിതികളുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഫെസ്റ്റിവലിൽ വരുന്നവർ സാധാരണയായി ചെറുപ്പക്കാരും നല്ല ആരോഗ്യവാന്മാരുമായതിനാൽ, ഈ ഫലങ്ങൾ കൂടുതൽ ആളുകൾക്ക് ബാധകമാണോ എന്ന് സ്ഥിരീകരിക്കാൻ വിവിധ പ്രായക്കാരും ആരോഗ്യ പശ്ചാത്തലങ്ങളുമുള്ള ആളുകളെ കൂടി ഉൾപ്പെടുത്തി ഗവേഷണം നടത്തേണ്ടത് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
