പലസ്തീനെ (Palestine) സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രയേലിനും പലസ്തീനുമിടയിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രയേലിനുo പലസ്തീനും മികച്ച ഭാവിയുണ്ടാകട്ടെ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ , ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ബ്രിട്ടൺ പാലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു എന്ന് കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രയേലും സ്വതന്ത്രമായ പാലസ്തീനും സാദ്ധ്യമാകണം. ഇത് രണ്ടും ഇപ്പോൾ നമുക്കില്ല. ഇസ്രയേലിലെയും പാലസ്തീനിലെയും സാധാരണ ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്. ഗാസയിലെ മനുഷ്യനിർമ്മിത മാനുഷിക പ്രതിസന്ധി വലിയ ആഴത്തിൽ എത്തിയിരിക്കുന്നു. ഇസ്രയേൽ നടത്തുന്ന കനത്ത ബോംബാക്രമണം, പട്ടിണി, പലായനം ഒന്നും ഒരിക്കലും നീതീകരിക്കാവുന്നതല്ല. പാലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ല. ഹമാസിന് ഭാവിയില്ല. അവർക്ക് സർക്കാരിലോ സുരക്ഷയിലോ ഒരു പങ്കാളിത്തവും ഉണ്ടാവില്ലെന്നും സ്റ്റാർമർ പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു.
പാലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യ ജി7 രാജ്യമാണ് കാനഡ (Canada). പിന്നാലെ ആസ്ട്രേലിയയും (AUSTRALIA) പാലസ്തീനെ അംഗീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാലസ്തിനെ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ആസ്ട്രേലിയക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവയ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
ദ്വിരാഷ്ട്ര പരിഹാരം മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുമെന്ന് പ്രഖ്യാപന വേളയിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
മൂന്നു രാജ്യങ്ങളുടെയും തീരുമാനത്തെ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഹാർദവമായി സ്വാഗതം ചെയ്തു. സമാധാനത്തിലേക്കുള്ള അനിവാര്യവും സുപ്രധാനവുമായ ചവിട്ടുപടിയാണ് ഇതെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള വഴിതുറക്കുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.
എത്രയും പെട്ടെന്ന് വേണ്ടത് ഗസ്സയിൽ വെടിനിർത്തലാണ്. അവിടേക്ക് സഹായം എത്തിക്കലാണ്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുകയാണ്. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ പിൻമാറ്റമാണെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
ചരിത്രം ചുരുക്കത്തിൽ :
1917-ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ പലസ്തീനിൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ വഴിയൊരുക്കിയത് ബ്രിട്ടനാണ്. 1948-ൽ ഇസ്രയേൽ രാഷ്ട്രം പിറന്നു. പലസ്തീൻജനതയ്ക്ക് സ്വന്തമായൊരു രാജ്യം നൽകുമെന്നു പറഞ്ഞെങ്കിലും അത് യഥാർഥ്യമായില്ല. അന്ന് പലസ്തീൻജനതയോടുകാട്ടിയ വഞ്ചനയ്ക്കുള്ള ചെറിയ തിരുത്താണ് ഇപ്പോൾ പലസ്തീൻരാഷ്ട്രത്തിന് ബ്രിട്ടൻ നൽകിയ അംഗീകാരം.
