രണ്ടുവര്‍ഷത്തെ നരകപ്പെയ്ത്തിന് ശമനമുണ്ടാക്കി സമാധാനവഴിയിലേക്ക് നീങ്ങുന്ന ഗാസയില്‍ ബന്ദി മോചനം ഇരുപക്ഷത്തു നിന്നും. ഒരുവശത്ത് തിരികെ ചെല്ലുമ്പോൾ എല്ലാം ഉണ്ട്, പക്ഷേ ഗാസാ നിവാസികൾ അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് വേദനയും ദാരിദ്ര്യവും മുറിവുകളുമായി തിരികെ ചെല്ലുമ്പോൾ കാണുന്നത് 'കൽക്കൂമ്പാരങ്ങൾ' മാത്രം!
ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു. രണ്ട് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറിയത്. ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ (Gaza) സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.
ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവിടങ്ങളിൽ വച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറിയത്. മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേൽ സൈന്യത്തിന് കൈമാറി. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും.
പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഹമാസ് ബന്ദികളെ കൈമാറുന്നതിന് തുടക്കമിട്ടത്. ആദ്യം ഏഴുപേരെയും, പിന്നീട് 13 പേരെയുമാണ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറിയത്.
ഹമാസ് ബന്ദികളെ വിട്ടയച്ചതിനു പിന്നാലെ, പലസ്തീന് തടവുകാരെ ഇസ്രയേലും വിട്ടയച്ചു. സമാധാന പദ്ധതിയുടെ ഭാഗമായി 1968 പലസ്തീന് തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുന്നത്. ഇവരിലേറെയും ഗാസ നിവാസികളാണ്, കുറച്ചുപേര്‍ വെസ്റ്റ് ബാങ്ക് നിവാസികളുമാണ്. പലസ്തീന് തടവുകാരുമായുള്ള ആദ്യ ബസ് വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തി. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാനായി ഗാസയിലും വെസ്റ്റ് ബാങ്കിലുമായി കാത്തിരിക്കുന്നത്.
