പലസ്തീനിലെ വംശഹത്യക്കെതിരെ ആഴ്ചകളായി യൂറോപ്പില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന നോര്‍വേ- ഇസ്രയേല്‍ മത്സരത്തിലും രാഷ്ട്രീയം നിറഞ്ഞുനിന്നു. നോര്‍വേ തലസ്ഥാനമായ ഒസ്ലോയില്‍ നടന്ന മത്സരത്തില്‍ സ്റ്റേഡിയത്തില്‍ പലസ്തീന് പതാകകള്‍ പാറിപ്പറന്നു.
വംശഹത്യക്കെതിരായ ബാനറുകളും കാണികള്‍ ഉയര്‍ത്തി. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എര്‍ലിങ് ഹാളണ്ടിന്റെ നോര്‍വേ ജയിച്ചു. സിറ്റി സ്ട്രൈക്കര്‍ ഹാട്രിക് നേടി.
നൂറില്‍ താഴെ ഇസ്രയേല്‍ അനുകൂലികളാണ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ‘ബോള്‍ സംസാരിക്കട്ടെ’ എന്ന ബാനര്‍ ഉയര്‍ത്തുകയും ഇസ്രയേല്‍ പതാക വീശുകയും ചെയ്തു. സ്റ്റേഡിയത്തിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചുമുണ്ടായിരുന്നു. ഫ്രീ പലസ്തീന് മുദ്രാവാക്യങ്ങള്‍ സ്റ്റേഡിയത്തിലും പുറത്തും മുഴങ്ങി. വന്‍ മാര്‍ജിനില്‍ തോറ്റതോടെ അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ മത്സരിക്കാമെന്ന ഇസ്രയേലിന്റെ മോഹം ഏറെക്കുറെ അസ്തമിച്ചു.
അതിനിടെ, ലൈവ് കൊടുക്കുന്ന ആപ്പ് ഇസ്രയേലിന്റെ പേരിന്റെ സ്ഥാനത്ത് ടോയ്ലെറ്റ് എന്നാണ് നല്‍കിയത്. ഫ്ലാഗിന് പകരം ക്ലോസറ്റിന്റെ പേരും നല്കി.
