ഒറ്റപ്പാലത്തു നിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ചയെ പെരിന്തൽമണ്ണയിൽ വച്ച് കണ്ടെത്തി പുതുജീവൻ നൽകി ഒരുകൂട്ടം ചെറുപ്പക്കാർ. കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് അസ്വാഭാവിക ശബ്ദം കേട്ട് യാത്രക്കാർ കാറിൽ നടത്തിയ പരിശോധനയിൽ ബോണറ്റിൽ കുടുങ്ങിയ പൂച്ചയെ കണ്ടെത്തിയത്. ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച യാതൊരു പോറലുമേൽക്കാതെ കിലോമീറ്ററുകളോളം സഞ്ചരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു.
കാറിന്റെ എൻജിൻ തകരാറാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടാണ് പൂച്ചയുടെ കരച്ചിൽ ആണെന്ന് മനസ്സിലായത്. ഒറ്റപ്പാലം സ്വദേശികളായ അഭിരാമും, ആഷിഖും പെരിന്തൽമണ്ണ സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ രാജീവും ചേർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തിൽ സംഭവം അറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം പൂർത്തിയാക്കി. എൻജിന്റെ ഭാഗങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നിരുന്ന പൂച്ചയെ വളരെ ശ്രദ്ധയോടെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പൂച്ചയെ രക്ഷിച്ചത്.

